ദരിദ്രരില്‍ ദൈവത്തെ കണ്ട കണ്ണുകളായിരുന്നു മദര്‍ തെരേസയുടേത്.ദൈവത്തെ പോലെ അവര്‍ അശരണരെയും ആലംബഹീനരെയും കരുതി,പരിപാലിച്ചു.എല്ലാക്കാലത്തേക്കുമുള്ള പ്രകാശഗോപുരമാണ് മദറിന്റെ  ജീവിതം.

 മദര്‍ തെരേസയെ ഞാന്‍ ആദ്യം കാണുന്നത് 1969 ലാണ്,ബാംഗ്ലൂരില്‍ നടന്ന ഒരു കത്തോലിക്കാസമ്മേളനത്തില്‍. ഞാനന്നൊരു സെമിനാരിക്കാരനായിരുന്നു.മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റി വളര്‍ന്നുവരുന്ന കാലമാണത്. അവരെ കാണാനും സംസാരിക്കാനും കഴിഞ്ഞു.

 1982 ലാണ് പീന്നീട് മദറിനെ കാണുന്നത്.തന്റെ ഒരു ഭവനം സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് മദര്‍ കൊച്ചിയിലെത്തിയതാണ്.അന്നത്തെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അവര്‍ വന്നത്. കേരള കത്തോലിക്ക സഭയുടെ കാര്യാലയമായ പി.ഒ.സി.യുടെ ഡയറക്ടറായിരുന്നു ഞാന്‍.മദറിന്റെ ഒരു പ്രഭാഷണം പി.ഒ.സി.യില്‍ നടത്തിയാല്‍ നന്നായിരിക്കുമെന്ന് തോന്നി.കളക്ടറുമായി ബന്ധപ്പെട്ട് അതിനുള്ള അനുമതി തരപ്പെടുത്തി.

  മദര്‍ പള്ളുരുത്തി സെറ്റില്‍മെന്റ് സന്ദര്‍ശിക്കുന്നിടത്തുചെന്നാണ് പി.ഒ.സി.യിലേക്ക് കൂട്ടിയത്.ഞാന്‍ ചെല്ലുമ്പോള്‍ മദറിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അന്തേവാസികള്‍ക്കുള്ള ചായസത്കാരം നടക്കുകയാണ്.ഓരോ കുട്ടിയുടെയും അടുത്ത് ചെന്ന് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് വിവരങ്ങള്‍ ചോദിച്ച് നീങ്ങുന്ന അവരുടെ സൗമ്യത നിറഞ്ഞ മുഖം ഇപ്പോഴും മനസ്സിലുണ്ട്. ഞാന്‍ മദറിനോട് ചോദിച്ചു''എന്തുപറയുന്നു ഈ കുട്ടികളെക്കുറിച്ച്..??''

 ' ഓ..ഫാദര്‍ നാം ഇനിയുമിനിയും ഇവരെ സ്‌നേഹിക്കേണ്ടേയിരിക്കുന്നു....ഇനിയുമേറെ...''-ഇതായിരുന്നു അവരുടെ മറുപടി.പാലാരിവട്ടം പി.ഒ.സി.യിലേക്കുള്ള യാത്രക്കിടെ വഴിയോരത്ത് ഒരാനയെ കണ്ടപ്പോള്‍ അവര്‍ കാറിന്റെ വേഗം കുറയ്ക്കാന്‍ പറഞ്ഞു.. കൗതുകത്തോടെ ആനയെ നോക്കുന്ന മദറിന്റെ മുഖത്ത് ശുശുസഹജമായ നിഷ്‌കളങ്കത ഞാന്‍ കണ്ടു.പി.ഒ.സി.യിലെ അവരുടെ പ്രഭാഷണം എല്ലാവര്‍ക്കും വലിയ പ്രചോദനമായി.അവര്‍ മടങ്ങിയിട്ടും ആ സൗമ്യസാന്നിദ്ധ്യം പകര്‍ന്ന ഊര്‍ജ്ജം അവിടെ ഓളംവെട്ടി നിന്നു.

     അനാഥര്‍,സമൂഹം തിരസ്‌കരിച്ച മാറാരോഗികള്‍,വയോജനങ്ങള്‍,മാനസികവളര്‍ച്ചയില്ലാത്തവര്‍ തുടങ്ങിയവര്‍ കൂടുതല്‍ കാരുണ്യം അര്‍ഹിക്കുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു.അതിനായി സ്വന്തം ജീവിതം സമര്‍പ്പിക്കുകയും മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയായി മാറുകയും ചെയ്തു. 

   ആ സ്‌നേഹത്തിന് അതിരുകളില്ലായിരുന്നു,പ്രതിഫലേച്ഛയില്ലായിരുന്നു. മൂന്ന് സാരിയും ഒരു ബക്കറ്റും മാത്രമാണ് അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നത്.ബാക്കിയെല്ലാം അശരണരായ ദരിദ്രസഹോദരങ്ങള്‍ക്കായി അവര്‍ സ്വീകരിച്ചു..കൊടുത്തു.ദൈവം അവരോട് കൂടെയുണ്ടായിരുന്നു..ശുശ്രൂഷിച്ചവരിലെല്ലാം ആവര്‍ ദൈവത്തെ കണ്ടു.

    ജനത്തിന്റെ സ്വരം,അത് ദൈവത്തിന്റെ സ്വരം എന്ന ചൊല്ല് മദറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.ലോകം ജീവിച്ചിരുന്ന കാലത്ത് തന്നെ അവരെ വിശുദ്ധയായി കണ്ടു..അതിന്റെ ഔപചാരിക പ്രഖ്യാപനമാണ് സപ്തംബര്‍ നാലിന് ഫ്രാന്‍സീസ് പാപ്പ നിര്‍വ്വഹിക്കുന്നത്.

   മദറിന്റെ ജീവിതം ലോകത്താകമാനം കാരുണ്യപ്രവര്‍ത്തികള്‍ക്ക് ഒരു പുതിയ മാനം പകര്‍ന്നു.അവരുടെ വിശുദ്ധ പദവി പ്രഖ്യാപനം കാരുണ്യത്തിന്റെ പുതിയ സംസ്‌കാരം ലോകത്തിന് പ്രദാനം ചെയ്യും.കരുണയുടെ വര്‍ഷത്തില്‍ കാരുണ്യത്തിന്റെ മഹാസന്ദേശമായി ഈ വിശുദ്ധപദവി പ്രഖ്യാപനം മാറും.