കൊല്‍ക്കത്ത എ.ജെ.സി. ബോസ് റോഡിലെ 54ാം നമ്പര്‍ കെട്ടിടത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത് മദര്‍ തെരേസയുടെ ചിരിക്കുന്ന ചിത്രമാണ്.അതിനു താഴെയുള്ള ബോര്‍ഡില്‍ 'മദര്‍ തെരേസ.എം.സി-ഇന്‍' എന്നെഴുതിയിരിക്കുന്നു.

mother teresa

അതെ.മദര്‍ തെരേസ ഉള്ളിലുണ്ട്.പണ്ടെന്നത്തെയും പോലെ ഇപ്പോഴും.നിത്യനിദ്രയിലാണെന്ന വ്യത്യാസം മാത്രം.അരനൂറ്റാണ്ടോളം മദര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇവിടമാണ് അവരുടെ അന്ത്യവിശ്രമകേന്ദ്രവും.മദര്‍ ഹൗസ് എന്നറിയപ്പെടുന്ന ഈ കെട്ടിടം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവുമാണ്.

  തന്റെ സന്യാസസമൂഹത്തില്‍ ചേര്‍ന്നവരുടെ എണ്ണം 28 ആയി ഉയര്‍ന്നപ്പോഴാണ് അതുവരെ പ്രവര്‍ത്തിച്ചിരുന്ന 14 ക്രീക്ക് ലെയ്ന്‍ കെട്ടിടത്തില്‍ നിന്നും കുറെക്കൂടി സ്ഥലസൗകര്യമുള്ള ഒരു കെട്ടിടം മദര്‍ തിരഞ്ഞത്.അങ്ങിനെ 1953 ഫിബ്രവരിയില്‍ ഇവിടേക്ക് മാറി.അന്ന് രണ്ടു നിലക്കെട്ടിടമായിരുന്ന ഇവിടെ പിന്നീട് രണ്ടു നിലകള്‍ കൂടി പണിതു.300-ഓളം കന്യാസ്ത്രീകള്‍ ഇപ്പോള്‍ ഇവിടെ അന്തേവാസികളായുണ്ട്.വ്യാഴാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ പന്ത്രണ്ടുവരെയും ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ ആറുവരെയും മദര്‍ ഹൗസ് സന്ദര്‍ശിക്കാം.
                       താഴത്തെ നിലയിലാണ് മദറിന്റെ കല്ലറ.ഇതിനോട് ചേര്‍ന്ന് നിത്യേന കുര്‍ബ്ബാനയുണ്ട്.മദറിന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന മ്യൂസിയവും താഴത്തെ നിലയിലുണ്ട്.കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ലഭിച്ച ബഹുമതികളുമെല്ലാം ഇവിടെ കാണാം.

അങ്കണത്തില്‍ നിന്നും കോണിപ്പടികള്‍ കയറിച്ചെന്നാല്‍ ഒരു കൊച്ചുമുറി കാണാം.44 വര്‍ഷം മദറിന്റെ ഓഫീസും കിടപ്പുമുറിയുമെല്ലാമായിരുന്നു ഇത്.ഒരു മേശ,ബെഞ്ച്,കിടക്ക.ഇത്രമാത്രമാണ് ഉപകരണങ്ങള്‍.അടുക്കളയുടെ നേരെ മുകളിലായാണ് ഇതിന്റെ സ്ഥാനം.ചൂട് വളരെ കൂടുതലാണ്.എന്നാലും മദര്‍ ഫാന്‍ ഉപയോഗിച്ചിരുന്നില്ല.കിടക്കയോട് ചേര്‍ന്ന് ക്രിസ്തുവിന്റെ ചില്ലിട്ട ചിത്രവും കുരിശും മുള്‍ക്കിരീടവും കാണാം.ആ ചിത്രത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണ് 1997 സപ്തംബര്‍ 5 ന് രാത്രി ഒമ്പതരയോടെ മദര്‍ ഈ ലോകം വിട്ടുപോയത്.

Room
മദറിന്റെ മുറി

                  ഒന്നാം നിലയിലേക്ക് കയറുമ്പോള്‍ ഇടതുവശത്തായി ഫ്‌ളൈ ഓവര്‍ എന്ന് വിളിക്കുന്ന മൂല കാണാം.തന്റെ സന്ദര്‍ശകരുമായി മദര്‍ സംസാരിക്കാന്‍ ഇരുന്നിരുന്നത് ഇവിടെയാണ്. കാണാന്‍ വരുന്ന ആരെയും മദര്‍ നിരാശരാക്കി വിട്ടില്ല. മരണദിവസവും രാവിലെ അവരെ വീല്‍ചെയറിലിരുത്തി സിസ്റ്റര്‍മാര്‍ ഇവിടെ കൊണ്ടുവന്നിരുന്നു. രണ്ടാം നിലയില്‍ മറ്റൊരു ചാപ്പലുണ്ട്. അതിന്റെ ഒരു കതകിനോട് ചേര്‍ന്ന് ധ്യാനമഗ്നയായ മദറിന്റെ ഒരു പ്രതിമ കാണാം. പ്രാര്‍ത്ഥന നടക്കുമ്പോള്‍ മദറിന്റെ സ്ഥിരമായ ഇരിപ്പിടമായിരുന്നു ഇവിടം. 

mother
Caption

ചാപ്പലിന് പുറത്തുള്ള നോട്ടീസ് ബോര്‍ഡില്‍ അവസാനമായി പിരിയുമ്പോള്‍ അമ്മ ഡ്രാന ബൊഹാക്ഷു മകളായ തെരേസയ്ക്ക് നല്‍കിയ ഉപദേശം എഴുതിവെച്ചിരിക്കുന്നത് കണ്ടു.'യേശുവിന്റെ കൈകളില്‍ നിന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചു മുന്നോട്ടുപോവുക. ഒരിക്കലും തിരിഞ്ഞുനോക്കരുത്.'

kallara
മദറിന്റെ കല്ലറ
kurbana
.കല്ലറയോട് ചേര്‍ന്ന് നടക്കുന്ന കൂര്‍ബ്ബാന

 

mother
ചാപ്പലില്‍ മദര്‍ സ്ഥിരമായി ഇരിക്കാറുള്ള ഇടം.
grotto
അങ്കണത്തിലെ ഗ്രോട്ടോ