mother teresaഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവായത് ദക്ഷിണാഫ്രിക്കയിലെ ഒരു തീവണ്ടിയാത്രയായിരുന്നു.മദര്‍ തെരേസയുടെ ജീവിതവും മാറി മറിഞ്ഞത് ഒരു തീവണ്ടിയാത്രയിലായിരുന്നു.1946 സപ്തംബര്‍ 10നായിരുന്നു ആ സംഭവം.വാര്‍ഷികധ്യാനത്തില്‍ പങ്കുകൊള്ളാന്‍ ഡാര്‍ജിലിങ്ങിലേക്ക് പോവുകയായിരുന്നു ലൊറെറ്റോ മഠത്തിലെ കന്യാസ്ത്രീ ആയിരുന്നു സിസ്റ്റര്‍ തെരേസ.

യാത്രയ്ക്കിടെ അതീന്ദ്രിയമായ ഒരനുഭവം അവര്‍ക്കുണ്ടായി.എല്ലാമുപേക്ഷിച്ച് ദരിദ്രരില്‍ ദരിദ്രരായവരെ സേവിക്കുവാന്‍ അവരിലേക്കിറങ്ങിച്ചെല്ലാന്‍ ദൈവം തന്നോടാവശ്യപ്പെടുന്നതായി അവര്‍ക്ക് തോന്നി.കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഉടന്‍ തന്റെ ആത്മീയവഴികാട്ടിയായ ഫാ.സെലെസ്റ്റെ വാന്‍ എക്‌സമിനോട് സിസ്റ്റര്‍ ഇക്കാര്യം വിശദീകരിച്ചു.ലൊറേറ്റായില്‍ നിന്ന് പുറത്തിറങ്ങി സേവനം ചെയ്യാനുള്ള അനുമതിക്കായി ഒരു അപേക്ഷയും നല്‍കി.പക്ഷെ ലൊറെറ്റോ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറും ആര്‍ച്ച് ബിഷപ്പും ഇക്കാര്യത്തില്‍ ആദ്യം  പ്രോത്സാഹനം നല്‍കിയില്ല.

മഠത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ കഴിയാന്‍ വ്രതമെടുത്തവരാണ് ലൊറേറ്റോ സിസ്റ്റര്‍മാര്‍.അവരില്‍ നിന്നൊരാളെ പുറത്തേക്കയക്കുന്നതെങ്ങിനെയെന്നായിരുന്നു അവരുടെ സംശയം.ഫാ.വാന്‍ എക്‌സമിന്റെ സമ്മര്‍ദ്ദം കൊണ്ട് സിസ്റ്റര്‍ തെരേസയുടെ അപേക്ഷ വത്തിക്കാനിലേക്ക് അയക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഫെര്‍ഡിനാന്റ് പെരിയര്‍ സമ്മതിച്ചു.ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വത്തിക്കാന്‍ ആ അപേക്ഷ അംഗീകരിച്ചു.

ഒരു വര്‍ഷത്തേക്ക് മഠത്തിന് പുറത്ത് പ്രവര്‍ത്തിക്കാനുള്ള താത്ക്കാലിക അനുമതിയായിരുന്നു അത്.പിന്നീട് അത് മൂന്നു വര്‍ഷത്തേക്ക് പുതുക്കി നല്‍കി.അങ്ങിനെ സിസ്റ്റര്‍ തെരേസ അരികില്‍ നീലവരകളുള്ള സാരി പുതിയ വസ്ത്രമായി സ്വീകരിച്ച് ലൊറേറ്റോയ്ക്ക് പുറത്തെത്തി.mother teresa

 സേവനം ചെയ്യണമെന്നതല്ലാതെ അതെങ്ങിനെ വേണം എന്ന് ആദ്യം സിസ്റ്റര്‍ക്ക് രൂപമുണ്ടായിരുന്നില്ല.മോട്ടീഝീല്‍ എന്ന ഏറ്റവും ദരിദ്രമായ കോളനിയില്‍ നിന്നാണ് അവര്‍ തുടക്കം കുറിച്ചത്.അവിടത്തെ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി.മണ്ണില്‍ കമ്പുകൊണ്ടെഴുതിയായിരുന്നു അദ്ധ്യയനം.വിശക്കുന്ന കുട്ടികള്‍ക്ക് തന്റെ ഭക്ഷണം നല്‍കിയും പകര്‍ച്ചവ്യാധി പിടിപെട്ടവരെ ആസ്പത്രിയിലാക്കാന്‍ ശ്രമിച്ചും അലഞ്ഞു നടന്ന അവര്‍ ഒരിക്കല്‍ കുഴഞ്ഞുവീഴുകയും ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനം പ്രത്യേകപരിശീലനത്തോടെ അടുക്കും ചിട്ടയുമായി ചെയ്യാന്‍  സിസ്റ്റര്‍ തേരസയെ പഠിപ്പിച്ചത് പട്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സാണ്.പുഴുവരിക്കുന്ന മുറിവുകള്‍ പോലും വെച്ചുകെട്ടാനും കുത്തിവെക്കാനും പ്രസവമെടുക്കാനുമെല്ലാം അങ്ങിനെ അവര്‍ പഠിച്ചു.

പട്‌നയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഒരു താമസസ്ഥലം തിരഞ്ഞ സിസ്റ്റര്‍ തെരേസയ്ക്ക് 14,ക്രീക്ക് ലെയിനിലെ ഗോമസ് ദമ്പതിമാര്‍ അവരുടെ വീടിന്റെ മുകള്‍ നില നല്‍കി.അപ്പോഴേക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ ലോറെറ്റോയിലെ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ സിസ്‌ററര്‍ തേരെസയ്‌ക്കൊപ്പം ചേര്‍ന്നു.അനുയായികളുടെ എണ്ണം 12 ആയപ്പോള്‍ മദര്‍ വീണ്ടും ഫാ.വാന്‍ എക്‌സമിനെ കണ്ടു.

ഒരു പുതിയ സന്യാസിനി സമൂഹത്തിനുള്ള അപേക്ഷ നല്‍കി.മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍.1815 ന് ശേഷം ഇത്തരത്തിലുള്ള അപേക്ഷകളൊന്നും വത്തിക്കാന്‍ പരിഗണിച്ചിട്ടില്ലെന്നും അനുകൂല തീരുമാനത്തിന് സാദ്ധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.എങ്കിലും ആ അപേക്ഷ അദ്ദേഹം ആര്‍ച്ച് ബിഷപ്പിന് കൈമാറി.ആര്‍ച്ച് ബിഷപ്പ് പെരിയര്‍ അടുത്ത തവണ റോമിന് പോയപ്പോള്‍ ഈ അപേക്ഷയും കൊണ്ടുപോയി.മാസങ്ങള്‍ക്ക് ശേഷം പന്ത്രണ്ടാം പീയുസ് മാര്‍പ്പാപ്പ സിസ്‌ററര്‍ തെരേസയുടെ അപേക്ഷ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.അന്നു മുതല്‍ സിസ്റ്റര്‍ തെരേസ മദര്‍ തേരേസ എന്നറിയപ്പെട്ടു.

ദാരിദ്ര്യം,അനുസരണം,ചാരിത്ര്യം തുടങ്ങി മറ്റ് കന്യാസ്ത്രീകള്‍ക്കുള്ള വ്രതങ്ങള്‍ കൂടാതെ 'ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് പൂര്‍ണമനസ്സോടെയും സൗജന്യമായും സേവനം ചെയ്യും' എന്നൊരു പ്രതിജ്ഞയും കൂടി  മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ചേരുന്ന കന്യാസ്ത്രീകള്‍ എടുക്കേണ്ടതുണ്ട്.അവരുടെ വ്യത്യസ്തതയും അതു തന്നെ.12 അംഗങ്ങളുമായി തുടങ്ങിയ മിഷനറീസ് ഓഫ് ചാരിറ്റി ഇന്ന് 120 രാജ്യങ്ങളില്‍ നാലായിരത്തിലേറെ അംഗങ്ങളുള്ള മഹാപ്രസ്ഥാനമായി വ്യാപിച്ചിരിക്കുന്നു.

 നോബല്‍ സമ്മാനമടക്കം നൂറുകണക്കിന് ദേശീയ,രാജ്യാന്തര ബഹുമതികള്‍ മദര്‍ തെരേസയെ തേടിയെത്തി.തന്റെ പേരിലല്ല,താന്‍ സേവിക്കുന്ന ദരിദ്രജനതയുടെ പേരിലാണ് മദര്‍ അവയൊക്കെയും സ്വീകരിച്ചത്.വിമര്‍ശനങ്ങളുടെ കൂരമ്പുകളും അവര്‍ക്ക് നേരെയുണ്ടായി.മദര്‍ ദാരിദ്ര്യത്തെ മഹത്വവത്ക്കരിക്കുകയാണെന്നും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇല്ലാതാക്കാന്‍ പൊരുതുന്നില്ലെന്നും വിമര്‍ശനങ്ങളുണ്ടായി.

മദറിനോട് അടുപ്പമുണ്ടായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഡൊമിനിക് ലാപിയര്‍ ഒരിക്കല്‍ അവരോട് ചോദിച്ചു:'സമ്പന്നരാജ്യങ്ങള്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന ധനംദരിദ്രരാജ്യങ്ങള്‍ക്കു കൂടി പകുത്തുനല്‍കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ നിരാഹാര സത്യാഗ്രഹമിരുന്നു കൂടെ'?ലോകത്തെ മാറ്റിമറിക്കാനുള്ള സ്വാധീനശക്തിയൊന്നും തനിക്കില്ലെന്നും വ്യക്തികളെ രക്ഷിച്ചെടുക്കാനാണ് തന്റെ ശ്രമമെന്നുമായിരുന്നു മദറിന്റെ വിനീതമായ മറുപടി.