വത്തിക്കാന്‍ സിറ്റി: മദര്‍തെരേസ ദൈവിക കരുണയുടെ ഉത്തമ പ്രതിരൂപമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

ഇല്ലാത്തരുടെ ആവശ്യം നിറവേറ്റുമ്പോള്‍ പങ്കുവെക്കപ്പെടുന്നത് ദൈവത്തിന്റെ കരുണയാണ്. എല്ലാ സമര്‍പ്പണങ്ങളിലും ദൈവം ആവശ്യപ്പെടുന്നത് കരുണയാണ്. അവഗണിക്കപ്പെട്ടവരേയും പിന്തള്ളപ്പെട്ടവരേയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവ കരുണ നിര്‍ലോഭം ചൊരിഞ്ഞ ആളായിരുന്നു മദര്‍ തെരേസ.

റോഡരികില്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരില്‍ ദൈവ മഹത്വം ദര്‍ശിച്ചുകൊണ്ട് മദര്‍ അവരെ ശുശ്രൂഷിച്ചു. ഈ ലോകത്തിന്റെ അധികാരങ്ങള്‍ക്ക് മേലെ മദര്‍ തന്റെ ശബ്ദമുയര്‍ത്തി. അങ്ങനെ സ്വയം സൃഷ്ടിയായ ദാരിദ്ര്യം എന്ന കുറ്റകൃത്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായി. മദര്‍ തെരേസയുടെ ശുശ്രൂഷയ്ക്ക് രുചി വര്‍ധിപ്പിച്ച ഉപ്പ് കരുണയായിരുന്നു. ആ കരുണയായിരുന്നു നിരവധി ആളുകള്‍ക്ക് ഇരുട്ടില്‍ പ്രകാശം ചൊരിഞ്ഞത്. മദറിന്റെ പ്രവര്‍ത്തികള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ദൈവം സമീപസ്ഥനാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മാര്‍പാപ്പ പറഞ്ഞു.

വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തിന്റെ മാനദണ്ഡം ജാതിയോ, മതമോ, വംശമോ, സംസ്‌ക്കാരമോ, ഭാഷയോ നോക്കാതെ എല്ലാവരേയും സ്‌നേഹിക്കുക എന്നതാണെന്ന് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുക്കാന്‍ കരുണയുടെ ഈ സഹയാത്രികയ്ക്ക് സാധിച്ചു.

എനിക്ക് അവരുടെ ഭാഷ സംസാരിക്കാന്‍ സാധിക്കില്ലായിരിക്കും പക്ഷേ എനിക്ക് അവരെ നോക്കി ചിരിക്കാന്‍ സാധിക്കുമെന്ന് മദര്‍ തെരേസ എപ്പോഴും പറയുമായിരുന്നു. അവളുടെ ആ പുഞ്ചിരി നാം മനസില്‍ സൂക്ഷിക്കുകയും നമ്മുടെ ജീവിത യാത്രയില്‍ കണ്ടു മുട്ടുന്നവര്‍ക്ക് സമ്മാനിക്കുകയും ചെയ്യണം. പ്രത്യേകിച്ച് അവശത അനുഭവിക്കുന്നവര്‍ക്ക്. മാര്‍പാപ്പ ഓര്‍മിപ്പിച്ചു.