ചലച്ചിത്രോത്സവങ്ങള്‍ എത്രയോ കണ്ടതാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ സിനിമാസമുച്ചയമായ 'നന്ദന്‍'.പക്ഷെ ആഗസ്ത് 26 മുതല്‍ 29 വരെ അവിടെ നടന്ന ഒരു ചലച്ചിത്രോത്സവം അതിന്റെ ഉള്ളടക്കം കൊണ്ട് തികച്ചും വ്യത്യസ്തമായി.അഗതികളുടെ അമ്മയായ മദര്‍ തെരേസയെക്കുറിച്ചുള്ളതായിരുന്നു ആ ചലച്ചിത്രോത്സവം.

സാധാരണഗതിയില്‍ ബുദ്ധിജീവികളുടെയും സിനിമയെ ഗൗരവതരമായി കാണുന്ന പ്രേക്ഷകരുടെയും സാന്നിദ്ധ്യവും അവരുടെ ചര്‍ച്ചകളും കൊണ്ടാണ് 'നന്ദന'ും പരിസരവും മുഖരിതമാകാറുള്ളത്.എന്നാല്‍ മദര്‍ തെരേസ ചലച്ചിത്രോത്സവത്തിനെത്തിയ പ്രേക്ഷകസമൂഹം വ്യത്യസ്തമായിരുന്നു.സിനിമ കാണല്‍ ജീവിതത്തിന്റെ ഭാഗമല്ലാത്ത മിഷനറീസ് ഓഫ് ചാരിറ്റീസിലെ കന്യാസ്ത്രീകളും അവരുടെ സ്ഥാപനങ്ങളിലെ അന്തേവാസികളും വിദ്യാര്‍ത്ഥികളുമെല്ലാമായിരുന്നു ഇത്തവണ മുഖ്യപ്രേക്ഷകര്‍.ചക്രക്കസേരയിലിരുന്നും അദ്ധ്യാപികമാരുടെ കൈകളില്‍ പിടിച്ചുമെല്ലാം അവര്‍ നന്ദനിലെ സിനിമാഹാളുകളിലേക്കെത്തി.പലര്‍ക്കും ഒരു സിനിമാ തിയേറ്ററിലേക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്.

mother teresa

ഇന്ത്യയുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള 21 ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.മദറിന്റെ ജീവിതയാത്ര പ്രമേയമായ ഫീച്ചര്‍ ചിത്രങ്ങളും മദറിനെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഇതില്‍ ഉള്‍പ്പെടുന്നു.ആന്‍ പെട്രി-ജാനറ്റ് പെട്രി സഹോദരിമാര്‍ സംവിധാനം ചെയ്ത മദര്‍ തെരേസ,ലെഗസി, ബപ്പാ റോയിയുടെയും അഭിജിത് ദാസ്ഗുപ്തയുടെയും മദര്‍ തെരേസയെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററിയായ 'സംതിങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്'(സംവിധാനം:മാല്‍ക്കം മഗറിഡ്ജ്,പീറ്റര്‍ ചാര്‍ട്ടര്‍) മദര്‍ തെരേസയുടെ കത്തുകളെക്കുറിച്ചുള്ള വില്യം റീഡിന്റെ 'ലെറ്റേഴ്‌സ്' തുടങ്ങിയവ ഉള്ളടക്കം കൊണ്ട് ഏറെ ശ്രദ്ധേയമായി.നമ്മളെ കുടുകുടാ ചിരിപ്പിച്ച ചാര്‍ളി ചാപ്‌ളിന്റെ മകള്‍ ജെറാള്‍ഡിന്‍ ചാപ്‌ളിന്‍ മദര്‍ തെരേസയുടെ വേഷത്തില്‍ കണ്ണുനനയിക്കുന്ന ചിത്രമാണ് 'ഇന്‍ ദ നെയിം ഓഫ് ഗോഡ്‌സ് പുവര്‍'.

ഒന്നിലേറെച്ചിത്രങ്ങളില്‍ ശ്രീലങ്കയില്‍ ചിത്രീകരണം നടത്തി കൊല്‍ക്കത്തയായി അവതരിപ്പിച്ചിരിക്കുന്നത് കണ്ടു.തമിഴ് ചുവരെഴുത്തുകളുള്ള തെരുവുകളും മറ്റും കൊല്‍ക്കത്തന്‍ പശ്ചാത്തലായി കാട്ടിയത് അരോചകമായി.ഇന്ത്യയെക്കുറിച്ചുള്ള ക്്‌ളീഷേകളിലൊന്നായ പാമ്പാട്ടിയുടെ ദൃശ്യവും ഒരു ചിത്രത്തില്‍ കണ്ടു.

മദറിന്റെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും ചലച്ചിത്രോത്സവം മറക്കാനാവാത്ത അനുഭവമായെന്ന് മിഷനറീസ് ഓഫ് ചാരിറ്റി പ്രതിനിധി സിസ്റ്റര്‍ ലൈസ സമാപനച്ചടങ്ങില്‍ പറഞ്ഞു.ഇത്തരത്തിലുള്ള കൂടുതല്‍ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് 'നന്ദന്‍' സി.ഇ.ഒ യാദബ് മണ്ഡല്‍ പറഞ്ഞു.ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ലൂക്കാസ് നന്ദി പ്രകാശിപ്പിച്ചു.