വത്തിക്കാന്‍സിറ്റി: കരുണനിറഞ്ഞ ജീവിതത്തിലൂടെ അഗതികള്‍ക്ക് വെളിച്ചമായ പാവങ്ങളുടെ അമ്മ ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ. 

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ 10 ലക്ഷത്തോളം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.  ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ (പ്രാദേശിക സമയം രാവിലെ 10.30) തുടങ്ങിയ ദിവ്യബലിക്കിടെയായിരുന്നു പ്രഖ്യാപനം. സാര്‍വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം. 

ദൈവകരുണയുടെ വര്‍ഷമായി ആചരിക്കുന്നതിനാല്‍ അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രവേശനഗാനത്തോടെയായിരുന്നു നാമകരണച്ചടങ്ങുകള്‍ തുടങ്ങിയത്.

വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, നാമകരണ നടപടിക്രമങ്ങളുടെ ചുമതലയുള്ള പോസ്തുലാത്തോര്‍ ഫാ. ബ്രയാന്‍ എന്നിവര്‍ മാര്‍പാപ്പയ്‌ക്കൊപ്പം സഹകാര്‍മികരായി. ദിവ്യബലിമധ്യേ കര്‍ദിനാള്‍ അമാത്തോ, മദറിനെ വിശുദ്ധ തെരേസയാക്കണമെന്ന് മാര്‍പാപ്പയോട് ഔദ്യോഗികമായി അപേക്ഷിച്ചു. 

തുടര്‍ന്ന് മദറിന്റെ ലഘുജീവചരിത്രം വായിച്ചു. വിശുദ്ധരോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയുമുണ്ടായി. പിന്നീടായിരുന്നു വിശുദ്ധയായി പ്രഖ്യാപിച്ചത്. 

'യേശുക്രിസ്തുവില്‍നിന്ന് തനിക്കുലഭിക്കുന്ന അധികാരത്താല്‍ വിശുദ്ധ പൗലോസ്, പത്രോസ് ശ്ലീഹമാരോടുചേര്‍ന്ന് കൊല്‍ക്കത്തയിലെ തെരേസയെ സാര്‍വത്രികസഭയിലെ വിശുദ്ധയായി പ്രഖ്യാപിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വിശുദ്ധരുടെ ഗണത്തില്‍ തെരേസയെയും ചേര്‍ക്കുന്നു' -ഇങ്ങനെയായിരുന്നു പാപ്പയുടെ പ്രഖ്യാപനം.

2
വിശുദ്ധ നാമകരണച്ചടങ്ങിനുശേഷം വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിച്ച മദര്‍ തെരേസയുടെ ഛായാചിത്രത്തിന് സമീപത്തുകൂടി മടങ്ങുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. ഫോട്ടോ: എ.പി

 

പിന്നാലെ മദര്‍ തെരേസയുടെ രക്തംപുരണ്ട തിരുശേഷിപ്പ് അള്‍ത്താരയിലേക്കെത്തിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലും മദര്‍ തെരേസയുടെ പിന്‍ഗാമിയുമായ സിസ്റ്റര്‍ പ്രേമയാണ് ഇത്  ബലിപീഠത്തിലെത്തിച്ചത്. ജീവിച്ചിരുന്ന കാലത്ത് തന്നെ വിശുദ്ധയെന്ന് ലോകം തിരിച്ചറിഞ്ഞ മദറിന്റെ രക്തം, നേരത്തെതന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ലബനനിലെ ദേവദാരുവില്‍ പ്രത്യേകം തീര്‍ത്ത കുരിശാകൃതിയിലുള്ള ചെപ്പിലാണ് ഇത് സമര്‍പ്പിച്ചത്. അതിനുശേഷം തിരുശേഷിപ്പ് വണക്കവും നടന്നു. 

ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (സി.ബി.സി.ഐ.) അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുള്‍പ്പെടെ 35 മെത്രാന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുളള 11 അംഗസംഘം പങ്കെടുത്തു.