വത്തിക്കാന്‍ സിറ്റി: വിശുദ്ധപദവിയിലേക്ക് മദറിനെ ഉയര്‍ത്തിയ ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേകമായി ഒരുകാര്യം പറഞ്ഞു. 'ഇനി മദറിനെ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നുവിളിക്കാന്‍ പലര്‍ക്കും മനസ്സുവരില്ല.
 
അമ്മയുടെ സ്‌നേഹമസൃണ ഭാവമായി അവര്‍ ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തുടര്‍ന്നും നമുക്ക് ഈ പുണ്യവതിയെ മദര്‍ തെരേസ എന്നുതന്നെ വിളിക്കാം.' ഹര്‍ഷാരവത്തോടെയാണ് തിങ്ങിക്കൂടിയ ജനസഞ്ചയം ഈ പ്രഖ്യാപനം സ്വീകരിച്ചത്.
 
പാപ്പ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗത്തിലില്ലാത്ത വാചകമായിരുന്നു ഇത്. മദറിന്റെ ഉപവി പ്രവര്‍ത്തനങ്ങള്‍ പുതിയ കാലത്തിന് വഴികാട്ടണമെന്നും പാപ്പ ഓര്‍മിപ്പിച്ചു. മദറിന്റെ ഉപവി പ്രവൃത്തികളുടെ സ്മരണ പുതുക്കി അഗതികള്‍ക്കായി പാപ്പ പ്രത്യേകവിരുന്നും ഒരുക്കി. മിലാന്‍, ഫ്‌ളോറന്‍സ്, നേപ്പിള്‍സ്, റോം എന്നിവിടങ്ങളില്‍നിന്നുള്ള 1500 അഗതികള്‍ക്കായി ഏറ്റവും മുന്തിയ ഭക്ഷ്യവിഭവങ്ങളാണ് വിളമ്പിയത്.

20 പാചകക്കാരുടെ സംഘം മൂന്ന് അടുപ്പുകളിലായൊരുക്കിയ സവിശേഷമായ പിറ്റ്‌സ വിളമ്പിയത് മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റീസിലെ 250 കന്യാസ്ത്രീകളും 50 ബ്രദേഴ്‌സും ചേര്‍ന്നാണ്. വിരുന്നില്‍ പങ്കെടുത്ത ഫ്രാന്‍സിസ് പാപ്പ അഗതികള്‍ക്കെല്ലാം സമ്മാനവും നല്‍കി.
 
ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി പാപ്പയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ തലവന്‍ കോണ്‍ട്രാഡ് ക്രജോസ്‌കിയുടെ മേല്‍നോട്ടത്തിലായിരുന്നു വിരുന്ന് ക്രമീകരിച്ചത്.