വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ ഗണത്തിലെത്തുന്ന മൂന്നാമത്തെ തെരേസയാണ് ഭാരതം കര്‍മഭൂമിയാക്കിയ മദര്‍ തെരേസ. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് മദറിനെ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെ.

സ്‌പെയിനില്‍ ആവിലായിലെ തെരേസയാണ് ആദ്യം വിശുദ്ധയായ തെരേസ. കന്യാസ്ത്രീയായ ഇവര്‍ 16-ാം നൂറ്റാണ്ടില്‍ കര്‍മലീത്താ സന്ന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നല്‍കി.

ആവിലായിലെ വിശുദ്ധ തെരേസയെന്നും വിശുദ്ധ അമ്മത്രേസ്യയെന്നും അറിയപ്പെടുന്നു. 1515 -ല്‍ ജനിച്ച അമ്മ ത്രേസ്യ 1582-ലാണ് മരിച്ചത്. ഫ്രഞ്ചുകാരിയായ കര്‍മലീത്താ സന്ന്യാസിനിയായ തെരേസ ഡി ലിസ്യു ആണ് രണ്ടാമത്തേത്. ലിസ്യുവിലെ വിശുദ്ധ തെരേസയെന്നും വിശുദ്ധ കൊച്ചുത്രേസ്യയെന്നും അറിയപ്പെടുന്നു.
 
1873-ല്‍ ജനിച്ച കൊച്ചുത്രേസ്യ 24-ാം വയസ്സില്‍ മരിച്ചു. 1925-ല്‍ 12-ാം പീയൂസ് മാര്‍പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.