കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച മുഹൂര്‍ത്തത്തെ മദറിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കൊല്‍ക്കത്തയിലെ 'മദര്‍ഹൗസ്' വരവേറ്റത് ആഹ്ലാദാരവങ്ങളോടെ. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് പൂര്‍ത്തിയായതോടെ കൈയടിച്ചും പ്രാര്‍ഥനകളുരുവിട്ടും 'മിഷനറീസ് ഓഫ് ചാരിറ്റി'യിലെ കന്യാസ്ത്രീകള്‍ സന്തോഷം പങ്കുവെച്ചു.

പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച കവാടത്തിനുസമീപവും മദര്‍ഹൗസ് അങ്കണത്തിലും മദറിന്റെ വലിയ ഛായാചിത്രങ്ങള്‍ തൂക്കിയിരുന്നു. വിശ്വാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വത്തിക്കാനില്‍നിന്നുള്ള ചടങ്ങുകളുടെ തത്സമയ സംപ്രേഷണം കാണുന്നതിന് സജ്ജീകരണമൊരുക്കിയിരുന്നു.

അന്തര്‍ദേശീയ മാധ്യമങ്ങളടക്കം നിരവധി ദൃശ്യ-പത്ര മാധ്യമങ്ങള്‍ 'മദര്‍ഹൗസി'ലേക്കെത്തി. പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ പ്രതിനിധിയായി നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം മദര്‍ഹൗസിലെത്തി ആദരമറിയിച്ചു.