മദര്‍ തെരേസയെ നേരിട്ടു കണ്ടിട്ടുള്ളത് ഒരിക്കല്‍മാത്രമാണ്, യോഗങ്ങളിലല്ലാതെ. സന്ദര്‍ഭവശാല്‍ അതു കുറെയേറെ സമയം ഒരുമിച്ചു ചെലവഴിക്കലായി. 1986-ലോ 87-ലോ ആണ്, ആതന്‍സില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങിയത് റോം വഴിയായിരുന്നു.

റോമില്‍നിന്നുള്ള വിമാനത്തില്‍ ഞാനിരിക്കുന്നതിന്റെ അടുത്ത സീറ്റില്‍ മദര്‍ തെരേസ! വിമാനത്തിലുള്ള ഒരുപാടുപേര്‍ വന്ന് അനുഗ്രഹം വാങ്ങുന്നു, കഴുത്തിലിട്ടിട്ടുള്ള കുരിശ് അവര്‍ക്ക് ചുംബിക്കാനായി മദര്‍ കൈകളിലെടുത്തു നീട്ടുന്നു. ക്രിസ്ത്യാനികള്‍ മാത്രമല്ല, ഇങ്ങനെവന്ന് അനുഗ്രഹം വാങ്ങുന്നത്. മദറും ക്രിസ്ത്യാനികളെ മാത്രമല്ല പ്രതീക്ഷിക്കുന്നതെന്നതും വ്യക്തം. എല്ലാവരോടും വിശുദ്ധമായ ഒരു അലിവും സ്‌നേഹവും മദറിന്റെ പെരുമാറ്റത്തില്‍നിന്ന് പ്രസരിക്കും.

അടുത്തിരിക്കുന്ന ഇയാള്‍ മാത്രമെന്താ തന്റെ അനുഗ്രഹം തേടാത്തത് എന്നത് മദറിന് കൗതുകമുണ്ടാക്കിയിട്ടുണ്ടാവണം. ജനലരികിലെ സീറ്റിലിരിക്കുന്ന എന്നോടു തിരിഞ്ഞ് മദര്‍ പേരും നാടുമൊക്കെ ചോദിച്ചു. വീട്ടിലാരൊക്കെയുണ്ട് എന്നും എന്തുചെയ്യുന്നെന്നും ചോദിച്ചു. ഒക്കെ ഞാന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന മദറിന് സി.പി.എം. പ്രവര്‍ത്തകനാണെന്നത് അപരിചിതമായ കാര്യമല്ലല്ലോ. എന്റെ പേരുകൊണ്ട് ഞാന്‍ ജനിച്ച മതമൊന്നും മനസ്സിലായിരിക്കാനിടയില്ലെങ്കിലും സി.പി.എം. പ്രവര്‍ത്തകനാണെന്നു പറഞ്ഞതും മദര്‍ തന്റെ കൈയിലുണ്ടായിരുന്ന കാശുരൂപങ്ങളില്‍ ഏഴെട്ടെണ്ണം എടുത്ത് വീട്ടിലുള്ളവര്‍ക്ക് കൊടുക്കാനായി തന്നു. പ്രായമായ ആ അമ്മ കുറച്ചുനേരം കഴിഞ്ഞ് എന്റെ ചുമലില്‍ ചാരിയിരുന്ന് സുഖമായി ഉറങ്ങുകയും ഡല്‍ഹിയില്‍ വിമാനമിറങ്ങിയയുടനെ തന്റെ സ്വതഃസിദ്ധമായ തിരക്കിട്ട വേഗത്തില്‍, എന്തോ അത്യാവശ്യത്തിന് ഓടിപ്പോകുന്നതുപോലെ മറയുകയും ചെയ്തു.  അന്നുമാത്രമല്ല, അതിനു മുമ്പും പിമ്പും എന്നെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു വിസ്മയമായിരുന്നു വിശുദ്ധയായ ഈ മനുഷ്യസ്ത്രീ.

ഉപവിയും കമ്യൂണിസ്റ്റുകാരും

വിസ്മയകരമായിരുന്ന മദറിന്റെ വിശുദ്ധി, കാരുണ്യപ്രവര്‍ത്തനത്തെ അടിസ്ഥാനപരമായിത്തന്നെ ചോദ്യംചെയ്യുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഉപവിയുടെ സഹോദരിമാരുമായി യോജിപ്പിന്റെ വഴിവെട്ടി.
കമ്യൂണിസ്റ്റുകാരുടെ വിപ്ലവപ്രവര്‍ത്തനത്തിന്റെ ചോദനയുടെ അടിസ്ഥാനത്തില്‍ പാവങ്ങളോടുള്ള സഹഭാവം സഹജമാണ്. കാരുണ്യപ്രവര്‍ത്തകര്‍ അശരണര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, കമ്യൂണിസ്റ്റുകാര്‍ പാവങ്ങള്‍ക്കനുകൂലമായി ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നു.

നിരീശ്വരവാദിയായ കമ്യൂണിസ്റ്റുകാരനും ഈശ്വരനാണ് എല്ലാമെന്നു വിശ്വസിക്കുന്ന മദര്‍ തെരേസയും തമ്മിലെന്താണ് ബന്ധം എന്ന് നവീന്‍ ചൗള ഒരിക്കല്‍ ചോദിച്ചപ്പോള്‍, ഒരു പുഞ്ചിരിയോടെ ജ്യോതിബസു പറഞ്ഞുവത്രെ, 'പാവങ്ങളോടുള്ള സ്‌നേഹം ഞങ്ങളിരുവരും പങ്കിടുന്നു'. മദറിന്റെ ജീവചരിത്രകാരനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന നവീന്‍ ചൗള.

ഒരു ദരിദ്രചത്വരത്തിന്റെ നടുവിലെ നഗരമാണ് കൊല്‍ക്കത്ത. അവിടത്തെ തെരുവുകളിലേക്കിറങ്ങി അശരണര്‍ക്ക് അത്താണിയായിനിന്നു എന്നതാണ് മദര്‍ തെരേസ ചെയ്ത ദിവ്യാത്ഭുതപ്രവൃത്തി. മദറിന്റെ ജീവിതമാണത്ഭുതം. അവരുടെ പ്രവൃത്തികളാണത്ഭുതം. 1948-ല്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ ചത്തുമലച്ചുവീഴുന്ന കൊല്‍ക്കത്താ തെരുവിലേക്ക് ഒറ്റയ്ക്കിറങ്ങാനുള്ള അവരുടെ അമാനുഷധീരതയാണത്ഭുതം. ഫ്രാന്‍സിസ് മാര്‍പാപ്പയും കരുതുന്നത് അത്തരത്തിലാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.