mother teresaമേരിക്ക് ഇപ്പോള്‍ 35 വയസ്സുണ്ട്. അവള്‍ക്ക് മാനസികരോഗമുണ്ട്. അതുകൊണ്ട് കല്യാണം നടന്നില്ല. പക്ഷേ, കേരളത്തിലെ മദര്‍ തെരേസയുടെ ഒരു ഭവനത്തില്‍ അതിലെ കുട്ടികളെയും അഗതികളെയും പരിചരിച്ചു സുഖമായി ജീവിക്കുന്നു. മേരിയെ ജനിപ്പിച്ചവരെക്കുറിച്ച് മഠത്തിലുള്ളവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒന്നുമറിയില്ല. കേരളത്തിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞ്.

പോലീസിന്റെ സഹായത്താലാണ് അവള്‍ക്ക് മദറിന്റെ ഒരു ഭവനത്തില്‍ പ്രവേശിക്കാനായത്. ജനിക്കാനും ജീവിക്കാനും ഈ ഭൂമിയില്‍ ഒരു ഇടംകിട്ടില്ലെന്ന വിധിപേറുന്ന ഇത്തരം ലക്ഷങ്ങളാണ് മദര്‍ തെരേസയുടെ 139 രാജ്യങ്ങളിലെ 758 മഠങ്ങളുമായി ബന്ധപ്പെട്ട അഭയഭവനങ്ങളില്‍ ആതിഥ്യവും സ്‌നേഹവും അനുഭവിച്ചു ജീവിക്കുന്നത്. അവരെ ദൈവത്തിന്റെ മക്കളായി പരിപാലിക്കുന്നത് മദര്‍ തെരേസയുടെ 5150 കന്യാസ്ത്രീകളാണ്.

എറണാകുളത്തെ മദര്‍ തെരേസയുടെ ശിശുഭവനം എന്നറിയപ്പെടുന്ന മഠത്തിന്റെ ആത്മീയകാര്യങ്ങള്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായി നിര്‍വഹിക്കുന്ന വ്യക്തിയാണ് ഇതെഴുതുന്നത്.
ചിലപ്പോള്‍ എനിക്കുതോന്നിയിട്ടുണ്ട് ഇവര്‍ക്ക് വട്ടാണെന്ന്. ശരിയാണ്, മദറിനും ദൈവം അയച്ച ഒരു ഭ്രാന്തുണ്ടായിരുന്നു. രണ്ടുപ്രാവശ്യം അവര്‍ ഈ മഠത്തില്‍ വന്നപ്പോള്‍ ഈ ഭ്രാന്തു ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ അനാഥര്‍ക്കു മാത്രമല്ല ജീവിതവഴിയില്‍ ഇടറിയവരും വഞ്ചിതരുമായവര്‍ക്കുള്ള
 അഭയഗേഹമാണിത്.

മദര്‍ തെരേസയെ (1910-1997) കത്തോലിക്കാസഭ വിശുദ്ധയാക്കുകയല്ല, മറിച്ച് അവര്‍ വിശുദ്ധയായിരുന്നു എന്നത് പ്രഖ്യാപിക്കുകയാണ്. വിശുദ്ധയെന്നാല്‍ വാല്മീകി പറഞ്ഞതുപോലെ സര്‍വഗുണസമ്പന്നയായ വ്യക്തി എന്നര്‍ഥം. മഹത്ത്വമാര്‍ന്ന ജീവിതസരണിയില്‍ ജീവിച്ചവള്‍. മദര്‍ തന്നെക്കുറിച്ച് എഴുതിയ ഒരു വാചകം ഉദ്ധരിക്കട്ടെ: 'രക്തംകൊണ്ട് ഞാനൊരു അല്‍ബേനിയക്കാരിയാണ്, പൗരത്വംകൊണ്ട് ഭാരതീയ, വിശ്വാസത്തില്‍ കത്തോലിക്കാ കന്യാസ്ത്രീ, വിളികൊണ്ട് ഞാന്‍ ലോകത്തിനുവേ ണ്ടിയുള്ളവളാണ്. എന്റെ ഹൃദയം യേശുക്രിസ്തുവിന്റെ ഹൃദയത്തിനുള്ളതുമാണ്.' ഈ വാചകം കൃത്യമായ അവരുടെ ജീവിതനിര്‍വചനമാണ്. അതില്‍ വിശ്വാസത്തിന്റെ ദൃഢതയും ലോകത്തിനുവേണ്ടിയുള്ള സമര്‍പ്പണത്തിന്റെ ആവേശവുമുണ്ട്.

മഹത്ത്വപൂര്‍ണമായ ഈ മാനവസേവയിലേക്ക് ഈ സ്ത്രീ എത്തിയ ജീവിതസരണിയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. 'ഈശ്വരന്‍ സര്‍വഭൂതങ്ങളുടെയും ഹൃദ്ദേശത്തില്‍ ഇരുന്നരുളുന്നു' എന്നത് ഗീതാവാക്യമാണ്. പക്ഷേ, പകയുടെ മൂര്‍ത്തിയായ അശ്വത്ഥാമാവ് ഭഗവാന്‍ വ്യാസനോടു പറഞ്ഞതും മറക്കാനാവില്ല. 'ബ്രഹ്മന്‍, അവിടുത്തോടുകൂടി ഞാന്‍ മനുഷ്യരില്‍ ഇരുന്നുകൊള്ളട്ടെ.' ഹെര്‍മന്‍ ഹെസ്സെ എഴുതിയതുപോലെ ദൈവവും പിശാചും തമ്മില്‍ മനുഷ്യഹൃദയത്തില്‍ ഏറ്റുമുട്ടുന്നു. ഇതിന് അപവാദമായിരുന്നില്ല. മദര്‍ തെരേസ എന്ന ആഗ്‌നസ്, താഴോട്ടും മുകളിലോട്ടും രണ്ടുവഴികളല്ല ഒറ്റവഴിയാണ്. ഈ വഴിയിലാണ് എല്ലാവരും.

മദര്‍ തെരേസയെ ഒരു അവതാരമാക്കാനോ അമാനുഷയാക്കാനോ അല്ല ഈ നാമകരണം. പ്രലോഭനസംഘര്‍ഷങ്ങളിലൂടെ ജീവിതത്തിന്റെ സ്ഫുടപാകത്തിന്റെ പാലാഴിമഥനസരണി സൃഷ്ടിച്ച കഥയ്ക്ക് വീരോചിത അംഗീകാരം മുദ്രവെക്കുക മാത്രമാണ് സഭ ചെയ്യുന്നത്. ആ വഴിയാണ് ജീവിതവഴിക്ക് പാഠമായി നല്കപ്പെടുന്നത്. മറിച്ച് ഒരു വിഗ്രഹവും ഒരു നേര്‍ച്ചപ്പെട്ടിയും കിട്ടും എന്നുകരുതുന്നവര്‍ കടുത്ത വഞ്ചനയില്‍പ്പെടുന്നു.

ദൈവസ്‌നേഹത്തിന്റെ ഭ്രാന്തായിരുന്നു അവരെ ബാധിച്ചത്. പ്ലേറ്റോയാണ് ദാര്‍ശ നികമായ ഭ്രാന്തിനെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തി. അദ്ദേഹം രണ്ടുതരം ഭ്രാന്തിനെക്കുറിച്ചാണ് എഴുതിയത്. മാനവന്റെ രോഗാതുരാവസ്ഥകൊണ്ടുണ്ടാകുന്ന ഭ്രാന്ത്, മനുഷ്യജീവിത പെരുമാറ്റത്തില്‍ ദൈവികപ്രേരണമൂലമുണ്ടാകുന്ന ഭ്രാന്തും. ഇതു നാലു രൂപങ്ങളിലാണ് കവി, പ്രവാചകര്‍, മിസ്റ്റിക്, സ്‌നേഹഗായകര്‍. ഇതില്‍ മദര്‍ തെരേസ നാലാമത്തെ രൂപമാണ്. ഒതുങ്ങാത്തതും ഒടുങ്ങാത്തതുമായ സ്‌നേഹത്തിന്റെ ഭ്രാന്തുണ്ടാക്കിയ മഹാത്ഭുതമായിരുന്നു ആ ജീവിതം, ആ ഭ്രാന്തിന്റെ മഹത്ത്വം അതിനുകൊടുത്ത സഹനത്തിന്റെയും മരണത്തിന്റെയും വിലയാണ്.