2016 സെപ്തംബര്‍ നാല് ഭാരതീയരായ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന സുദിനമാണ്. ജന്മംകൊണ്ട് ഇന്ത്യക്കാരിയല്ലെങ്കിലും കര്‍മ്മംകൊണ്ട് ഭാരതത്തിന്റെ പ്രിയ മകളായി മാറിയ മദര്‍തെരേസ എന്ന അഗതികളുടെ അമ്മയ്ക്ക് 'വിശുദ്ധ' എന്ന ആത്മീയപദവി പ്രഖ്യാപിക്കപ്പെടുന്ന ദിവസമാണ് അന്ന്. 

അവിഭക്തഹൃദയത്തോടെ, ഈശ്വരസേവ മാനവസേവയാക്കി മാറ്റിയ ഈ പുണ്യചരിത 'കരുണ' എന്ന ദൈവീകസുകൃതത്തെ, തന്റെ ജീവിതംവഴി ലോകത്തിന്  പരിചയപ്പെടുത്തി. ഓരോ മനുഷ്യവ്യക്തിക്കും അന്തസ്സോടെ ജീവിക്കാനും മരിക്കാനും അവകാശമുണ്ടെന്ന ശക്തമായ ബോധ്യത്തില്‍ നിന്നാണ് മദര്‍ അഗതിശുശ്രൂഷ തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്. 

കൊല്‍ക്കത്തായിലെ പ്രശസ്തമായ ലോറേറ്റ ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം വലിച്ചെറിഞ്ഞുകൊണ്ടാണ് മദര്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സാധുജനസേവനം ഹൃദയത്തിലേറ്റിയത്. 'വിശുദ്ധ' എന്ന പദവി നല്‍കി ആത്മീയലോകം മദറിനെ വണങ്ങുന്ന വേളയില്‍ മദര്‍ തെരേസ എന്ന തുറന്ന ഗ്രന്ഥത്തെ ലോകം പുനര്‍വായനക്ക് വിധേയമാക്കുന്നു.

യുഗോസ്ലാവിയായിലെ, ആഡ്രിയന്‍ കടല്‍ത്തീരത്തുള്ള സ്‌ക്കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍ 1910 ആഗസ്റ്റ്  26 നാണ് ആഗ്‌നസ് എന്ന പൂര്‍വ്വാശ്രമനാമമുള്ള മദര്‍ തെരേസ ജനിച്ചത്.   സാമാന്യം  നല്ല സാമ്പത്തികശേഷിയും സമൂഹത്തിന്റെ സ്വീകാര്യതയും ഉള്ള കുടുംബം. 

പിതാവ് നിക്കോളസ്, അമ്മ ഡ്രാണഫില്‍.  ആ മാതാപിതാക്കള്‍ക്ക്  ആഗ്‌നസ്  അടക്കം മൂന്ന് മക്കളായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലറായ പിതാവിന്റെ വളര്‍ച്ചയിലുള്ള അസൂയമൂലം, 45-ാം വയസ്സില്‍, ചതിപ്രയോഗത്തില്‍ അദ്ദേഹം  വധിക്കപ്പെട്ടു. തുടര്‍ന്ന് ബിസിനസ്സും വസ്തുവകകളുമെല്ലാം കുടുംബത്തിന് നഷ്ടമായി.  അമ്മയും പറക്കമുറ്റാത്ത മൂന്ന് മക്കളും. മക്കളെ പോറ്റാനായി അമ്മ തുന്നല്‍പണിയടക്കം മറ്റ് പല ജോലികളും ചെയ്തു.  

ക്ലേശകരമായ  ബാല്യകാല അനുഭവങ്ങള്‍ ആഗ്‌നസ്  എന്ന കൊച്ചുബാലികയെ അതിശക്തമായി സ്വാധീനിച്ചതായി മദറിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാം.  പ്രതിസന്ധിയില്‍ തളരാതെ, പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സ്വന്തം അമ്മയ്ക്കുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യം മദറിന് ലഭിച്ച അമ്മയുടെ ഭാഗാധാരമായി കാണണം. വിപരീത സാഹചര്യങ്ങളെ പഴിക്കാതെ  സൗമ്യമായി  നേരിടാനുള്ള ആദ്യപാഠം സ്വന്തം അമ്മയുടെ മാതൃകയില്‍നിന്ന് പഠിച്ചു. 

എത്ര ചെറുതെങ്കിലും ഉള്ളതില്‍ ഒരു പങ്ക് ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നതിലാണ് യഥാര്‍ത്ഥ ആനന്ദമെന്നും അമ്മ മകളെ പഠിപ്പിച്ചു. ദാരിദ്ര്യവും നിസ്സഹായതയും നിലനില്‍ക്കുമ്പോള്‍ത്തന്നെ, അമ്മയുടെ ഒരു പ്രത്യേക പ്രവര്‍ത്തനശൈലി ആഗനസ്സിന്റെ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

അമ്മ പലപ്പോഴും വീട്ടില്‍നിന്നിറങ്ങി മറ്റെങ്ങോട്ടോ പോകുന്നത് ആഗ്‌നസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൗതുകം മൂലം ഒരു ദിവസം ബാലിക അമ്മയെ അനുഗമിച്ചു.  ഒരു ചെറിയ വീട്ടിലേക്കാണ് അമ്മ കയറിപ്പോയത്.  അമ്മ ആ വീട്ടില്‍ ഏകയായി താമസിക്കുന്ന വൃദ്ധയെ കുളിപ്പിക്കുന്നതും മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കികൊടുക്കുന്നതുമാണ് കണ്ടത്.  വര്‍ഷങ്ങള്‍ക്കുശേഷം  മദര്‍ തെരേസ  കൊല്‍ക്കത്തായിലെ അഗതികള്‍ക്കുവേണ്ടി ചെയ്തതും ബാല്യത്തില്‍ മനസ്സില്‍കുറിച്ചിട്ട ഈ മാതൃകത്തന്നെയല്ലേ!

ഡോക്ടര്‍ ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ എന്ന ഡോക്ടറും പാതിരിയുമായ മിഷണറിയെപ്പോലെ ഇരുണ്ട ഭൂഖണ്ഡത്തില്‍പോയി സേവനമനുഷ്ഠിക്കുകയെന്ന ആഗ്രഹം ചെറുപ്പത്തില്‍ത്തന്നെ ആഗ്‌നസിന്  ഉണ്ടായിരുന്നു. പിന്നീടാണ് ഭാരതത്തെകുറിച്ചറിയുന്നത്.  കടിച്ചമര്‍ത്തിയ വേദനയോടെ സ്വന്തം  അമ്മ മകളെ അനുഗ്രഹിച്ചുയാത്രയാക്കി.

 18-ാം വയസ്സില്‍ അമ്മയോട് യാത്ര പറഞ്ഞ ആ നിമിഷത്തിനുശേഷം പിന്നീട് അവര്‍ ഒരിക്കല്‍പോലും അമ്മയെ കണ്ടിട്ടില്ല. 

സന്യാസ അഭിഷേകത്തിനുശേഷം കൊല്‍ക്കത്തായിലെ ലോറേറ്റോ സ്‌കൂളില്‍ ആദ്യം അധ്യാപികയും  പിന്നീട് പ്രധാനാധ്യാപികയുമായി. പക്ഷെ അപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. വല്ലപ്പോഴും സ്‌ക്കൂളിനു പുറത്തുപോകുമ്പോള്‍ കണ്ട മഹാനഗരത്തിന്റെ ദാരിദ്ര്യം ആ കന്യാസ്ത്രീയില്‍ വേറിട്ട ചിന്തകളുടെ വിത്തുപാകി.  സ്‌കൂളിന്റെ സുരക്ഷിതത്വം  അനുഭവിച്ച് ജീവിക്കുന്നത്, ദരിദ്രരോടുള്ള നീതി നിഷേധത്തിന് തുല്യമായിരിക്കും. 

ഈ ഘട്ടത്തില്‍ വിദേശിയായ ഈ യുവസന്ന്യാസിനി അസാധാരണമായ ധീരതയോടെ ഒരു തീരുമാനമെടുത്തു - സാധുജനസംരക്ഷണാര്‍ത്ഥം  കന്യാകാമഠത്തിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ച് തെരുവിന്റെ മക്കള്‍ക്കായി സ്വയം പ്രതിഷ്ഠിക്കുക. ഈശ്വരനും തന്റെ ബോധ്യവും മാത്രം തുണ.  ചില സുമനസ്സുകള്‍ അവര്‍ക്ക് താമസിക്കനൊരു ഇടം കൊടുത്തു.  തന്റെ ശിഷ്യരായിരുന്ന ഒന്നോ രണ്ടോ പേര്‍ അപ്പോഴേക്കും സഹായത്തിനെത്തി

.  കാളിഘട്ട് ക്ഷേത്രത്തിനടുത്തുള്ള 'നിര്‍മ്മല്‍ ഹൃദയ്' എന്ന കെട്ടിടം മദറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചത് വലിയ ആശ്വാസമായി.  അപ്പോഴേക്കും,  മദറിന്റെ മാതൃകയില്‍ ആകൃഷ്ടരായി ഏതാനും യുവതികള്‍  അവരുടെ സന്ന്യാസസമൂഹത്തില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തോട്ടിപണിക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കിയ നീല ബോര്‍ഡറുള്ള സാരി സന്ന്യാസസമൂഹം ഔദ്യോഗിക വസ്ത്രമായി തീരുമാനിച്ചതുത്തന്നെ ഒരു സന്ദേശമായിരുന്നു - അഗതികളുടെ സംരക്ഷണാര്‍ത്ഥം എത്ര മോശമായ ജോലികള്‍ക്കും ഞങ്ങള്‍ തയ്യാര്‍.
 
പലവിധ എതിര്‍പ്പുകളുമുണ്ടായി.  പക്ഷെ കാളിഘട്ടിലെ പൂജാരിക്ക് തന്നെ  മദറിന്റെ സേവനം  ആവശ്യമായിവന്നു. ക്ഷയരോഗംമൂലം സര്‍വ്വരും അദ്ദേഹത്തെ ഉപേക്ഷിച്ചു. മദറിന്റെ സ്‌നേഹസംരക്ഷണത്തില്‍ രോഗവിമുക്തനായ അദ്ദേഹം പൂജകള്‍ക്കായി ക്ഷേത്രത്തിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ സാക്ഷ്യം മദറിന്റെ  സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.  ബി. ബി.സി.ക്കുവേണ്ടി  മിഷണറീസ് ഓഫ് ചാരിറ്റിയുടെ  പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യാനെത്തിയ മാല്‍ക്കം മഗറിജ് മുതല്‍ പല രാഷ്ട്രനേതാക്കളും മദറിന്റെ  പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകവഴി അവരുടെ സേവനമേഖല ലോകം മുഴുവന്‍ വ്യാപിച്ചു.

  വെറും മൂന്ന് കോട്ടണ്‍ സാരിയും ഒരു സ്റ്റീല്‍പാത്രവും ഒരു ഗ്ലാസ്സും മാത്രം സ്വന്തമായി  ഉപയോഗിച്ചിരുന്ന ഈ സന്യാസസമൂഹത്തില്‍ അംഗങ്ങളാകാനും താഴ്ന്ന ജോലികള്‍ ചെയ്യാനും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരടക്കം നൂറു കണക്കിനു യുവതികളാണ് മുന്നോട്ട് വന്നിരുന്നത്. മദറിന്റെ മരണശേഷവും  സമൂഹത്തിന്റെ അംഗസംഖ്യ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. പാവങ്ങളെ ശുശ്രൂഷിക്കുന്നതിന് മദര്‍  തെരേസക്ക്  പ്രചോദനമായിരുന്നത്  ദരിദ്രനായി  പുല്‍ക്കൂട്ടില്‍ പിറന്ന യേശുക്രിസ്തുവെന്ന തന്റെ   ഗുരുനാഥനായിരുന്നു.

മദറിന്റെ സേവനത്തെ മുന്‍നിറുത്തി നിരവധി പുരസ്‌ക്കാരങ്ങള്‍ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. ഭാരതരത്‌നം, മാഗ്‌സാഡെ അവാര്‍ഡ്, സമാധാനത്തിനുള്ള നോബല്‍ സമ്മാനം എന്നിവ ചിലതു മാത്രം.  സന്ന്യാസിനി എന്ന നിലയില്‍  പുരസ്‌ക്കാരങ്ങള്‍  സ്വീകരിക്കാന്‍ ആദ്യകാലങ്ങളില്‍ മദര്‍ വൈമുഖ്യം കാട്ടി. എന്നാല്‍ സഭാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച്  സമ്മാനങ്ങള്‍  പിന്നീട്  സ്വീകരിക്കുകയുണ്ടായി; പക്ഷെ ലഭിക്കുന്ന പണം മുഴുവനും തന്റെ രോഗികള്‍ക്കായി  സമര്‍പ്പിച്ചു. തിരിഞ്ഞുനോക്കാന്‍ ആരും ഇല്ലാത്തവരാണ് അംഗീകാരത്തിന്റെ അവകാശി എന്നതായിരുന്നു മദര്‍ തെരേസയുടെ നിലപാട്.

തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡിനെകുറിച്ച് മദര്‍ വിവരിക്കുന്നത് വളരെ  ഹൃദയസ്പര്‍ശിയാണ്! ഒരു ദിവസം വൈകീട്ട് ഒന്‍മ്പതു മണി കഴിഞ്ഞുകാണും, മദറിനെ കാണണമെന്ന ആവശ്യവുമായി ഒരു യാചകന്‍ കോണ്‍വെന്റിലെത്തി. മറ്റ് സിസ്റ്റേഴ്‌സ് അയാള്‍ അഭയംതേടി വന്നതാണെന്ന് കരുതി ഭക്ഷണം നല്‍കി, താമസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആരംഭിച്ചു. 

 പക്ഷേ അയാള്‍ മദറിനെ ഇപ്പോള്‍ത്തന്നെ കാണണമെന്ന് നിര്‍ബന്ധിച്ച് ഒച്ചവെയ്ക്കുകയായിരുന്നു. ആശ്രമത്തില്‍ പ്രാര്‍ത്ഥനാസമയമായിരുന്നതിനാല്‍ മദറിനെ ഇപ്പോള്‍ കാണാനാവില്ല എന്ന അറിയിപ്പൊന്നും ഫലം ചെയ്തില്ല. അവസാനം  ബഹളംകേട്ട്  മദര്‍തന്നെ പുറത്തേക്ക് വന്നു. യാചകന്‍ അരക്കെട്ടില്‍നിന്ന് ഒരു പൊതിയെടുത്ത് മദറിനുനേരേ നീട്ടി - ഇന്ന് മുഴുവന്‍ യാചിച്ചുകിട്ടിയ  പണമാണിത്. 

ഇത് അമ്മയെ നേരില്‍കണ്ട്  നല്‍കണമെന്ന ആഗ്രഹം കൊണ്ട്  ദൂരസ്ഥലത്തുനിന്ന് നടന്ന് വന്നതുകൊണ്ടാണ് വൈകിയത് എന്ന ക്ഷമാപണവും. അത്ഭുതത്തോടെ ഒരു നിമിഷം യാചകനെ കടാക്ഷിച്ച അമ്മ, അയാളുടെ  മുമ്പില്‍ മുട്ടുകുത്തി ആ സംഭാവന ഏറ്റുവാങ്ങി  നന്ദി പറഞ്ഞു. എനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളെക്കാള്‍ ഏറ്റവും വിലയേറിയതും ശ്രേഷ്ഠവുമായ സമ്മാനം ഇതായിരുന്നുവെന്ന് മദര്‍ തെരേസ പിന്നീട് പലപ്പോഴും പരാമര്‍ശിക്കുകയുണ്ടായിട്ടുണ്ട്.

പണത്തേക്കാള്‍ സ്‌നേഹത്തിനും വ്യക്തി സമര്‍പ്പണത്തിനും മദര്‍ നല്‍കിയിരുന്ന ഉയര്‍ന്ന സ്ഥാനം ഇതില്‍നിന്ന് വ്യക്തമാണല്ലോ. തന്റെ മാതൃകയായ യേശുക്രിസ്തു പുകഴ്ത്തിപ്പറഞ്ഞ 'വിധവയുടെ  ചില്ലിക്കാശ്' ഈ സംഭവത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

സാമൂഹികസേവനത്തില്‍ മദര്‍ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗം പഴഞ്ചനാണെന്നും  ദാരിദ്ര്യത്തിന് കാരണമായ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ സമരം നയിക്കുകയാണ് വേണ്ടതെന്നും വിമര്‍ശിക്കാന്‍  അക്കാദമിക് താല്‍പ്പര്യമുള്ള ചിലര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. വിശക്കുന്നവന്റെയും രോഗിയുടെയും  മുമ്പില്‍ അതൊന്നും പ്രഥമപരിഗണന അര്‍ഹിക്കുന്നില്ലയെന്ന നിശബ്ദപ്രതികരണവുമായി മദര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. 

മദറിന്റെ വാക്കുകള്‍ ഐക്യരാഷ്ട്രസഭ എത്രയോ ആദരവോടെയാണ് ശ്രവിച്ചത്. രാഷ്ട്രങ്ങള്‍ ആരോഗ്യസംരക്ഷണത്തിനും മറ്റും വന്‍ തുകകള്‍ ചെലവഴിച്ചിട്ടും, കരുണയും കരുതലും ബന്ധപ്പെട്ടവര്‍ക്ക്  ഇല്ലാത്തതുകൊണ്ട് അഗതികളുടെ സ്ഥിതി മെച്ചപ്പെട്ടില്ല. പല രാഷ്ട്രതലവന്‍മാരും അഗതികേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മദറിന്റെ മിഷണറീസ് ഓഫ് ചാരിറ്റിയെ ക്ഷണിച്ചുകൊണ്ടുപോയ ചരിത്രം നമുക്കറിയാമല്ലോ. 

ഉപേക്ഷിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അവിവാഹിതരായ അമ്മമാരും ഇന്നും വീടുകളില്‍നിന്ന്  അടിച്ചിറക്കപ്പെടുന്നു; വൃദ്ധജനങ്ങളെ  സ്വന്തം മക്കള്‍ അവഗണിക്കുന്നു, നിത്യരോഗികള്‍, മാനസികവൈകല്യമുള്ളവര്‍ എന്നിവരെ പരിഗണിക്കാനും അഭയം നല്‍കാനും ആരുമില്ലാതെ വരുന്നു - വികസനവും പുരോഗമനവും മാത്രം ലക്ഷ്യമാക്കുന്ന ലോകത്തിന് ഉത്തരം നല്‍കാനാവാത്ത ചോദ്യമായി അത് അവശേഷിക്കുന്നു.

ഇവിടെയാണ് മദര്‍ തെരേസയെകുറിച്ചുള്ള  ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുന്നത്. വലിയ സൗകര്യമുള്ള  ആസ്പത്രികളിലെ വിലയേറിയ യന്ത്രസംവിധാനങ്ങള്‍കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല അഗതികളുടെ വേദന. ദാരിദ്ര്യം,   തൊഴിലില്ലായ്മ, മതതീവ്രവാദം എന്നിവ മൂലം അഭയാര്‍ത്ഥികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ദുര്‍ബലര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണമെന്ന മദറിന്റെ നിലപാട് പ്രസക്തമാകുന്നു.

ജാതി-മത-പ്രദേശ സീമകള്‍ക്കപ്പുറമുള്ള മനുഷ്യത്വത്തിന്റെ സമതലത്തിലാണ് മദര്‍ എന്നും നിലയുറപ്പിച്ചിരുന്നത്.ഒരു ഭാഗത്ത് ദാരിദ്ര്യവും അനാഥത്വവും, മറുഭാഗത്ത് ധൂര്‍ത്തും ചൂഷണവും ലോകത്തിന്റെ അവസ്ഥ ഇന്നും ഇതൊക്കെത്തന്നെയാണ്. ഈ സാഹചര്യത്തില്‍  മാതൃഹൃദയമുള്ള  വ്യക്തികളെ  നമുക്ക് ആവശ്യമുണ്ട്. എല്ലാ വേദനകളും ഉള്‍ക്കൊള്ളാന്‍ വിശാലമായ ഹൃദയമുള്ള വ്യക്തികളെ നമുക്ക് ആവശ്യമുണ്ട്. 

ദൈവത്തെ ആരും നേരില്‍ കണ്ടിട്ടില്ല. മനുഷ്യന്‍ ദൈവസ്‌നേഹം അനുഭവിക്കുന്ന മദറിനെപ്പോലെ,  അമ്മ ഹൃദയം സ്വന്തമാക്കിയവരിലൂടെയാണ് സ്വയം വ്യയം ചെയ്യാനുള്ള അഭിവാഞ്ജ ഇത്തരക്കാരെ  തിരിച്ചറിയാനുള്ള അത്മപരീക്ഷണമാണ്. നേതാക്കന്‍മാര്‍ ആത്മപരിശോധന ചെയ്യട്ടെ - തങ്ങള്‍ നേടിയോ. നഷ്ടപ്പെടുത്തിയോ?

ലോകം പല മേഖലകളിലും വന്‍പുരോഗതിനേടുന്നു; എന്നാല്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ നിസ്സഹായത അനുഭവിക്കുന്നു - ദാരിദ്ര്യം, മതതീവ്രവാദം, ആധിപത്യത്തിനായുള്ള കിടമത്സരം, രോഗങ്ങള്‍ - ഇങ്ങനെ ലോകം വിഭജിതമാകുമ്പോള്‍ മനുഷ്യമനസ്സില്‍ നിസ്സഹായവസ്ഥ അനുഭവിക്കുന്നു. മന:സമാധാനം നഷ്ടപ്പെടുന്നു. 

ഇത് ഒരു പ്രദേശത്തിന്റെയോ മതത്തിന്റെയോ മാത്രം പ്രശ്‌നമല്ല. രാഷ്ട്രങ്ങള്‍ക്കോ മതങ്ങള്‍ക്കോ ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ആവുന്നില്ല. ഇവിടെ പ്രസക്തമാകുന്നത് കരുണ എന്ന ശ്രേഷ്ഠവികാരമാണ്. കാരുണ്യപ്രവര്‍ത്തനശൈലിയുടെ വിജയമാണ് മദര്‍.

അഗതികള്‍ക്കായി 87-ാം വയസ്സുവരെ ഈ അമ്മ അഹോരാത്രം പ്രവര്‍ത്തിച്ചു - എല്ലാം മറന്ന്, സ്വന്തം എന്നൊരു വികാരമില്ലാതെ. അഗതികള്‍ക്കായി എന്നും ത്രസിച്ച ഹൃദയത്തിന്റെ താളം പിഴയ്ക്കാന്‍  തുടങ്ങിയപ്പോള്‍ സിസ്റ്റര്‍ നിര്‍മ്മലയെ എല്ലാ ചുമതലകളുമേല്‍പ്പിച്ച്, അവശേഷിക്കുന്ന ദിവസങ്ങള്‍  ധ്യാനപ്രാര്‍ത്ഥനകള്‍ക്കായി മദര്‍ മാറ്റിവച്ചു.

1997 സെപ്തംബര്‍ അഞ്ചിന് രാത്രി 8.30ന് അമ്മയുടെ  കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു. രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ മൃതദേഹം വഹിച്ച ഗണ്‍കാരിയേജില്‍ മദര്‍ തെരേസ അന്ത്യയാത്രയായി - മഹാത്മജിയുടെ സന്ദേശം നിശ്ശബ്ദമായി ഏറ്റു പറഞ്ഞു - 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം'.
മഹാത്മജിക്കും മദറിനും മരണമില്ല.  അവര്‍ എന്നും മനുഷ്യമനസ്സില്‍ അണയാത്ത നെയ്ത്തിരിയായി പ്രകാശിക്കട്ടെ - കരുണയുടെയും കരുതലിന്റെയും പൊന്‍പ്രകാശമായി
   
ലോകം എന്നും പ്രബലന്‍മാരുടേതായിരുന്നു -  പണം,  രാഷ്ട്രീയസ്വാധീനം, ഭുജശക്തി. അന്നും  ഇന്നും ദുര്‍ബലര്‍ക്ക് ശക്തിയും ശബ്ദവുമില്ല. ദരിദ്രരും ദളിതരുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നു.  അവരുടെ  പക്ഷം ചേരാനും ശബ്ദമുയര്‍ത്താന്‍ കഴിവില്ലാത്തവരുടെ ശബ്ദമാകാനും ചിലര്‍ അനിവാര്യമാണ്. മദര്‍ തെരേസ ഇന്ന് നമ്മോടൊപ്പമില്ല. മദറിന്റെ സ്മരണയില്‍ നിന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങും മഹാത്മജിയും അംബേദ്ക്കറും നമ്മിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ .  
അമ്മേ, പ്രണാമം...

കണ്ണേ മടങ്ങുക!

image

ഹൃദയത്തില്‍ കാരുണ്യം അല്പമെങ്കിലുമുള്ളവരുടെ കരളലിയിച്ച ഒരു വാര്‍ത്താച്ചിത്രമാണിത്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കരുണയുടെ മാലാഖയായ, ലോകമാതാവായ മദര്‍ തെരേസ പുനര്‍ജ്ജനിക്കട്ടെ എന്ന ചിന്ത കരുണ ഇനിയും വറ്റാത്തവരില്‍ ഉടലെടുക്കുക....