കുഷ്ഠരോഗിയുടെ വ്രണങ്ങള്‍ക്കു മുന്നില്‍ പ്രത്യയശാസ്ത്രത്തിന്റെ ഉത്തോലകങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ലോകത്തിന് ഒരു ഫാദര്‍ ഡാമിയനെ കിട്ടിയത്. മൊളൊക്കോ ദ്വീപിലെ കുഷ്ഠരോഗികളെ 'കുഷ്ഠരോഗികളായ നമ്മള്‍' എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ഫാദര്‍ ഡാമിയന്‍ മനുഷ്യാവസ്ഥയുടെ ദൗര്‍ബല്യങ്ങളൊക്കെയും അതിജീവിച്ചുകഴിഞ്ഞിരുന്നു.

 അഹംബോധത്തിന്റെ പടം പൊഴിക്കാത്തവര്‍ക്ക്, കേവല വ്യവഹാരത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നവര്‍ക്ക് ഈ അവസ്ഥ നരകമാണ്. അതുകൊണ്ടാണ് രോഗിയായ അയല്‍ക്കാരനെ സന്ദര്‍ശിക്കുന്നത് അയാളുടെ നിസ്സഹായതയില്‍ നമ്മുടെ അധീശ്വത്വം പ്രഖ്യാപിക്കാനാണെന്ന് നീറ്റ്‌ഷെ പറഞ്ഞത്. 

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ നിങ്ങള്‍ ശിശുക്കളെപ്പോലെയാകണം എന്ന ക്രിസ്തുവചനത്തിന്റെ പൊരുള്‍ നീറ്റ്‌ഷെക്ക് അപ്രാപ്യമായിരുന്നു. അതുകൊണ്ട് നീറ്റ്‌ഷെ ക്രിസ്തുവിനെ നിന്ദിച്ചു; ഭീരുവെന്നും ദുര്‍ബലനെന്നും വിളിച്ചു. ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷം അസ്വസ്ഥമാക്കിയ മനസ്സായിരുന്നു നീറ്റ്‌ഷെയുടെത്. ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ബോധം ഉദിക്കാതെ പോയപ്പോള്‍ നീറ്റ്‌ഷെ ഉന്മാദിയായി.

  നീറ്റ്‌ഷെയില്‍ നിന്നും മദര്‍ തെരേസയിലേക്കുള്ള ദൂരം ബോധോദയത്തിന്റെ ദൂരമാണ്. കല്‍ക്കത്തയിലെ എന്റല്ലിയില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ചു നടന്ന ഒരു കന്യാസ്ത്രീ മദര്‍ തെരേസയായി മാറുന്നത് ഈ ബോധോദയത്തിലൂടെയാണ്.


 ബോധത്തിന്റെ സൂര്യന്‍ ഉദിക്കുമ്പോള്‍ മരണഭയം അസ്തമിക്കുന്നു. തന്നെ കൊല്ലാന്‍ വരുന്ന കാപാലികനെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ബുദ്ധന്റെ ചിത്രം ജാതക കഥയിലുണ്ട്. മരണത്തെക്കുറിച്ച് പറയുമ്പോള്‍ 'മനോഹരമായ മരണം' എന്നാണ് മദര്‍ തെരേസ പറയുന്നത്. തെരുവില്‍ അഴുകിവീഴുന്ന കുഷ്ഠരോഗിക്ക് മനോഹരമായ മരണം നല്‍കാനായാല്‍ അത്രയുമായി എന്നാണവര്‍ ഒരിക്കല്‍ പറഞ്ഞത്. 

'ആലമൗശേളൗഹ റലമവേ' ഈ വാക്കുകളാണ് മദര്‍ ഉപയോഗിച്ചത്. മരണം മനോഹരമാണെന്ന ഈ തിരിച്ചറിവ് ആത്മഹത്യക്കൊരുമ്പെടുന്ന ഉന്മാദിയുടെ അറിവല്ല. ഇത് ജീവിതത്തിന്റെ കെട്ടുപാടുകള്‍ അഴിക്കുന്ന ബോധത്തിന്റെ ജ്വലനമാണ്. ഈ ബോധോദയത്തെക്കുറിച്ച് മദര്‍ പറയുന്നുണ്ട്.

 1946 സപ്തംബര്‍ 10-ന് ഹിമാലയന്‍ താഴ്‌വരയിലുള്ള കുര്‍സിമോങ്ങിലെ സെന്റ് മേരീസ് മൊണാസ്റ്ററിയിലേക്ക് പോവുകയായിരുന്നു മദര്‍. പൊടുന്നനെ ബോധത്തിന്റെ സൂര്യന്‍ അവരില്‍ ഉദിച്ചുയര്‍ന്നു. ''നീ മീന്‍പിടിക്കുന്നത് നിര്‍ത്തുക; നിന്നെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവനാക്കാം'' എന്ന് ക്രിസ്തു പത്രോസിനോടു പറഞ്ഞപ്പോള്‍ അവന്‍ വലയും മീനും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോയി എന്ന് മത്തായിയുടെ സുവിശേഷത്തിലുണ്ട്. ഭൂമിശാസ്ത്രത്തില്‍ നിന്ന് ഹൃദയശാസ്ത്രത്തിലേക്കുള്ള തെരേസയുടെ സഞ്ചാരം ഹിമാലയന്‍ താഴ്‌വരയില്‍ നിന്നു തുടങ്ങുന്നു.

  ക്രീറ്റന്‍ മലമുകളിലെ മൊണാസ്റ്ററിക്കു മുന്നില്‍ കൊടുംശൈത്യത്തിലും പൂത്തുനില്‍ക്കുന്ന ആല്‍മണ്ട് മരത്തെക്കുറിച്ച് കസന്‍ദ് സാക്കീസ് 'റിപ്പോര്‍ട്ട് ടു ഗ്രെക്കൊ'യില്‍ പറയുന്നുണ്ട്.
  ''ഞാന്‍ ആല്‍മണ്ട് മരത്തോട് ചോദിച്ചു:
 സഹോദരീ, ദൈവത്തെക്കുറിച്ചു പറയുക
അപ്പോള്‍, പൊടുന്നനെ അവള്‍ പുഷ്പിച്ചു''
മഞ്ഞില്‍ പുതഞ്ഞുനിന്ന ഫിര്‍മരങ്ങള്‍ക്കും, പൈന്‍മരങ്ങള്‍ക്കുമിടയില്‍ തെരേസ പൊടുന്നനെ പൂത്തുലഞ്ഞ ആല്‍മണ്ട് മരമാകുകയായിരുന്നു.

ജനവരി 15-ന് കണ്ണൂരില്‍വെച്ച് മദറിനെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പൊക്കം നാലരയടിക്കപ്പുറത്തില്ല. പ്രായത്തിന്റെ കൂന് സ്വതവേയുള്ള പൊക്കമില്ലായ്മയെ ഒന്നുകൂടി കുറച്ചിരിക്കുന്നു. പക്ഷേ, മദറിനടുത്തെത്തിയപ്പോള്‍ മനസ്സ് പറഞ്ഞു: ''കേവല വ്യവഹാരത്തിന്റെ കണ്ണുകള്‍ മാറ്റിവെക്കുക; മനസ്സിന്റെ ഉയരമാണ് ഈ സ്ത്രീയുടെ ഉയരം.'' സ്‌നേഹാലയത്തിനു മുന്നില്‍ ജനങ്ങള്‍ മണിക്കൂറുകളായി ഒരേ നില്‍പ്പായിരുന്നു. 

കടുത്തവെയിലില്‍ അമ്മമാരുടെ ഒക്കത്തിരുന്ന കുഞ്ഞുങ്ങളുടെ മുഖം കരുവാളിച്ചു പോയിരുന്നു. എവിടെയെങ്കിലും ഒന്നിരിക്കണം എന്ന ചിന്ത മാത്രമായിരുന്നു ആളുകളുടെ മനസ്സില്‍. അപ്പോഴാണ് മദര്‍ വന്നത്. ഒരു വിദ്യുത്തരംഗം പോലെ മദറിന്റെ സാന്നിധ്യം എല്ലാവരിലേക്കും പ്രസരിക്കുകയായിരുന്നു. നാവ്, നഷ്ടപ്പെട്ട രുചി വീണ്ടെടുക്കുന്നതുപോലെ കണ്ണ്, കാഴ്ച തിരിച്ചെടുക്കുന്നതുപോലെ, ചെവി വീണ്ടും കേള്‍വിയിലേക്ക് മടങ്ങുന്നതുപോലെ ജനങ്ങള്‍ നഷ്ടപ്പെട്ട ഊര്‍ജമത്രയും വീണ്ടെടുക്കുകയായിരുന്നു.

 സ്‌നേഹാലയത്തിലെ ചെറിയ മുറികളില്‍ കുമിഞ്ഞുനിന്ന അസഹ്യമായ ചൂടില്‍ മദറിന്റെ പരുത്തിവസ്ത്രങ്ങള്‍ വിയര്‍ത്തുകുതിര്‍ന്നിരുന്നു. കഴിഞ്ഞ ആഗസ്തില്‍ 83-ാം ജന്മദിനത്തില്‍ ദില്ലിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലായിരുന്ന മദര്‍ ഈ തിരക്കും ചൂടും എങ്ങനെ അതിജീവിക്കും എന്ന ആശങ്ക പൊടുന്നനെ മനസ്സിനെ കലുഷമാക്കി. പക്ഷേ, ഒരു കൊച്ചുകുട്ടിയെപ്പോലെ മദര്‍ സ്‌നേഹാലയത്തിനുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതു കണ്ടപ്പോള്‍ മാറാലകള്‍ നീങ്ങി മനസ്സ് വീണ്ടും തെളിഞ്ഞു.

  തന്റെ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളോടൊത്ത് കുറച്ചുനേരം കഴിയാന്‍ മദറിന് താല്പര്യമുണ്ടായിരുന്നു. മുറിയിലുള്ള മറ്റുള്ളവര്‍ പുറത്തിറങ്ങണമെന്ന നിര്‍ദേശം വന്നു. ആരും ഉറങ്ങിയില്ല; മദറിനെ ചുറ്റിപ്പറ്റി എല്ലാവരും അവിടെത്തന്നെനിന്നു. അപ്പോള്‍ മദര്‍ എഴുന്നേറ്റ് വിരല്‍ ചൂണ്ടിപ്പറഞ്ഞു: ''പ്ലീസ് ഗോ.'' ഒരു മിനിഷം ഉപവിയുടെ സഹോദരിമാര്‍ മുറിയില്‍ തനിച്ചായി.

എല്‍ബാ ദ്വീപില്‍ തന്നെ തടവിലാക്കിയവരെ ആജ്ഞാശക്തികൊണ്ട് കീഴ്‌പ്പെടുത്തിയ നെപ്പൊളിയന്‍ ബോണപ്പാര്‍ട്ട് അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. അതേ പൊക്കമില്ലായ്മ; അതേ ആജ്ഞാശക്തി. ഒരാള്‍ ലോകത്തിന് കുരിശായപ്പോള്‍ മറ്റേയാള്‍ ലോകത്തിന്റെ കുരിശ് ഏറ്റുവാങ്ങുന്നുവെന്ന വ്യത്യാസം മാത്രം.

 മദറിനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അഞ്ചുമണിക്കൂര്‍ സ്‌നേഹാലയത്തില്‍ കാത്തുനിന്നത്. പക്ഷേ, മദറിനെ അടുത്തുകിട്ടിയപ്പോള്‍ മനസ്സില്‍ ചോദ്യങ്ങളൊന്നും തെളിഞ്ഞില്ല. അല്ലെങ്കില്‍ കേവലവ്യവഹാരത്തിന്റെ ചോദ്യങ്ങള്‍ക്ക് ഇവിടെയെന്തു പ്രസക്തി. ഒന്നും ചോദിക്കാതെ, സംസാരിക്കാതെ അമ്മയുടെ അടുത്ത് വെറുതെ നിന്നു. കാരുണ്യത്തിന്റെ ആ ആള്‍രൂപത്തിനു മുന്നില്‍ ശിരസ്സു നമിച്ചു. പിന്നെ, ചുറ്റും ഒഴുകിപ്പരന്ന ആ സ്‌നേഹസാഗരത്തില്‍ മുങ്ങിനിവര്‍ന്നു. അപ്പോള്‍ നിരാമയമായ ആനന്ദത്തില്‍ ആശങ്കകളും അലോസരവുമൊഴിഞ്ഞ് മനസ്സ് സ്വസ്ഥമായിരുന്നു.