ഗിന്നസ് ബുക്കിൽ ഇടംനേടിയ ആറ്റുകാൽ പൊങ്കാല ഭക്തകോടികളുടെ ആത്മാവിൽ ഒരു വികാരമായി അലിഞ്ഞു ചേരുന്നു. ഭക്തലക്ഷങ്ങളെ ആത്മനിർവൃതിയിൽ അലിയിച്ച് ഒരു പൊങ്കാല ഉത്സവം കൂടി.
ആറ്റുകാൽ ഭഗവതി കണ്ണകിയുടെ അംശാവതാരമായ ജഗന്മാതാവുതന്നെയാണ്. മധുരാപുരി ചുട്ടെരിച്ച് പാണ്ട്യരാജാവിനെ വധിച്ച് സംഹാരരുദ്രയായി തമിഴകം ഉപേക്ഷിച്ച്, വഞ്ചിരാജ്യ തലസ്ഥാനമായിരുന്ന മഹോദയപുരത്തേക്കുള്ള യാത്രാ വേളയിൽ അമ്മ ആറ്റുകാലിൽ വിശ്രമിക്കുകയുണ്ടായി. മുല്ലു വീട്ടിൽ കാരണവരുടെ ആതിഥ്യം സ്വീകരിച്ച അമ്മ ആറ്റുകാലിൽ കുടിയിരുന്നു എന്നാണ് ക്ഷേേത്രാല്പത്തി സംബന്ധിച്ചുള്ള വിശ്വാസം.
മുല്ലു വീട്ടിൽ കാരണവർ ഭദ്രദീപം കൊളുത്തി കുടിയിരുത്തിയ അമ്മയ്ക്ക് പച്ചപ്പന്തൽ കെട്ടി ആസ്ഥാനം ഉറപ്പിച്ചു. അതാണ് ആറ്റുകാലിലെ തെക്കതായത്. കൊല്ലവർഷം 1072-ൽ ജസ്റ്റിസ് ആറ്റുകാൽ ഗോവിന്ദപിള്ളയുടെ നേതൃത്വത്തിൽ പുതുക്കി പണിത ക്ഷേത്രത്തിന്റെ ചിത്രം ഇന്നും പഴമയുടെ ഓർമ്മയിലുണ്ട്.
കുംഭമാസത്തിലെ കാർത്തികനാളിൽ ആരംഭിച്ച് പത്തു ദിവസമാണ് ഉത്സവം നടക്കുന്നത്. ഒൻപതാം ദിവസമാണ് ലോക പ്രശസ്തമായ പൊങ്കാല. ഉത്സവാരംഭത്തിൽ കൊടുങ്ങല്ലൂരിൽ നിന്ന് അമ്മയെ ആനയിച്ച് കാപ്പുകെട്ടി കുടിയിരുത്തും. തോറ്റംപാട്ട് ഒൻപതാം ദിവസം വരെ പിന്നിടുമ്പോൾ പാണ്ട്യമന്നന്റെ വധം കഴിയുന്നു. ചെണ്ടമേളവും വായ്ക്കുരവയും മുഖരിതമാകുമ്പോൾ പൊങ്കാല അടുപ്പുകളിൽ അഗ്നി പടരും. വിമാനത്തിൽ പുഷ്പവൃഷ്ടിയോടെ പൊങ്കാല നിവേദ്യം നടക്കും. ആത്മനിർവൃതിയിൽ ജനലക്ഷം വീടുകളിലേക്കു മടങ്ങും. താലപ്പൊലിയും കുത്തിയോട്ടവും മണക്കാട് എഴുന്നള്ളത്തുമാണ് തുടർന്നുള്ള ചടങ്ങുകൾ. ഉത്സവനാളുകളിലെ മറ്റൊരു പ്രധാന വഴിപാട് വിളക്കുകെട്ടാണ്. പത്താം ദിവസം രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് ദേവി തിരിച്ചെഴുന്നള്ളും. ദീപാരാധനയോടെ ചൂരൽക്കുത്തഴിച്ച് കുത്തിയോട്ട ബാലന്മാർ മടങ്ങും. അന്നു രാത്രി തോറ്റമ്പാട്ടിന്റെ ബാക്കി ഭാഗം പാടും. അവസാനത്തിൽ കാപ്പഴിച്ച് കുടിയിളക്കി അമ്മയെ യാത്രയാക്കും. അർധരാത്രി നടക്കുന്ന കുരുതിയോടെ ഉത്സവം അവസാനിക്കും.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഭരണ ചുമതല തിരുവനന്തപുരം ജില്ലാ കോടതി അംഗീകരിച്ച ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണുള്ളത്. ദുരിതങ്ങൾ കൂത്താടിക്കളിക്കുന്ന ലോക ജീവിതത്തിൽ മനഃശാന്തിക്കായി ഭക്തലോകത്തിനൊപ്പം പ്രാർഥിക്കുകയും ഭക്തർക്കായി സേവനം ചെയ്യുകയുമാണ് ഭരണവഴിയുടെ ലക്ഷ്യം. സമസ്ത സന്താപങ്ങളും അകറ്റുന്ന ജഗദംബികയുടെ പാദങ്ങളിൽ ഭക്ത്യാദരപൂർവം എല്ലാം സമർപ്പിച്ചുകൊണ്ട് അമ്മയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു.

കെ.പി.രാമചന്ദ്രൻ നായർ ചെയർമാൻ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌