നിരീക്ഷണത്തിന് ഹെലികാമും

attu

ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഇത്തവണ തമിഴ്‌നാട്ടിൽ നിന്നുള്ള ഷാഡോ പോലീസെത്തുന്നു. കന്യാകുമാരി, തിരുനെൽവേലി ജില്ലയിൽ നിന്നുള്ള ഷാഡോ സംഘമാണ് ഇത്തവണ എത്തുന്നത്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥനമാനിച്ചാണ് തമിഴ്‌നാട് പോലീസ് എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നാടോടിസ്ത്രീകൾ വ്യാപകമായി മോഷണവും മാല പൊട്ടിക്കലും നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പോലീസിന്റെ സഹായം  സംസ്ഥാന പോലീസ് തേടിയത്. 
52 ഷാഡോ അംഗങ്ങളുൾപ്പെടെ പൊങ്കാല തലേന്നും പിറ്റെന്നുമായി നാലായിരത്തോളം പോലീസുകാരെ വിന്യസിക്കും. സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇദ്ദേഹത്തെ കൂടാതെ മൂന്ന് എസ്.പി., 20 എ.സി.പി., 40 സി.ഐ., 120 എസ്.ഐ., 250 എ.എസ്.ഐ., 550 വനിതാ പോലീസ് എന്നിവരുൾപ്പെടെ നാലായിരത്തിലധികം പോലീസുകാരുണ്ടാകും. തിരുവനന്തപുരം, എറണാകുളം റെയ്ഞ്ചുകൾക്ക് പുറമേ ദക്ഷിണ മേഖലയിൽ നിന്നുള്ള പോലീസിന്റെ സേവനവും ഉപയോഗിക്കുന്നുണ്ട്. പൊങ്കാലയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, എസ്.സി.ആർ.ബി. എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.
ക്ഷേത്രത്തിന് ഉള്ളിലെയും പുറത്തെയും സുരക്ഷാ ചുമതല ഒരോ എസ്‌.പി.മാർക്കായിരിക്കും. ക്ഷേത്രത്തിന് അകത്ത് ഒരു വനിതാ ഡിവൈ.എസ്.പി.യെയും സുരക്ഷയ്ക്കായി നിയോഗിക്കും. ക്ഷേത്രത്തിന് പുറത്തുള്ള സ്ഥലത്തെ സുരക്ഷാമേൽനോട്ടം ഒരു എസ്.പി.ക്കായിരിക്കും. ആറ്റുകാൽ ക്ഷേത്ര സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ച് പരിചയമുള്ള എസ്.പി.മാരെയാണ് സുരക്ഷയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്ര കോമ്പൗണ്ടിലുള്ള കൺട്രോൾ റൂം കൂടാതെ കിള്ളിപ്പാലം പാടശ്ശേരി, കിഴക്കേക്കോട്ട, തമ്പാനൂർ എന്നിവിടങ്ങളിലും കൺട്രോൾ റൂം പ്രവർത്തിക്കും. ഈ കൺട്രോൾ റൂമുകൾ ആറ്റുകാലിലെ പ്രധാന കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കും. തമ്പാനൂരിൽ വനിതകൾക്കായി പോലീസിന്റെ ഹെൽപ്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ 25 സ്ഥലങ്ങളിൽ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. 
കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ക്ഷേത്ര പരിസരത്ത് കൂടാതെ മണക്കാട്, കിള്ളിപ്പാലം പാടശ്ശേരി എന്നിവിടങ്ങൾ വരെ പലയിടങ്ങളിലായി 50ഓളം കാമറകൾ സ്ഥാപിക്കും. 
കാമറ നിരീക്ഷണത്തിലൂടെ പിടിച്ചുപറി, മോഷണം എന്നിവ തടയുകയാണ് പോലീസിന്റെ ലക്ഷ്യം. കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ സദാ പോലീസുകാരുണ്ടാകും. മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും ചിത്രങ്ങൾ ക്ഷേത്ര പരിസരത്ത് പ്രദർശിപ്പിക്കും. ഇതു കൂടാതെ പൊങ്കാല കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ആകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ നിരീക്ഷിക്കാനായി ഇത്തവണ ആദ്യമായി ഹെലികാം പോലീസ് ഉപയോഗിക്കുന്നുണ്ട്. 
പൊങ്കാല ദിനത്തിൽ അഗ്നിശമന സേന പത്ത് സ്ഥലങ്ങളിൽ മൊബൈൽ വാട്ടർ ടെന്റുകൾ  തയ്യാറാക്കും. പൊങ്കാല സ്ഥലങ്ങളിൽ വാട്ടർ ടൈപ്പ് എക്സ്‌റ്റിങ്ഗുഷർ സ്ഥാപിക്കും. ഇതു കൂടാതെ വാട്ടർ മിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്‌. കൂടാതെ പ്രധാന സ്ഥലങ്ങളിൽ താത്കാലിക ഫയർ‌സ്റ്റേഷനുകൾ ആരംഭിച്ചു.