attu
പൊങ്കാല ദിനത്തിൽ നഗരത്തിന്റെ ഓരോ തെരുവീഥിയും സ്ത്രീകൾ തങ്ങളുടേതാക്കും. പൊങ്കാലയിടാൻ തങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് അരികെ കടവരാന്തകളിൽ കിടന്നുറങ്ങാൻ പോലും അവർക്ക് മടിയില്ല. പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ... എന്നൊന്നും ഇവിടെ വന്ന് ആരും പറഞ്ഞേക്കരുത്. അന്നിവിടെ രാവും പകലുെമല്ലാം പെണ്ണുങ്ങൾക്ക് സ്വന്തമാണ്.
രാവേറുവോളം വർത്തമാനം പറഞ്ഞിരിക്കാനും ഉണർന്നിരിക്കുന്ന നഗരത്തിലൂടെ നടന്ന് കൊച്ചു കൊച്ചു സാധനങ്ങൾ വാങ്ങിക്കൂട്ടാനും ഇവിടെ അവർക്കാരുടേയും ഔദാര്യവും അനുമതിയും വേണ്ട. ശരിക്കും നഗരവും വഴികളുമെല്ലാം സ്ത്രീകളുടേത് മാത്രമാകുന്ന ഒരു കാഴ്ച! അത് ഈ സന്ദർഭത്തിൽ ഇവിടെ മാത്രമേ കാണാനാവൂ. 
സ്ത്രീദേവതയെ പൂജിക്കുന്ന ഒരുത്സവത്തിന് ആയിരക്കണക്കിന് സ്ത്രീകൾ എത്തുക. ക്ഷേത്ര പരിസരത്ത് ഏതാണ്ട് 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥലം കിട്ടുന്നിടത്തെല്ലാം അടുപ്പുകൾ നിറയും. നാനാ ദേശത്തു നിന്നും എത്തുന്ന സ്ത്രീകളുടെ വൻകൂട്ടായ്മ കണ്ടാണ് നഗരം പൊങ്കാല ദിവസം ഉണരുക. ഒരു നാട് മുഴുവൻ അന്ന് പൊങ്കാലയർപ്പിക്കുന്ന സ്ത്രീകളെ സേവിക്കാൻ സന്നദ്ധരായുണ്ടാവും. ഒരു പ്രത്യേക കാര്യത്തിനായിട്ടാണെങ്കിൽ പോലും പൊങ്കാല ദിനം സ്ത്രീകൾ അവരുടേതാക്കി മാറ്റും. ഇത്രയും വലിയൊരു സ്ത്രീ കൂട്ടായ്മ ലോകത്ത് മറ്റെവിടെയുമില്ല എന്നതാണ് വസ്തുത.
ഭക്തിയാണ് ഇവിടെ സ്ത്രീകളെ ഒന്നിച്ചു നിർത്തുന്ന ഘടകമെങ്കിൽ പോലും സംഭവിക്കുന്നത് പെൺമയുടെ ഒത്തുചേരൽ തന്നെയാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ ഈ ഉത്സവത്തിനായി ഒരു നഗരത്തിൽ ഒത്തു ചേരുന്നു എന്നതിവിടെ സുന്ദരമായ ഒരു യാഥാർത്ഥ്യമാണ്.
1997 ഫിബ്രവരി 23ന് നടന്ന പൊങ്കാലയാണ് ആദ്യം ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തുവെന്നാണ് കണക്ക്. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒൻപതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. 
പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും സ്ത്രീകളെ കൊണ്ട് നിറയും. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 12 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ നിറയും. പൊങ്കാലയിടുന്ന ഓരോ സ്ത്രീയും പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലത്തെ ശരീരമായി സങ്കല്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളപ്പിച്ച് അതിന്റെ അഹംബോധത്തെ നശിപ്പിച്ച്, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നുവെന്നാണ് വിശ്വാസം. 
ആറ്റുകാലമ്മ പുരാതന ദ്രാവിഡ ദേവതയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദി ദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശക്തി ആരാധനയാണ് മറ്റൊരു വശം. ശിവനും ശക്തിയും ചേർന്നാൽ പ്രപഞ്ചത്തിൽ ഓരോ സ്പന്ദനവും സൃഷ്ടിക്കപ്പെടുന്നുവെന്ന് സങ്കല്പം. കാണപ്പെട്ടതിന് പിറകിലെല്ലാം അഗോചരമായ ശിവ-ശക്തി ഐക്യത്തിന്റെ നൃത്തം (തിരുവിളയാടൽ) ഉണ്ടെന്നാണ് വിശ്വാസം. ശക്തി എന്നത് ഇവിടെ സ്ത്രീയുമായി ബന്ധപ്പെടുത്തി പറയുന്നതാണ് (ലിംഗപരമായല്ല). 
പ്രപഞ്ചത്തിന്റെ യോനിയായ അമ്മയിൽ നിന്ന് സർവ്വതും ഉദയം ചെയ്യുന്നു. ആ അമ്മ സങ്കല്പത്തിനാണ് ഇവിടെ പൊങ്കാല സമർപ്പിക്കുന്നത്. ആറ്റുകാലിലും കൊടുങ്ങല്ലൂരിലും ഉള്ളത് ശ്രീപാർവതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. 
ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു പ്രതികാരം തീർത്ത കഥ. അങ്ങനെ ഒരു ധീരാംഗനയായി പഴമ വാഴ്ത്തിയ കണ്ണകിയുടെ വീര ചരിതമാണ് ആറ്റുകാൽ ഉത്സവത്തിൽ നിറയുന്നത്. ഈ സ്ത്രീചരിതത്തെ മനസ്സിലേറ്റി പെൺകൂട്ടായ്മയ്ക്കും ആറ്റുകാൽ പൊങ്കാല അരങ്ങൊരുക്കുന്നു.
സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ മാത്രം ഒരുക്കുന്ന ഉത്സവമല്ല ആറ്റുകാൽ പൊങ്കാല. സ്ത്രീകൾക്കായി എന്തു സേവനവും ചെയ്യാൻ സന്നദ്ധരായ പുരുഷന്മാരുടെ കൂട്ടായ്മകളും നഗരത്തിൽ സജീവമാകും. 
എന്നാലും ഒരു ഉത്സവത്തിനായി ഒത്തുചേരുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ തന്നെയാണ് ഇവിടെ മുഖ്യ ഘടകം.