attukalപൊങ്കാലയർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പൊങ്കാല വിപണി സജീവമായി. പൊങ്കാല സാരികളും കലങ്ങളുമാണ് പൊങ്കാല വിപണിയിലെ താരങ്ങൾ. ആറ്റുകാൽ ക്ഷേത്ര പരിസരത്തും മണക്കാട്, കിഴക്കേക്കോട്ട, പഴവങ്ങാടി, അട്ടകുളങ്ങര ഭാഗങ്ങളിലും പൊങ്കാല കലങ്ങളുടെ വിപണി സജീവമായപ്പോൾ നഗരത്തിലെ പ്രധാന തുണിവ്യാപാരശാലകളിൽ പൊങ്കാല സാരികളും നിരന്നു കഴിഞ്ഞു. ചെങ്കല്ല്, കൊതുമ്പ്, ഉണങ്ങിയ തെങ്ങോല, വിറക്, തവി, പൊങ്കാലയിടാനുള്ള അരി, മറ്റു സാധനങ്ങൾ എന്നിവയും വിപണിയുടെ ഭാഗമാണ്. 

പൊടിയും പുകയുമൊക്കെ പ്രതിരോധിക്കാൻ കഴിയുന്ന കടുത്ത നിറത്തിലുള്ള കോട്ടൺ സാരികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. 134 രൂപ മുതലുള്ള പൊങ്കാല സ്പെഷൽ കോട്ടൺ സാരികൾ വിപണിയിലുണ്ട്. ഹാന്റക്സ് ഷോറൂമിൽ പത്തു ശതമാനം വിലക്കിഴിവാണ് കോട്ടൺ സാരികൾക്കു നൽകിയിരിക്കുന്നത്. ചില കടകളിൽ സാരിക്കൊപ്പം കലവും പാത്രങ്ങളും സൗജന്യമായി നൽകുന്നുണ്ട്. 
കസവു സാരികൾ, സെറ്റു മുണ്ട്, പ്രിന്റഡ് കോട്ടൺ സാരികൾ, എന്നിവയാണ് പൊങ്കാലയ്ക്കു അധികവും ഉപയോഗിക്കുന്നത്. ഒരു സാരി വാങ്ങുമ്പോൾ മറ്റൊന്നു സൗജന്യമായി നൽകുന്നതോടൊപ്പം പൊങ്കാലക്കിറ്റുകളും കലങ്ങളും വരെ നൽകുന്ന കടകളുണ്ട്. ബോർഡറുകളുള്ള കോട്ടൺസാരികൾക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. നിശ്ചിത തുകയ്ക്ക് മൂന്നു സാരികൾ എന്ന വാഗ്ദാനവും കച്ചവടക്കാർ നൽകുന്നുണ്ട്. 
മൺകലങ്ങൾക്കു 30 രൂപ മുതലാണ് വില. 30 രൂപ മുതൽ എൺപത് രൂപവരെയുള്ള കലങ്ങളാണ് പ്രധാനമായും വില്പനയ്ക്കെത്തിയിട്ടുള്ളത്. ഉത്സവത്തിനു മുൻപേ വില്പന തുടങ്ങിയെങ്കിലും പൊങ്കാല ദിവസം അടുക്കുംതോറുമാണ് കച്ചവടം കൂടുന്നത്. പൊങ്കാലയ്ക്ക് തലേന്നാൾ മുഴുവൻ കലങ്ങളും വിറ്റു പോവും. സ്റ്റീൽ അലൂമിനിയം പാത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതു മൺകലങ്ങളുടെ വില്പനയെ ബാധിച്ചിട്ടുണ്ടെന്നു കച്ചവടക്കാർ പറയുന്നു. മുൻ വർഷത്തേക്കാൾ പൊങ്കാലക്കലങ്ങൾക്കു ഇത്തവണ വില കൂടുതലാണ്. 
ഒരു കിലോ വരെ പൊങ്കാലയിടാനാകുന്ന കലങ്ങൾക്കു 80 രൂപ മുതലാണ് വില. കഴിഞ്ഞ വർഷം ഇത്‌ 60 രൂപയ്ക്കു ലഭിച്ചിരുന്നു. ഏതാണ്ടു മുപ്പതു ശതമാനം വില വർധനയാണ് കലങ്ങൾക്കും ചട്ടികൾക്കും ഉണ്ടായത്. 
തിരുവനന്തപുരത്തെ തൃക്കണ്ണാപുരം, തക്കല, നാഗർകോവിൽ, കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ്‌ കലങ്ങൾ കൂടുതലായി എത്തുന്നത്. തക്കലയിലെ ചുങ്ങാങ്കടയിൽ നിന്നുള്ള കലങ്ങൾ മൊത്തവ്യാപാരത്തിനായി എത്തിച്ചിട്ടുണ്ട്. ആറ്റുകാൽ പരിസരത്ത് വില്പന നടത്തുന്ന ഇവിടത്തുകാർ 60 രൂപയ്ക്കാണ് കലം വില്ക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നായി 68 കുടുംബങ്ങൾ 35 ലക്ഷത്തോളം കലങ്ങളാണ് കഴിഞ്ഞ തവണ വിറ്റത്. ഇത്തവണ അതു 45 ലക്ഷം കടക്കുമെന്നു വ്യാപാരികൾ പറയുന്നു. 
60 രൂപയിൽ തുടങ്ങി 500 രൂപ വരെ വിലയുള്ള കലങ്ങൾ വില്പനയ്ക്കെത്തിയിട്ടുണ്ട്. അടുപ്പു കൂട്ടാനുള്ള ചെങ്കല്ലിനും വില കൂടിയിട്ടുണ്ട്. കൊതുമ്പ്, ഉണങ്ങിയ തെങ്ങോല, വിറക് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. മൂന്നു ചെങ്കല്ലിനു 40 രൂപയും ഏഴു കൊതുമ്പുകളടങ്ങിയ ഒരു കെട്ടിനു 25 രൂപയുമാണ് വിപണിയിലെ വില.