ബാറുകളും ചില്ലറ വില്പനകേന്ദ്രങ്ങളും ഇല്ലാതായതോടെ സംസ്ഥാനത്തിന് ഉണ്ടായത് 1811 കോടിരൂപയുടെ നഷ്ടം. ടൂറിസം മേഖലയില്‍നിന്നുണ്ടാകുന്ന നഷ്ടം വേറെയും.

നികുതിയിനങ്ങളിലായാണ് 1811 കോടി നഷ്ടപ്പെട്ടത്. ബാറുകള്‍ നിര്‍ത്തലാക്കുന്നതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനയില്‍ 1010 കോടിയുടെ കുറവുണ്ടാവും. ഇതുവഴി സംസ്ഥാനത്തിന് കിട്ടുന്ന വില്പനനികുതിയിലും എക്‌സൈസ് തീരുവയിലുമായി 828 കോടി കുറയും. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റേതുമായി 39 വിപണനശാലകള്‍ നിര്‍ത്തലാക്കുന്നതുവഴി സര്‍ക്കാരിനുള്ള വരുമാന നഷ്ടം 375 കോടിയാണ്.

ബാറുടമകള്‍ക്ക് ലൈസന്‍സ് ഫീസിനത്തില്‍ 39.15 കോടി രൂപ തിരിച്ചുനല്‍കണം. ഇതുള്‍െപ്പടെ ലൈസന്‍സ് ഫീസിലെ നഷ്ടം 148 കോടി രൂപയാണ്. ബാറുകളില്‍നിന്നുള്ള വരുമാന നികുതിയായി 460 കോടിയും നഷ്ടപ്പെടും. എന്നാല്‍ ഈ വരുമാനനഷ്ടം ബാധിക്കില്ലെന്നും ഭരണച്ചെലവ് കുറച്ച് മുന്നോട്ടുപോകാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.

മദ്യത്തിന് അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്തുന്നതോടെ വര്‍ഷം 250 കോടി ലഭിക്കും. ഇത് മദ്യലഹരിക്ക് അടിപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഉപയോഗിക്കാനാണ് പദ്ധതി. അതേസമയം ബാറുകള്‍ നിര്‍ത്തലാക്കുന്നത് വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിച്ച വരുമാനം 23,000 കോടി രൂപയാണെന്നാണ് കണക്ക്.

മദ്യം കിട്ടിയില്ലെങ്കില്‍ അതില്‍ താത്പര്യമുള്ളവര്‍ അത് കിട്ടുന്ന സ്ഥലങ്ങള്‍ തേടിപ്പോകും. ഇത് സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിനെ ബാധിക്കും. ഹോട്ടല്‍ വ്യവസായത്തിലുള്ള നിക്ഷേപത്തെയും ഇത് ബാധിക്കും. വിദേശത്ത് നിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ വീര്യം കൂടിയ മദ്യം കൂടുതലായി അവശ്യപ്പെടുന്നവരല്ല. എന്നാല്‍ ഇവര്‍ക്ക് ബിയര്‍ ലഘുപാനീയംപോലെ പഥ്യമാണ്. ഇവര്‍ക്കായി ബിയറിന്റെ കാര്യത്തിലെങ്കിലും പ്രത്യേക ഇളവ് നല്‍കിയില്ലെങ്കില്‍ വിനോദസഞ്ചാരമേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

കണ്‍വെന്‍ഷന്‍ സെന്ററുകളിലും വന്‍കിട ഹോട്ടലുകളിലും സമ്മേളനങ്ങളുടെ ഭാഗമായി മദ്യം വിളമ്പാറുണ്ട്. ഇതും നിലയ്ക്കും. ഇത് തുടരുന്നതിനായി മദ്യം വിളമ്പുന്നതിനുള്ള താത്കാലിക പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതിനായി സമ്മര്‍ദ്ദം ഉയര്‍ന്നുവരാം. മദ്യം വിളമ്പാതെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖലകളുമുണ്ട്. ഇവിടം പ്രത്യേകം തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുന്ന സഞ്ചാരികള്‍ ഒട്ടേറെയാണ്. അതുകൊണ്ട് മദ്യനിയന്ത്രണം വിനോദസഞ്ചാരമേഖലയെ തകര്‍ക്കുമെന്ന വാദത്തിന് കഴമ്പില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു.