തിരുവനന്തപുരം: ചാരായ നിരോധനത്തിന് ശേഷമുള്ള രണ്ടാം മദ്യവിരുദ്ധ വിപ്ലവത്തിന് പരമോന്നത കോടതിയും അംഗീകാരം നല്‍കിയതോടെ അതിന്റെ മേനി വോട്ടാക്കാനുള്ള ശ്രമമായിരിക്കും ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുക.
ബാറുകളെല്ലാം പൂട്ടാന്‍ തീരുമാനിക്കുന്നതിന് മുമ്പുള്ള കലഹാന്തരീക്ഷം യു.ഡി.എഫില്‍ ഇപ്പോഴില്ല. ആശയവ്യക്തതയുണ്ട് താനും. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണിതെന്ന് വിശേഷിപ്പിച്ച് അതിനുള്ള അംഗീകാരമായിട്ടായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രധാനമായും വോട്ട് തേടുക.
 
 

ഐക്യമുന്നണി സര്‍ക്കാര്‍ ആദ്യം ടു സ്റ്റാര്‍, പിന്നീട് ത്രീസ്റ്റാര്‍, അവസാനം ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കൂവെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നിലവിലുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനകേന്ദ്രങ്ങള്‍ എല്ലാ വര്‍ഷവും പത്തുശതമാനം വീതം പൂട്ടാനും തീരുമാനമുണ്ട്. ഇതെല്ലാം സാമൂഹിക പ്രതിബദ്ധതയുടെ കള്ളിയില്‍പ്പെടുത്തി വോട്ട് തേടാനാകും യു.ഡി.എഫ്. ശ്രമിക്കുക.

മദ്യനയം സുപ്രീംകോടതി ഡിവിഷന്‍ െബഞ്ചും അംഗീകരിച്ചതോടെ ഇനി അതില്‍ വെള്ളംചേര്‍ക്കാന്‍ ഭാവി സര്‍ക്കാരുകള്‍ക്ക് അത്ര എളുപ്പമാകില്ല. ഈ ഘട്ടത്തില്‍ പ്രതിപക്ഷവും നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധമാകും. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു കക്ഷിക്കും കഴിയില്ല.
വെള്ളാപ്പള്ളിയുമായി ബാന്ധവം ഉറപ്പിച്ച ബി.ജെ.പി.യും ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുന്നുവെന്നത് ശ്രദ്ധിക്കപ്പെടും. അഥവാ എല്‍.ഡി.എഫും ബി.ജെ.പി.യും അതിന് തയ്യാറായില്ലെങ്കില്‍ യു.ഡി.എഫിന് അക്കാര്യത്തില്‍ വെല്ലുവിളിക്കുകയും ചെയ്യാം.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ അടിസ്ഥാനമാക്കിയുള്ള നയമാകും എല്‍.ഡി.എഫ്. സ്വീകരിക്കുക. പൂര്‍ണമദ്യനിരോധനം അപ്രായോഗികമാണെന്ന നിലപാടാണ് കമ്മിഷന്റേത്. എന്നാല്‍ ചാരായ നിരോധനത്തോട് യോജിപ്പില്ലെങ്കിലും പിന്നീട് വന്ന എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്കൊന്നും അത് പിന്‍വലിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ബാറിന്റെ കാര്യവും അതുതന്നെയാകാനാണ് സാധ്യത.
വിധി വന്നതിന് പിന്നാലെ ബാറുടമകള്‍ നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. ബാര്‍ കോഴ കേസിലും മറ്റും എല്ലാ കാര്യവും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ തുറന്നുപറയുമെന്നാണ് ഭീഷണി. മറ്റ് പല നേതാക്കള്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന പ്രചാരണവും ശക്തമാണ്.

കോടതിയും കൈവിട്ടശേഷം നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്ക് പഴയ ശൗര്യം കിട്ടണമെന്നില്ല. എന്നാല്‍ ആരോപണ വിധേയര്‍ക്ക് ചെറുതല്ലാത്ത നഷ്ടം ഉണ്ടാകുകയും ചെയ്യും. കെ.എം. മാണിക്കെതിരെ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഈ നിലപാട് ആ കേസിലെങ്കിലും നിര്‍ണായകമാകും.

ബാര്‍ ഉടമകള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും യു.ഡി.എഫിന് എതിരായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തോടെ അവര്‍ ഐക്യമുന്നണിയെ എതിര്‍ക്കും. ഇതിനെ ബാറുകള്‍ പൂട്ടിയതിന്റെ സത്കീര്‍ത്തി ഉപയോഗിച്ചാവും യു.ഡി.എഫ്. നേരിടുക.

മദ്യവ്യാപാരം മൗലികാവകാശമല്ലെന്നും നയം തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വിധി അസന്നിഗ്ദ്ധമായി ഉറപ്പിക്കുന്നു. ഇത് സുപ്രധാന വിധിയായിട്ടായിരിക്കും ചരിത്രം രേഖപ്പെടുത്തുക.