ന്യൂഡല്‍ഹി: മദ്യവില്‍പ്പന മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞത് ബാര്‍ ഉടമകള്‍ക്കു കിട്ടിയ വന്‍ തിരിച്ചടിയായിരുന്നു. മദ്യവില്‍പ്പന നിയമംവഴി ലഭിക്കുന്ന അവകാശം മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം സമ്പൂര്‍ണമദ്യനിരോധനത്തിലേക്കുള്ള ചുവടുവെയ്പായി വിലയിരുത്താമെന്ന് ജസ്റ്റിസുമാരായ വിക്രമജിത് സിങ്ങും ശിവകീര്‍ത്തി സിങ്ങും അഭിപ്രായപ്പെട്ടു. മദ്യനയം ചോദ്യംചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.  

സംസ്ഥാനസര്‍ക്കാറിന് മദ്യവില്‍പ്പന നിയന്ത്രിക്കാനവകാശമില്ലെന്നു പറയാന്‍ ബാറുടമകള്‍ക്കവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചനക്ഷത്ര ബാറുകളെ എന്തുകൊണ്ട് കേസില്‍ കക്ഷിചേര്‍ത്തിട്ടില്ലെന്നും കോടതി ചോദിച്ചു. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണോ സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയമെന്നും കോടതി ആരാഞ്ഞു. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ അങ്ങനെ പരാമര്‍ശിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇതു പറഞ്ഞത്.

ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിലൂടെ പൂര്‍ണമായ നിരോധനമാണ് സര്‍ക്കാറിന്റെ മനസ്സിലുള്ളതെന്നു കരുതുന്നതില്‍ തെറ്റില്ല. നിയമംവഴി ലഭിക്കുന്ന അവകാശം നിയമനിര്‍മാണത്തിലൂടെത്തന്നെ ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒറ്റയടിക്ക് മദ്യം നിരോധിക്കുന്നത് ഉദ്ദേശിച്ച ഫലം നല്കില്ല. വ്യാജമദ്യമൊഴുകുന്നതിനും ഇതിടയാക്കുമെന്ന് ജസ്റ്റിസ് ശിവകീര്‍ത്തി സിങ് ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതിന് ഗുണംലഭിച്ചിരുന്നു. പുകവലി നിരുത്സാഹപ്പെടുത്തിയതോടെ വലിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഇപ്പോള്‍ ചെറുപ്പക്കാര്‍പോലും പുകവലിക്കാനിഷ്ടപ്പെടുന്നില്ല.

ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം സര്‍ക്കാര്‍ നയം രൂപവത്കരിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകവഴി സര്‍ക്കാര്‍ നടത്തുന്നത് ഒരു പരീക്ഷണമാണ്. നയം നടപ്പാക്കുമ്പോളുണ്ടാകുന്ന വീഴ്ചകളുംമറ്റും പരിഹരിക്കാന്‍ ഇതിലൂടെ സര്‍ക്കാറിനു കഴിയും. സര്‍ക്കാറിന്റെത് നല്ല ഉദ്ദേശ്യമായിരിക്കാമെന്നും രണ്ടംഗബെഞ്ച് അഭിപ്രായപ്പെട്ടു. മദ്യലഭ്യത കുറയുന്നതിനനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്ന് കോടതി ചോദിച്ചു.

ബാറുകളുടെ എണ്ണം കുറയുന്നതും മദ്യ ഉപഭോഗം കുറയ്ക്കും. ഇത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്നു കണ്ടറിയാം. എന്നാല്‍, ഇത്തരം നടപടികളെടുക്കാന്‍ സര്‍ക്കാറിനു സ്വാതന്ത്ര്യമില്ലേയെന്ന് കോടതി ചോദിച്ചു. മദ്യം വീട്ടില്‍ വാങ്ങിവെച്ചു കഴിക്കുന്നത് തെറ്റല്ല. വീട്ടില്‍വെച്ചു കഴിക്കുന്നതിനെ അസംബന്ധമെന്നു പറയാനുമാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനസര്‍ക്കാറിന് മദ്യവില്‍പ്പന നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്ന ഖൊഡെയ്‌സ് കേസിലെ വിധി കേസില്‍ ബാധകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.