കൊച്ചി: ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചതോടെതന്നെ, സംസ്ഥാനത്ത് 300 ബാറുകള്‍ പൂട്ടിയിരുന്നു. സുപ്രീം കോടതിയുടെ വിധി കൂടി വന്നതോടെ ഈ ബാറുകള്‍ ഇനി തുറക്കില്ലെന്നു വ്യക്തമായി. കേരളത്തില്‍ 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ ഇനി പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിനു പുറമെ, സംസ്ഥാനത്ത് 33 ക്ലബുകള്‍ക്ക് മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഉണ്ട്. സംസ്ഥാനത്താകെ 806 ബിയര്‍-വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നു.

 

ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ അനുമതി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തന്നെ സംസ്ഥാനത്ത് ഇതു നടപ്പായി. ഫൈവ് സ്റ്റാറിന് സമാനമാണ് ഫോര്‍ സ്റ്റാറും ഹെറിറ്റേജും എന്ന് കരുതാനാവില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്നു വിലയിരുത്തിയത്. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം മന്ത്രാലയമാണ് ബാറുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നത്  കോടതി വിലയിരുത്തി. 

മന്ത്രിസഭ അംഗീകരിച്ചതാണ് മദ്യനയം. അതിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടത്തില്‍ ബാര്‍ അനുമതി ഫൈവ് സ്റ്റാറിനു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഭേദഗതിയും വരുത്തിയിട്ടുണ്ട്. മദ്യനയത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന ബാറുടമകളുടെ വാദവും ഹൈക്കോടതി തള്ളി. വീര്യം കുറഞ്ഞ മദ്യം നല്‍കുകയെന്ന ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല. 

ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്. ബാറുകള്‍ പൂട്ടിയാല്‍ വീട്ടിലിരുന്ന് മദ്യപാനം വര്‍ധിക്കുമെന്ന ബാറുടമകളുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ബിവറേജസില്‍ നിന്ന് വാങ്ങിയാലും വീട്ടിലിരുന്ന് കഴിക്കണമെന്ന് വന്നാല്‍ ഉപയോഗം കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.