സുല്‍ത്താന്‍ ബത്തേരി: കേരള സര്‍ക്കാര്‍ കുടിനിര്‍ത്താന്‍ എന്തൊക്കെ ചെയ്താലും ബത്തേരിക്കാരെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല. താളൂരും എരുമാടും എല്ലാ സൗകര്യങ്ങളോടുംകൂടി മദ്യം ലഭ്യമാകുന്നിടത്തോളംകാലം കേരള സര്‍ക്കാര്‍ എന്തൊക്കെ നിയമം പ്രാബല്യത്തില്‍ വരുത്തിയാലും അതിനൊക്കെ പുല്ലുവിലയാണ് ബത്തേരിക്കാര്‍ക്ക്.

കേരളത്തില്‍ കിട്ടുന്നതിനേക്കാള്‍ വിലക്കുറവിലാണ് അതിര്‍ത്തികളില്‍ മദ്യം കിട്ടുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തിയായ താളൂരും എരുമാട്ടും മദ്യശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബത്തേരി ബിവറേജിന്റെ മുന്നിലേതുപോലെ നീണ്ടവരി നില്‍ക്കേണ്ട ആവശ്യം ഇവിടെയില്ല. ഇരുന്ന് മദ്യം കഴിക്കാന്‍ എല്ലാ സൗകര്യവുമുണ്ട്. അതിനാല്‍ ബത്തേരിയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും വൈകുന്നേരമായാല്‍ താളൂരേക്ക് ആളുകള്‍ വണ്ടികയറും.

സ്ത്രീകളടക്കം ഇവിടെ മദ്യം വാങ്ങാനെത്താറുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരും ഇവിടെനിന്ന് മദ്യം വാങ്ങിക്കുന്നുണ്ട്. എരുമാട്ടെ കാറ്റാടിമരങ്ങള്‍ നിറഞ്ഞ സ്ഥലം വൈകുന്നേരമായാല്‍ മദ്യം കഴിക്കാനെത്തുന്നവരുടെ ഓപ്പണ്‍ ബാറാണ്. പോലീസ് പരിസരത്തുതന്നെയുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്നുനടിക്കാറാണ് പതിവ്. മദ്യം കഴിക്കാനെത്തിയവരുടെ എണ്ണം കൂടിയതോടെ എം.ആര്‍.പി. യെക്കാളും വില കൂട്ടിയാണ് ഇവിടെ മദ്യം വില്‍ക്കുന്നത്. എന്നാല്‍, ആരും ഇത് ചോദ്യംചെയ്യാനൊന്നും നില്‍ക്കാറില്ല.

ഇവിടെനിന്ന് മദ്യം വാങ്ങി വീടുകളില്‍ സൂക്ഷിക്കുന്നവര്‍ നിരവധിയാണ്. അത്യാവശ്യക്കാര്‍ക്ക് പറയുന്നിടത്ത് എത്തിച്ചുകൊടുക്കാറുമുണ്ട്. മേപ്പാടിയിലെ ബിവറേജ് പൂട്ടിയതോടെ ഇവിടെനിന്ന് നിരവധി ആളുകള്‍ എരുമാട്ടെത്തുന്നുണ്ട്. അമ്പലവയല്‍, ചീരാല്‍, ബീനാച്ചി തുടങ്ങിയ പ്രദേശങ്ങളിലെ മദ്യപരുടെ സങ്കേതമായി മാറിയിരിക്കയാണ് എരുമാട്.