കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ ബാര്‍ വേണ്ടെന്ന സര്‍ക്കാര്‍ നയം ശരിവെച്ച സുപ്രീം കോടതി, പൂട്ടിയ ബാറിലെ തൊഴിലാളികള്‍ക്ക് പുനരധിവാസത്തിന് അവകാശമുണ്ടെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. പുനരധിവസിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് അക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 
 

പൂട്ടിയ ബാറിലെ തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മദ്യവില്പനയിന്മേല്‍ സെസ് ഏര്‍പ്പെടുത്തിയെങ്കിലും ആ തുക തങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ചില്ലെന്നാണ് ബാര്‍ തൊഴിലാളികളുടെ പരാതി. പുനരധിവാസ പദ്ധതി നടപ്പാക്കിക്കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജോലി നഷ്ടമായ തൊഴിലാളികള്‍.

18,000-ത്തിലധികം തൊഴിലാളികള്‍!ക്ക് നേരിട്ട് തൊഴില്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. അവരുടെ പുനരധിവാസത്തിന് അഞ്ച് ശതമാനം നിരക്കിലാണ് മദ്യവില്പനയിന്മേല്‍ സെസ് ഏര്‍പ്പെടുത്തിയതെന്ന് ഓള്‍ കേരള ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷനു വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു പറയുന്നു.

ആ ഇനത്തില്‍ ഏപ്രില്‍ മുതല്‍ പ്രതിമാസം 28 കോടിയോളം രൂപ സര്‍ക്കാര്‍ പിരിച്ചെടുക്കുന്നുണ്ടെങ്കിലും അത് തൊഴിലാളികള്‍ക്കു വേണ്ടി വിനിയോഗിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
അതുള്‍പ്പെടെയുള്ള കാര്യങ്ങളാവും ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍ ഉന്നയിക്കുന്നത്.

പൂട്ടിയ ബാറിനു പകരം അനുവദിച്ച ബിയര്‍, വൈന്‍ പാര്‍ലറില്‍ ജോലി ലഭിച്ചവരൊഴികെയുള്ളവര്‍ക്കാവും സര്‍ക്കാര്‍ പുനരധിവാസം ഒരുക്കേണ്ടി വരിക. ബാറിനു പകരമായി ഇവര്‍ക്ക് ജോലി നല്‍കാവുന്നത് ബിവറേജസ്! കോര്‍പ്പറേഷനിലാവും. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ ഓരോ വര്‍ഷവും 10 ശതമാനം വെച്ച് കുറച്ചു കൊണ്ടുവരുന്നതിനാല്‍ അവിടെ പുനരധിവാസം പ്രായോഗികമാവില്ല.
നേരത്തെ ചാരായ നിരോധം മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനിലെ ജോലിയില്‍ 25 ശതമാനം സംവരണം ചെയ്യണമെന്ന് കോടതിയുടെ നിര്‍ദേശം നിലനില്‍ക്കുന്നുമുണ്ട്. അതും കാര്യമായി നടപ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം കൊടുക്കലായിരിക്കും സര്‍ക്കാറിനു മുന്നിലുള്ള മറ്റൊരു സാധ്യത.