മയ്യഴി: കേരളത്തിന്റെ മദ്യനയം മാഹിക്കുമുകളില്‍ വീണ്ടും സമ്മര്‍ദമായി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചതോടെ തന്നെ ഇവിടേക്ക് മദ്യപരുടെ തള്ളിക്കയറ്റമായിരുന്നു. ഇടവേളയ്ക്കുശേഷം മാഹിയുടെ തെരുവീഥികള്‍ മദ്യപരെക്കൊണ്ട് നിറഞ്ഞു. ഒമ്പതര ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാഹിമേഖലയിലാകെ 30 മദ്യഷാപ്പുകളും 34 ബാറുകളുമാണുള്ളത്. അവധിദിവസങ്ങളില്‍ മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് മുമ്പിലെ തിരക്ക് കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന വിധമായിരുന്നു.

മാഹിയിലൂടെ കടന്നുപോകുന്ന ബസ്സുകളിലും ഇവരുടെ തള്ളിക്കയറ്റമാണ്. രാവിലെമുതല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് എത്തിയ ഇടത്തരം മദ്യപര്‍ ബാറുകളിലേക്ക് ഇടിച്ചുകയറും. വിലകുറഞ്ഞ മദ്യം തേടിയെത്തിയവരാകട്ടെ പാതയോരത്ത് ലഹരിയിലാകും. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മയ്യഴിയില്‍ സൗകര്യമില്ലാത്തതും ബാറുകളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു.

നിലവിലെ സാഹചര്യം മയ്യഴിയെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. ജനങ്ങളുടെ സമാധാനജീവിതവും ക്രമസമാധാനവും അപകടത്തിലാവും വിധമാണ് 'കുടിയേറ്റം' നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ബാറുകളെല്ലാം പൂട്ടിയതോടെ പന്തക്കല്‍ മേഖലയിലെ ബാറുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ വന്‍ തിരക്കായിരുന്നു.