കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്റെ നിലപാടുകളാണ് ബാര്‍ വിവാദത്തില്‍ പുതിയ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കിയത്. അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗത്തില്‍ എടുക്കാനാവാതെ വന്നപ്പോള്‍ സുധീരന് ഈ വിഷയത്തിലേക്ക് ചാടി വീഴുകയായിരുന്നു. ചില ബിഷപ്പുമാരും മദ്യനിരോധന സംഘടനകളും അദ്ദേഹത്തിനു പിന്തുണ നല്‍കിയതോടെ കാര്യങ്ങള്‍ പതിവുരീതികള്‍ വിട്ടുതുടങ്ങി.
അല്ലെങ്കില്‍ത്തന്നെ ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മില്‍ അത്ര ദൃഢമായ ബന്ധമുണ്ടായിരുന്നില്ല. ഇരുവരും ആന്റണിയുടെ അടിയുറച്ച അനുകൂലികള്‍ ആയിരുന്നു. കെ. കരുണാകരനെതിരെ അക്കാലത്ത് പട നയിച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയും സുധീരനുമായിരുന്നു. 1985-87 കാലത്ത് നിയമസഭ സ്പീക്കറായിരുന്ന സുധീരന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ മുള്‍മുനയില്‍ നിര്‍ത്തിയ കാര്യവും ഓര്‍ക്കേണ്ടതാണ്. പക്ഷെ, കരുണാകരനെ താഴെയിറക്കിയ ആന്റണി പക്ഷം എ.കെ. ആന്റണിയെ മുഖ്യമന്ത്രി പദത്തിലേറ്റി. പിന്നീടങ്ങോട്ട് കോണ്‍ഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് സുധീരന് പുറന്തള്ളപ്പെട്ടു. ഇതിനു കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് സുധീരന് ധരിക്കുകയും ചെയ്തു.
ഹൈക്കമാണ്ടിന്റെ ഇടപെടലില്‍ കെ.പി.സി.സി. അധ്യക്ഷനായി വന്ന വി.എം. സുധീരന് ആദ്യ രാഷ്ട്രീയനീക്കം നടത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ്. ആദ്യം കരിങ്കല്‍ ക്വാറികള്‍ പൂട്ടണമെന്ന ആവശ്യമുന്നയിച്ച്. രണ്ടാമത് ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍. രണ്ടിലും ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. അങ്ങനെയിരുന്നപ്പോഴാണ് ബാര്‍ വിവാദം സുധീരന്റെ കണ്ണില്‍പ്പെട്ടത്. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രയോഗിക്കാനുള്ള ഒരു ആയുധമായി സുധീരന് ഈ വിഷയം ചെത്തിമിനുക്കി എടുക്കുകയായിരുന്നു.
2014 മാര്‍ച്ച് 26 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പൂട്ടിക്കിടക്കുകയായിരുന്ന 418 ബാറുകള്‍ തുറക്കണമെന്ന നിര്‍ദേശമടങ്ങിയ ഫയല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടെ എക്സൈസ് മന്ത്രി കെ. ബാബു മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. നിയമവകുപ്പു കാണാതെയാണ് ഫയല്‍ മന്ത്രിസഭയിലെത്തിയത്. അതിന്റെ പേരില്‍ നിയമമന്ത്രി കെ.എം.മാണി എതിര്‍പ്പ് രേഖപ്പെടുത്തി. തീരുമാനം അന്നത്തെ മന്ത്രിസഭായോഗത്തിനു വിട്ടു.
പിറ്റേന്നുതന്നെ നിയമവകുപ്പു സെക്രട്ടറി മന്ത്രി മാണിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് അനുമതി നല്കിയ ശേഷം ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഏപ്രില്‍ രണ്ടിലെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് ഫയല്‍ വന്നെങ്കിലും പാസായില്ല. 2004 ലെ സി.എ.ജി. റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ഈ 418 ബാറുകളില്‍ നിലവാരമുള്ളവ മാത്രം തുറക്കാന്‍ അനുമതി നല്‍കാം എന്നതായിരുന്നു ഫയലിലെ നിര്‍ദേശം. ഇതിനിടയ്ക്ക് കേരള കോണ്‍ഗ്രസ്(എം) നെടുമ്പാശേറിയില് യോഗം ചേര്‍ന്ന് 418 ബാറുകളും തുറക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. സുധീരന് നിലപാടു ബലപ്പെടുത്തിയതോടെ കോണ്‍ഗ്രസിലും ഐക്യ ജനാധിപത്യ മുന്നണിയിലും സംഘര്‍ഷം ഉരുണ്ടു കൂടി. മുസ്ലീംലീഗും കേരളകോണ്‍ഗ്രസും സുധീരന്റെ നിലപാടിനോടു യോജിച്ചു. മുന്നണിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടു.
ബാര്‍ വിഷയം കേരളത്തിലെ വലിയൊരു രാഷ്ട്രീയപ്രശ്നവും പ്രതിസന്ധിയുമായി വളരുകയായിരുന്നു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ്. യോഗം വിളിച്ചു. 2014 ആഗസ്തില്‍ യോഗം ചേരുന്നതിന്റെ തലേന്ന് മുഖ്യമന്ത്രിയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു രഹസ്യം യോഗം നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചുറ്റുമിരുന്ന് ആന്റണി പക്ഷത്തെ പ്രമുഖരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബെന്നി ബെഹനാന്, കെ.ബാബു എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. രാത്രി പതിനൊന്നര മണിയോടെ തിരുവഞ്ചൂരും ബെന്നി ബഹനാനും മടങ്ങി. കെ. ബാബു അപ്പോഴും ക്ഷീണിതനായി മുഖ്യമന്ത്രിക്കു തൊട്ടടുത്തിരുന്നു. ഉമ്മന്‍ ചാണ്ടിയാവട്ടെ ഉത്സാഹത്തോടെ ഒരു കുറിപ്പു തയ്യാറാക്കുകയായിരുന്നു. ഇടയ്ക്ക് ബാബുവിനോട് ഒന്നുരണ്ടു ചേദ്യങ്ങള്‍. എഴുതിക്കഴിഞ്ഞ് ഉമ്മന്‍ചാണ്ടി കുറിപ്പ് ബാബുവിനെ വായിച്ചു കേള്‍പ്പിച്ചു. സമ്മതത്തോടെ ബാബു തലയാട്ടി.
പിറ്റേന്നു വൈകീട്ടായിരുന്നു ക്ലിഫ് ഹൗസില്‍ യു.ഡി.എഫ്. യോഗം. സുധീരന് തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ഇത്തവണ ഉമ്മന്‍ചാണ്ടിയെ മലര്ത്തിയടിക്കണമെന്ന് അദ്ദേഹത്തിന്റെ മനസ് മന്ത്രിച്ചിട്ടുണ്ടാവണം. 418 ബാറുകളും അടച്ചുപൂട്ടണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചുന്നയിച്ച് സുധീരന് പ്രസംഗിച്ചു. സി.എം.പി. നേതാവ് സി.പി. ജോണും ആര്.എസ്.പി. നേതാവി ഷിബു ബേബി ജോണും സുധീരനെ എതിര്‍ത്തു. 418 ല്‍ നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നും പ്രായോഗികമല്ലാത്ത നടപടികള്‍ സ്വീകരിക്കരുതെന്നും ഇരുവരും ശക്തിയായി ആവശ്യപ്പെട്ടു.
അവസാനം മുഖ്യമന്ത്രിയുടെ ഊഴമായി. തലേന്നു രാത്രി സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് മുഖ്യമന്ത്രി വായിച്ചു. 418 ബാറുകള്‍ മാത്രമല്ല, പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിക്കണമെന്ന നിര്‍ദേശമായിരുന്നു ഉമ്മന്‍ചാണ്ടി വായിച്ചത്. നേതാക്കള്‍ ഞെട്ടിത്തരിച്ചിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഹെറിറ്റേജ് ഹോട്ടലുകളും ഒഴികെ ഒരു ഹോട്ടലിലും ബാര്‍ ഉണ്ടാവില്ലെന്ന തീരുമാനമാണ് അന്ന് യു.ഡി.എഫ്. കൈക്കൊണ്ടത്. കരുത്തനായ കരുണാകരനെ വീഴ്ത്തിയ ഉമ്മന്‍ചാണ്ടിയെ പരാജയപ്പെടുത്താനും മാത്രം ശക്തി സുധീരന് ആര്‍ജിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ പോന്നതായിരുന്നു ഈ തീരുമാനം.
രാഷ്ട്രീയമായി ഉമ്മന്‍ചാണ്ടി മേല്‍ക്കൈ ഉറപ്പിച്ചെങ്കിലും 730 ബാറുകളും അടച്ചുപൂട്ടിയത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ വല്ലാതെ ബാധിച്ചു. സര്‍ക്കാറിന്റെ വരുമാനം കുത്തനെ കുറഞ്ഞു. പൊതുവായ സാമ്പത്തിക രംഗം ആകെ മാന്ദ്യത്തിലേക്കു നീങ്ങി. ബാറുകളില്‍ ജോലി ചെയ്തിരുന്ന 25,000 ലേറെ തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. അവരുടെ കുടുംബങ്ങളുടെ ഭാവിയില്‍ ഇരുട്ടു നിറഞ്ഞു. ബാറുകളുടെ നിലവാരം കൂട്ടാന്‍ നാലും അഞ്ചും കോടി രൂപ വായ്പയെടുത്ത ബാറുടമകള്‍ കടുത്ത പ്രതിസന്ധിയിലായി. ടൂറിസം മേഖല പ്രതിസന്ധിയിലേക്കു കടന്നു. ബാറുകള്‍ പൂട്ടിയത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ പലതരത്തില്‍ ബാധിച്ചു. ബാര്‍ കോഴ വിവാദവും കെ.എം. മാണിയുടെ രാജിയും ഈ വിവാദത്തിന്റെ ബാക്കിപത്രം.
ഇവിടെയാണ് ബാര്‍ പൂട്ടിയതിനു പിന്നിലെ രാഷ്ട്രീയം പ്രസക്തമാവുന്നത്. ബാറിനു പിന്നില്‍ പിന്നീടു തെളിഞ്ഞുവന്നത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാട്ടത്തിന്റെ പുതിയ പതിപ്പ്. മുമ്പ്് കരുണാകരനെ തിന്മയുടെ പ്രതീകമായി ചിത്രീകരിച്ച് ആദര്‍ശവാദികളുടെ വേഷമണിയാനാണ് ആന്റണി പക്ഷം ശ്രമിച്ചത്. ഐ.എസ്.ആര്.ഒ. ചാരക്കേസിന്റെ പേരില്‍ കരുണാകരനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനും ശ്രമം നടന്നു. ആന്റണി ആദര്‍ശവാനും കറപുരളാത്ത രാഷ്ട്രീയ നേതാവുമാണെന്ന പ്രതിച്ഛായ ഉറപ്പിക്കാന്‍ കരുണാകരണെ താറടിക്കേണ്ടി വന്നുവെന്നുപറയാം.
വി.എം.സുധീരനും അതേ കാര്‍ഡാണു കളിച്ചത്. മദ്യം സമൂഹത്തില്‍ വളരെ സങ്കീര്‍ണമായ വിഷയമാണ്. സുധീരന് മദ്യത്തെ തൊട്ടു രാഷ്ട്രീയം കളിക്കാനൊരുങ്ങിയപ്പോള് മറുപക്ഷത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരുന്നുവെന്ന കാര്യം വ്യക്തം. ഒരാള്‍ മാത്രം മദ്യംനിരോധനത്തിന്റെ വക്താവും ബാക്കിയെല്ലാവരും മദ്യലോബിയുടെ ആളുകളെന്നും വരുത്താന്‍ നോക്കേണ്ടെന്ന് വി.ഡി.സതീശന് തന്നെ ഒരു ഘട്ടത്തില്‍ തുറന്നടിച്ചു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പ്രസ്താവിച്ചു. സുധീരന്റെ 418 ബാറിനു പകരമായി 730 ബാറും പൂട്ടാനുള്ള നിര്‍ദേശം യു.ഡി.എഫ്്. യോഗത്തില്‍ ഉറച്ച ശബ്ദത്തില്‍ അവതരിപ്പിച്ച ഉമ്മന്‍ചാണ്ടി, മല്ലയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുകയായിരുന്നു.