തിരുവനന്തപുരം: മദ്യനയം പ്രായോഗികമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ്. മാതൃഭൂമി ഡോട്ട് കോമും തുളസി ഡെവലപ്പേഴ്‌സും ചേര്‍ന്നു സംഘടിപ്പിക്കുന്ന ജീവിതമാണ് ലഹരി- ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടതുകൊണ്ട് മാത്രം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ബാറുകളില്‍നിന്ന് മദ്യം ലഭിക്കുന്നതിനെക്കാള്‍ നല്ലതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്ന് മാത്രം മദ്യം ലഭിക്കുന്ന അവസ്ഥ. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. 

Logoസിനിമയില്‍ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിനിമയിലൂടെ മാത്രമല്ല പുസ്തകം വായിച്ചും മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ടും യുവാക്കള്‍ വഴിതെറ്റാമെന്ന് അദ്ദേഹം പറഞ്ഞു. സിനിമകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. 

നല്ലകാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും പ്രോത്സാഹനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന് ജനങ്ങള്‍ വിവരം കൈമാറുകയാണ് വേണ്ടത്. വിവരം നല്‍കാനുള്ള രണ്ട് മൊബൈല്‍ നമ്പറുകളും 9061178000, 9447178000 അദ്ദേഹം നല്‍കി. ലഹരിവസ്തുക്കള്‍, സ്പിരിറ്റ്കടത്ത്, വാഷ്, കോട, അരിഷ്ടം വില്‍പ്പന തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ നമ്പറുകളില്‍ അറിയിക്കാം.

സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും  ഉന്നയിക്കപ്പെട്ടു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും  സ്ത്രീകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നിയമങ്ങളെപ്പറ്റി ബോധവതികള്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശല്യപ്പെടുത്തുക, പിന്തുടരുക, മൊബൈല്‍ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുക, അപമാനിക്കുക എന്നിവയെല്ലാം തടയാന്‍ ശക്തമായ വകുപ്പുകള്‍ നിയമത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനു ശേഷം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്തുതരത്തിലുള്ള ശല്യമുണ്ടായാലും സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാം.

തെറ്റിദ്ധാരണമൂലം ഒറ്റത്തവണ മയക്കുമരുന്ന് ഉപയോഗിച്ച് നോക്കുന്ന പലരും പിന്നീട് മയക്കുമരുന്നിന് അടിമകളായി മാറുന്നു. പ്രായപൂര്‍ത്തി ആകാത്തവരാണ് മയക്കുമരുന്നുകളിലേക്ക് വഴുതി വീഴുന്നവരില്‍ അധികവും. മയക്കുമരുന്നില്ലാതെ പാര്‍ട്ടി നടത്താനാകില്ലെന്ന ധാരണ തിരുത്തണം. പാര്‍ട്ടി ഒരു രാത്രികൊണ്ട് അവസാനിക്കുന്നു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗം ശീലമായി മാറുന്നു. ലഹരി ഗുളികകള്‍ അടക്കമുള്ളവ വാങ്ങാന്‍ ഭാരിച്ച ചിലവാണ്. 500 രൂപയെങ്കിലും ഇല്ലാതെ ഗുളിക വാങ്ങാനാകില്ല.

പണം കണ്ടെത്തുന്നതിനുവേണ്ടി മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടേണ്ടിവരുന്നു. പിന്നീട് അമ്മയെ കൊലപ്പെടുത്തുക, തൊഴില്‍ ഉടമയെ കൊലപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളും പലരും ചെയ്യുന്നു. കുട്ടികള്‍ പലരും വീടുവിട്ട് ഓടിപ്പോകുന്നതും മയക്കുമരുന്നിന്റെ സ്വാധീനത്തില്‍പ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.