കഞ്ചാവിന്റെ ചരിത്രത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ടെന്ന് ചിലര്‍. കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നും പ്രായപൂര്‍ത്തിയായവര്‍ മാത്രം ഉപയോഗിക്കുന്നതാണ് ശരിയെന്നും പറയുന്ന മറ്റൊരു വിഭാഗം. ഇത്തരം ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായും നിരോധിക്കണമെന്ന് ഇനിയും ചിലര്‍. കഞ്ചാവ് കൈവശം വെക്കുന്നത് ശരിയോ തെറ്റോ? അടുത്ത കാലത്തായി കാസര്‍കോട്‌ ജില്ലയിലേക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ഈ ലഹരി ഒഴുകുകയാണ്. കഞ്ചാവ് കേസില്‍ നിയമം നോക്കുകുത്തിയാകുന്നുവെന്നാണ് കാസര്‍കോട്‌ ജില്ലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. 

കഞ്ചാവിന്റെ ഇടനാഴി

കഞ്ചാവ് വേട്ടയ്ക്കിടയിലെ സംഘര്‍ഷാവസ്ഥയും യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് അനുദിനം ലഭിക്കുന്നത്. എന്നാല്‍ കൃത്യമായി ഇതിന്റെ ഉറവിടം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും പിടിക്കപ്പെടുന്നവര്‍ വില്പനക്കാര്‍ മാത്രമാണെന്നും പോലീസ് പറയുന്നു.

'ഡി.വൈ.എസ്.പി സാര്‍ ആഴ്ചകളോളം  ഗോദാവരിയില്‍ പോയി കാത്തുകിടന്നു. അവിടുത്തെ പോലീസുകാരും ഉന്നതന്‍മാരും കഞ്ചാവ് കൃഷിയെപ്പറ്റിയുള്ള  വിവരങ്ങള്‍ തരാന്‍ മടിക്കുന്നവരാണ്. എന്നിരുന്നാലും വളരെ പണിപ്പെട്ട്‌ കണ്ടെത്തിയ  ചില വസ്തുതകളുണ്ട്. വര്‍ഷങ്ങളായി ഈ തൊഴില്‍ ചെയ്യുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയുന്നില്ലെന്നതാണ് യഥാര്‍ഥ വസ്തുത'. കാസര്‍കോട്‌കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ലക്ഷ്മി നാരായണന്റെ വാക്കുകള്‍.

ganja
വിവിധ കഞ്ചാവ് കേസുകളില്‍ കാസര്‍ഗോഡ് നിന്ന് പിടികൂടിയവര്‍

'കാസര്‍കോട്‌ നിന്ന് വാഹനമെടുത്ത് നമ്മള്‍ പോയാല്‍ ഒഡിഷയിലെ ഗോദാവരി എന്ന സ്ഥലത്ത് നിര്‍ത്തണം. കഞ്ചാവ് എത്തിച്ചുതരുന്ന ആളുമായി നമുക്ക് വാട്‌സ് ആപ്പ് വഴി ബന്ധപ്പെടാം. അവര്‍ പറയുന്ന സ്ഥലത്ത് നമ്മള്‍ എത്തിയാല്‍ വാട്‌സ് ആപ്പ് ഓണ്‍ ചെയ്യാന്‍ നമ്മളോട് പറയും. അന്നത്തെ ദിനപത്രത്തില്‍ കഞ്ചാവ് ചൊരിഞ്ഞ് വീഡിയോ അവര്‍ നമുക്ക് അയക്കും. സാധനം 'ഫ്രഷ്'  ആണെന്ന് അറിയിക്കാനാണ് ആ ദിവസത്തെ തിയതി കാണത്തക്കവിധമുള്ള പത്രം തന്നെ ഉപയോഗിക്കുന്നത്. ഇത് വേണോ? വേണ്ടയോ?  തീരുമാനം നിങ്ങളുടേതാണ്. വേണമെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്തെത്തി പൈസ നല്‍കണം. പൈസ വാങ്ങാന്‍ വരുന്നയാള്‍ ആയിരിക്കില്ല കഞ്ചാവ് വില്‍ക്കാന്‍ എത്തുന്നത്. ഓട്ടോറിക്ഷയില്‍ വരുന്ന വില്‍പ്പനക്കാരന്‍ കഞ്ചാവ് പൊതി എറിഞ്ഞിട്ടു പോകുകയാണ് ചെയ്യുന്നത്. അവരെ കാണാന്‍ പോലും നമുക്ക് കഴിയില്ല. വണ്ടിയുടെ നമ്പര്‍ പിന്തുടര്‍ന്നാണ് പലരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷേ ജീവന്‍ പണയം വെച്ചുള്ള 'ഓപ്പറേഷന്‍' ആണ് ഇത്. '  കാസര്‍കോട്ടേക്ക് കഞ്ചാവ് ഒഴുകുന്ന വഴികളെക്കുറിച്ചുള്ള ഏകദേശ ചിത്രം അദ്ദേഹം വ്യക്തമാക്കുന്നു.

ബുര്‍ഖ ധരിച്ച സ്ത്രീകളെക്കൊണ്ട് കഞ്ചാവ് ആവശ്യക്കാരിലെത്തിക്കുന്നുണ്ട്. 10 ക്വിന്റല്‍ വരെ കഞ്ചാവ് കാസര്‍കോട്‌ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പണ്ട് ഒരു പാക്കറ്റിന് 20 രൂപയായിരുന്നു വില. ഇന്ന് 150 രൂപ മുതല്‍ 200 വരെയാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നത്. വിജനമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്.'

ganja

നിയമം മാറ്റൂ; കുടുംബങ്ങളെ രക്ഷിക്കൂ

'ഒരു കിലോയില്‍ താഴെയാണ് പിടിക്കപ്പെടുന്ന കഞ്ചാവിന്റെ അളവെങ്കില്‍ അത് കുറഞ്ഞ അളവായിട്ടാണ് പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പോയി ജാമ്യാപേക്ഷ നല്‍കിയാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാം. നിലവിലുള്ള നിയമ പ്രകാരം ഒരു കിലോയില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെച്ചയാളെ മാത്രമേ റിമാന്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാന്‍ കഴിയു. നിയമത്തില്‍ ഭേദഗതി വരുത്തി നൂറ് ഗ്രാം കഞ്ചാവ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാക്കി മാറ്റണം.' കഞ്ചാവുകേസുകളില്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കാസര്‍കോട്‌ ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ ഓര്‍മപ്പെടുത്തുന്നു. 

കഞ്ചാവ് കൈവശം വെക്കുന്നവര്‍ ലക്ഷ്യമാക്കുന്നത് വന്‍ലാഭം തന്നെയാണ്. മുന്‍ കാലത്ത് മോഷണം തൊഴിലാക്കിയുരുന്നവര്‍ ഇപ്പോള്‍ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഈ തൊഴിലില്‍ അവര്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വമാണ് പ്രധാന കാരണം.

'കാസര്‍കോട്‌ ജില്ലയില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഈ വര്‍ഷം കഞ്ചാവ് വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവ് ഒഴുകുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വഴിയാണ് കഞ്ചാവിന്റെ ഏറിയ പങ്കും കാസര്‍ഗോഡ് എത്തുന്നത്.  അവര്‍ക്ക് സാധാരണ ഭക്ഷണം കഴിക്കുന്നതുപോലെയുള്ള ശീലമാണ് ഇത്. വന്‍ലാഭമാണ് കഞ്ചാവ് വില്‍പ്പനയിലൂടെ അവര്‍ നേടുന്നത്. ചെറിയ അളവ് കടത്തിക്കൊണ്ടു വരുന്ന അവര്‍ കൊള്ളലാഭത്തില്‍ വില്‍പ്പന നടത്തുന്നു. അഥവാ പിടിക്കപ്പെടുകയാണെങ്കില്‍ 2500 രൂപ പിഴ അടച്ച് രക്ഷപ്പെടാം. ഇതു തന്നെയാണ് കഞ്ചാവ് വില്‍പ്പന ഇത്രയധികം വര്‍ധിക്കാന്‍ കാരണം.' വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സി.ഐ ബാബു പെരിങ്ങത്ത് വ്യക്തമാക്കുന്നു. 

കഞ്ചാവിന് ഉപഭോക്താക്കള്‍ വളരെയേറെ വര്‍ദ്ധിച്ചു. ഒരു കുടുംബം മുഴുവന്‍ നശിപ്പിക്കുന്ന കഞ്ചാവ് കൈവശം വെച്ചാല്‍ വെറും 2500 രൂപ പിഴ അടച്ച് രക്ഷപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Ganja

'കഞ്ചാവ് വളരെ എളുപ്പത്തില്‍ ഇന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് ലഭ്യമാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ ഒരു നിയന്ത്രണവുമില്ലാതാകുന്ന കാലമാണിതെന്ന് സി.ഐ ബാബു പറയുന്നു. കഴിഞ്ഞ ദിവസം ഞാന്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈയില്‍ നിന്നും കഞ്ചാവിന്റെ ചെറിയ കെട്ട് പിടിച്ചെടുത്തു. ഒരു ചേട്ടന്‍ തന്നതാണെന്നാണ് കുട്ടി എന്നോട് പറഞ്ഞത്. ആ കുട്ടി ഒരിക്കലും വീട്ടില്‍ ആരോടും ഇക്കാര്യം പറയില്ല. സ്വാഭാവികമായും കഞ്ചാവിന്റെ രസം എന്താണെന്ന് അവന്‍ പരീക്ഷിച്ചറിയും. അങ്ങനെ ഒരു ഇര ജനിക്കപ്പെടുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നിരവധി രക്ഷിതാക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് സ്വന്തം കുട്ടികളെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയും?' സി.ഐയുടെ ചോദ്യശരം രക്ഷിതാക്കള്‍ക്കു നേരെ നീളുന്നു. 

കഞ്ചാവ് കടത്തുന്ന രീതികള്‍ തന്നെ അവിശ്വസനീയമാണ്. നിലത്തിട്ടാല്‍ പൊട്ടാത്ത രീതിയില്‍ ചുടുകട്ടയേക്കാളും ഉറപ്പുള്ള ചതുരക്കട്ടകളാക്കിയാണ് കഞ്ചാവ് കടത്തുന്നത്. മുല്ലപ്പൂ കൊണ്ട് ഈ ചതുരക്കട്ടകള്‍ മൂടിയാണ് ഓപ്പറേഷന്‍. 

നിയമം മൂലം നിരോധിക്കണം

കഞ്ചാവ് കൈവശം വെക്കുന്നതിന്റെ നിയമ വശത്തെക്കുറിച്ച് കോഴിക്കോട് ജില്ലാ കോടതിയിലെ അഡ്വ. സുരേന്ദ്രന്‍ പറയുന്നു- 'ഒരു കിലോഗ്രാമില്‍ കുറവ് കഞ്ചാവ് കൈവശം വെക്കുന്ന ഒരാള്‍ക്ക് നിയമപരമായി ശിക്ഷ ലഭിക്കുന്നില്ല്. അയാളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. അതുകൊണ്ട് 2500 രൂപ മുതല്‍ 10,000 രൂപ വരെ പിഴ അടച്ചാല്‍ അത്തരക്കാര്‍ക്ക് രക്ഷപ്പെടാം. വലിയ അളവില്‍ കൈവശം വെക്കുന്ന കഞ്ചാവ് യഥാര്‍ത്ഥത്തില്‍ വില്‍പ്പനച്ചരക്കായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് അവര്‍ ശിക്ഷിക്കപ്പെടുന്നു. ശിക്ഷാ നടപടികളിലൂടെ തടയപ്പെടുന്നത് യഥാര്‍ഥത്തില്‍ കഞ്ചാവിന്റെ വില്‍പ്പനയാണ്. കഞ്ചാവ് കൈവശം വെക്കുന്നത് എല്ലാ അര്‍ത്ഥത്തിലും  കുറ്റകരമാണ്. അതുകൊണ്ട് കഞ്ചാവ് പൂര്‍ണ്ണമായും നിരോധിക്കുകയാണ് വേണ്ടത്.'

കഞ്ചാവിനെതിരെയുള്ള നിയമങ്ങള്‍ ശക്തമല്ല. നൂറ് ഗ്രാം ആണെങ്കില്‍പ്പോലും അതുണ്ടാക്കുന്ന ലഹരിയെപ്പറ്റിയും അതുവഴി അനാഥമാകുന്ന കുടുംബങ്ങളെപ്പറ്റിയും ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.