MB Sreenivasanചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഈ സംഗീതജ്ഞനൊപ്പം ആയിരം പേര്‍ ഉണ്ടായിരുന്നു. സംഗീതത്തെ ഉപാസനാമൂര്‍ത്തിയായി കണ്ട എം.ബി ശ്രീനിവാസന്റെ സ്വകാര്യ ജീവിതത്തില്‍ ദു:ഖം എന്നും പിരിയാത്ത സ്വന്തക്കാരനായിരുന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുടെ ബാലപാഠങ്ങള്‍ പഠിക്കാന്‍ പോയ സ്വന്തം മകന്‍ മയക്കുമരുന്നിന് അടിമയായി ജീവിതം തകര്‍ത്തുകളഞ്ഞതോര്‍ത്ത് തേങ്ങിക്കരഞ്ഞ ഒരച്ഛന്‍. 'ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളില്‍ വീണ സ്വന്തം മുത്തി'നെയോര്‍ത്ത് വേദനിച്ചപ്പോഴും സംഗീതം ഭാഷകള്‍ക്കതീതമാണെന്നും അത് മനുഷ്യമനസ്സിന്റെ ആവേശമാണെന്നും അദ്ദേഹം തെളിയിച്ചു. 

കിട്ടുന്ന പ്രതിഫലം മുഴുവന്‍  മദ്യഷാപ്പുകളില്‍ക്കൊണ്ടു ചെന്നു കൊടുക്കുന്ന സംഗീതജ്ഞരുടെ  സ്ഥിരം ശൈലി അവസാനിപ്പിക്കാന്‍ സിനി മ്യൂസിഷന്‍സ് യൂണിയന്‍ എന്ന സംഘടനയിലൂടെ അദ്ദേഹം ശ്രമിച്ചു. മദ്യലഹരിയില്‍ ഷാപ്പുകളില്‍ സംഗീത വിരുന്നൊരുക്കുന്ന കലാകാരന്‍മാരുടെ ജീവിത ശൈലി മാറ്റിയെടുത്തത് എം. ബി ശ്രീനിവാസനായിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ എം.ബി ശ്രീനിവാസന്‍ എന്ന സംഗീതജ്ഞനെ ആരാധനയോടെ നോക്കിക്കണ്ടു. എന്നിട്ടും സ്വന്തം ജീവിതത്തിന്റെ തന്ത്രികള്‍ പൊട്ടിത്തകര്‍ന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.

MB Sreenivasan
എം.ബി ശ്രീനിവാസന്‍

ആ ജീവിതാനുഭവം നേരില്‍ക്കണ്ടു മനസ്സിലാക്കിയ പി.കെ ശ്രീനിവാസന്‍ എഴുതിയ ' കോടമ്പാക്കം ബ്ളാക് ആന്റ് വൈറ്റ്'  എന്ന പുസ്തകത്തിലെ ' സംഗീതത്തിന്റെ ഉന്‍മാദ യാത്രകള്‍'  എന്ന ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ. 

' എം.ബി.എസിന്റെ മനസ്സിനെ താറുമാറാക്കിയ വിഹ്വലതകള്‍, 1986-ന്റെ അന്ത്യത്തില്‍ കെ.കെ നഗറിലെ പതിനൊന്നാമത്തെ സെക്ടറിലെ വീട്ടില്‍വെച്ചു ഞാന്‍ നേരിട്ടനുഭവിച്ചതാണ്. സമയം നിശ്ചയിച്ചാണ് ഞാന്‍ എത്തുന്നത്.പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുരന്ത ദൃശ്യങ്ങളാണ് എന്നെ സ്വീകരിച്ചത്. അതൊക്കെ സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും അറിയില്ലായിരുന്നു.വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജും ടി വിയും ഫാനും വാഷിങ് മെഷീനുമൊക്കെ തകര്‍ന്നു കിടക്കുന്നു.എന്ത് സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായില്ല. ആ അവശിഷ്ടങ്ങളുടെയിടയില്‍ ഒരറ്റത്ത് കസേരയില്‍ അല്‍പം ഖിന്നനായി എം.ബി.എസ് ഇരിക്കുന്നു.എന്നെക്കണ്ടപാടേ അദ്ദേഹം എഴുന്നേറ്റുവന്നു സ്വീകരിച്ചു. കസേര തന്നു.സിനിമയിലെ സംഗീതത്തിലുണ്ടായിരിക്കുന്ന അന്നത്തെ അപചയത്തെക്കുറിച്ചായിരുന്നു ഞങ്ങള്‍ 45 മിനിറ്റോളം സംസാരിച്ചത്.

അതിനിടയില്‍ അകത്തു മകന്‍ നടത്തുന്ന യുദ്ധത്തിന്റെ കലാശക്കൊട്ട് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.ഉള്ളറകളില്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന അമ്മയുടെ സാന്ത്വന വചസ്സുകള്‍ ഇടയ്ക്കിടെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.സ്വന്തം വിഷയത്തിലൂന്നി കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടേ എം.ബി.എസ് എന്നെ യാത്രയാക്കിയുള്ളു. ഗേറ്റുവരെ എന്നെ അനുഗമിച്ച ആ മനുഷ്യന്റെ മുഖത്ത് അദ്ദേഹത്തിന്റെ തന്നെ ഏതോ വിഷാദഗാനത്തിലെ ഈരടികള്‍ അലയടിക്കുന്നുണ്ടായിരുന്നു.

പ്രശസ്ത സ്വാതന്ത്യ സമരസേനാനിയും കാശ്മീരിയുമായിരുന്ന ഡോക്ടര്‍ സെയ്ഫുദ്ദീന്‍ കിച്ലുവിന്റെ മകള്‍ ഷാഹിദ കിച്ലുവായിരുന്നു എം.ബി ശ്രീനിവാസന്റെ ഭാര്യ. ദേശീയബോധവും മതേതര കാഴ്ചപ്പാടുമുള്ള പിതാവിന്റെ മകള്‍. അദ്ദേഹത്തിന്റെ സംഗീത-സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായിരുന്നു, സുഹൃത്തുക്കള്‍ ഭാഭി എന്നു വിളിച്ചിരുന്ന ഷാഹിദ.

MB Sreenivasn

അവരെ പലപ്പോഴും പാകിസ്ഥാനിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ ശ്രമിച്ചിരുന്നു. പക്ഷേ എം.ബി.എസിനെ വിട്ടൊരു ജീവിതമില്ലെന്ന നിലപാടിലായിരുന്നു അവര്‍. അവരുടെ മകന്‍ കബീര്‍ അച്ഛനെപ്പോലെ മിടുക്കനായിരുന്നു. സംഗീതത്തിലും ഇംഗ്‌ളീഷ് കവിതയിലുമൊക്കെ തല്‍പ്പരന്‍.

അഡയാര്‍ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ പോയതോടെ കബീര്‍ വഴിതെറ്റി. കൂട്ടുകെട്ടുകള്‍ ആ യുവാവിനെ മയക്കുമരുന്നിന്റെ സങ്കേതത്തിലെത്തിച്ചു. അതില്‍ നിന്നുള്ള മോചനം അപ്രാപ്യമായി. തുടര്‍ന്നു കബീര്‍ സ്‌കിസോഫ്രീനിയ എന്ന മാരക രോഗത്തിന് അടിമയായി. മാനസിക രോഗ ചികിത്സയിലും കാര്യമായ മാറ്റമുണ്ടായില്ല. എം.ബി.എസിനെയും ഭാഭിയെയും ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു മകന്റെ രോഗം. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കണ്ടതൊക്കെ തല്ലിപ്പൊട്ടിക്കും. കെ.കെ നഗറിലെ വീട്ടില്‍വെച്ച് ഞാന്‍ കണ്ടത് ആ രോഗമൂര്‍ച്ഛയുടെ പാരമ്യതയായിരുന്നു. ആ സംഭവത്തിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് (1998 മാര്‍ച്ച്) ലക്ഷദ്വീപില്‍ വെച്ച് എം.ബി.എസ് അന്തരിക്കുന്നു. നാലുവര്‍ഷം കഴിഞ്ഞ് ഷാഹിദയും അന്തരിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ട് അനാഥനായ മകന്‍ കബീര്‍ ഏഴുവര്‍ഷം കൂടി ജീവിച്ചിരുന്നു.'  ലേഖകന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. 

എം.ബി.ശ്രീനിവാസന്‍-ഒ.എന്‍.വി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ക്ക് അപൂര്‍വ ചാരുതയായിരുന്നു. 'ഒരു വട്ടം കൂടിയെന്‍', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ' തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ ഒരു കാലത്തും മറക്കില്ല. സംഗീതവും കുടുംബവും ഒരു തന്ത്രിയില്‍ ആവാഹിക്കാന്‍ അദ്ദേഹത്തിനായില്ല. അച്ഛന്റെയും അമ്മയുടെയും കരുതലില്ലെങ്കില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകാമെന്നതാണോ ഇവര്‍ നല്‍കുന്ന ജീവിതപാഠം? അതോ കൂട്ടുകെട്ടിലൂടെ കുട്ടികള്‍ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോകുന്നുവെന്നതാണോ?

എന്തുതന്നെയായാലും എം.ബി.ശ്രീനിവാസന്‍ എന്ന സംഗീതജ്ഞന്‍ ഈണം പകര്‍ന്ന വിഷാദഗാനങ്ങളില്‍ അന്വര്‍ത്ഥമായ വരികള്‍ ഒരുപക്ഷേ ഇതുതന്നെയായിരിക്കാം.....
' കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍ 
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍ 
കണ്ണുനീര്‍ചിപ്പികളോ നിറച്ചിരുന്നു ! '