പതിനാറാമത്തെ വയസ്സുമുതല്‍ മദ്യപിച്ചു തുടങ്ങിയതാണ് മനോജ്. എസ്.എസ്.എല്‍.സി പരീക്ഷ നാലുതവണ എഴുതിതോറ്റ കൂട്ടുകാരന്‍ അടുത്ത തവണ പരീക്ഷ എഴുതി വിജയിച്ചപ്പോള്‍ ആഹ്‌ളാദം പങ്കുവെക്കാന്‍ സംഘടിപ്പിച്ച  പാര്‍ട്ടിയിലാണ്  ആദ്യമായി മദ്യത്തിന്റെ രുചി അറിയുന്നത്. 

manoj
മനോജ്

'അന്ന് മദ്യപിക്കുന്ന കുട്ടികള്‍ക്ക് കാരണവന്‍മാരെ പേടിയുണ്ട്. ഇന്ന് അങ്ങനെയൊരു സംഭവമേയില്ല. പണ്ട് ഒളിച്ചും പാത്തുമായിരുന്നു മദ്യപിക്കാന്‍ പോയിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് എന്തു കോലാഹലവും കാണിക്കാം. മനസ്സിന് ഭയങ്കര ധൈര്യമാണ്.' കാലം മാറിയപ്പോള്‍ മനസ്സും മാറിയെന്ന് വ്യക്തമാക്കുകയാണ് മനോജ്.

ഇന്‍ഷൂറന്‍സ് ഓഫീസിലെ സെയില്‍സ്മാന്‍ ആയിരുന്നു മനോജ്. മദ്യപാനം തൊഴിലാക്കിയതോടെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. '  ഒരു ഓഫീസറായ എന്നെപ്പോലെയുള്ള ഒരുത്തന്‍ റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കമ്പനിയിലുള്ളവര്‍ക്ക് സഹിച്ചില്ല. അങ്ങനെയാണ് ജോലി പോയത്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ആരും പറഞ്ഞു തന്നില്ല. ജോലി കഴിഞ്ഞ് 'ഫ്രീ' ആകുമ്പോള്‍ മദ്യപിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു.'

സ്ത്രീകളാണ് പുരുഷന്‍മാരെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് മനോജ്. ' ഇന്ന് മദ്യപിക്കണ്ട എന്നു വിചാരിച്ചാല്‍ പോലും വീട്ടിലുള്ള സ്ത്രീകള്‍ വെറുതെ വിടില്ല. ഉടനെ ചോദ്യം വരും- നിങ്ങള്‍ എന്താ മനുഷ്യാ ഇന്ന് കുടിക്കുന്നില്ലേ? . വൈകുന്നേരമായാല്‍ എങ്ങനെ ഇവളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുമെന്നാണ് ഒരു മനുഷ്യന്‍ സ്വാഭാവികമായും ചിന്തിക്കുന്നത്. അങ്ങനെ വീണ്ടും ബോധം നഷ്ടപ്പെടുന്നതു വരെ മദ്യപിക്കും.' 

മദ്യത്തിന്റെ ലഹരി എന്നു പറയുന്നത് യഥാര്‍ഥത്തില്‍ ഉന്മാദമാണ്. മദ്യപാനത്തേക്കാള്‍ വലിയ പല കാര്യങ്ങളും ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് മനോജ് മനസ്സിലാക്കിയത് പ്രതീക്ഷ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്. മദ്യമല്ല ലഹരി. കുടുംബ ബന്ധങ്ങളാണ് യഥാര്‍ഥ ലഹരിയെന്ന് മനോജ് തിരിച്ചറിയുന്നു.

'നീയൊക്കെ എന്തൊരു മനുഷ്യന്‍? മദ്യപിക്കാത്തവന്‍ ആണാണോ?'

'ഞാന്‍ എങ്ങനെ മദ്യപാനിയായി മാറിയെന്നത് എനിക്ക് ഇതുവരെ മനസ്സിലാകാത്ത കാര്യമാണ്. കെട്ടിട നിര്‍മാണത്തൊഴിലാളിയായിരുന്നു ഞാന്‍. മദ്യമില്ലാത്ത ഒരു ആഘോഷവുമില്ലായിരുന്നു. എവിടെ ചെന്നാലും കേള്‍ക്കുന്ന ഒരേ ഒരു കാര്യം ഇതായിരുന്നു- ' മദ്യപിക്കാത്തവന്‍ ആണാണോ?'. '   കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ സ്വദേശിയായ പ്രദീപാണ് മദ്യത്തിന് ജീവിതത്തില്‍ നല്‍കിയ അമിതമായ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത്. 

'ഇഷ്ടം പോലെ പൈസയുടെ പണി ഞാന്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളമടിച്ച് പേപ്പട്ടിയെപ്പോലെ പണിയെടുക്കും. ജീവിതത്തില്‍ ലക്ഷ്യങ്ങളില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മദ്യപാനം നിര്‍ത്തിയപ്പോള്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള ജോലി മാത്രമേ ഞാന്‍ ചെയ്യുന്നുള്ളു.' പ്രദീപ് പറയുന്നു.

ബോധവല്‍ക്കരണം കൊണ്ടു മാത്രം മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിയില്ല. ഏറ്റവും പ്രധാനം സ്വന്തം മനസ്സാണ്. എ.എ കൂട്ടായ്മയിലൂടെയാണ് പ്രദീപ് പുതിയ മനുഷ്യനായി മാറിയത്. കോടിക്കണക്കിന് ആസ്തിയുള്ളവരും വട്ടപ്പൂജ്യമായവരും ഒരുപോലെ കൂട്ടായ്മയില്‍ പങ്കാളികളാകുന്നുണ്ടെന്ന് പ്രദീപ് പറയുന്നു.