'ഇല്ല, ഞാന്‍ മദ്യപാനം നിര്‍ത്തി. ഇനി വല്ലപ്പോഴുമൊക്കെ എനിക്ക് കുടിച്ചാലും കുഴപ്പമില്ലല്ലോ.' ചികിത്സ കഴിഞ്ഞ് മദ്യപാനം നിര്‍ത്തിയ രോഗികളുടെ സ്ഥിരം ഡയലോഗ് ആണ് ഇത്. തികച്ചും അബദ്ധധാരണയാണ്  ഇത്. മദ്യപാനത്തിന് അടിമയായി ചികിത്സയ്ക്ക് വിധേയനായ ഒരാള്‍ വല്ലപ്പോഴും രണ്ട് പെഗ് അകത്താക്കിയാല്‍ വീണ്ടും ആ ദുശ്ശീലത്തില്‍ അകപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ' അഡിക്ഷന്‍'  എന്നത് വെറും മാനസികം മാത്രമാണോ? അതോ അതിന്റെ പിന്നില്‍ വിശദീകരിക്കപ്പെടേണ്ട വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ? 

 ഇത്തരം കാര്യങ്ങളെക്കുറിച്ച് 'ഇന്റര്‍ നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ്' നെ ആധാരമാക്കിയുള്ള അറിവുകള്‍ പങ്കുവെക്കുകയാണ് ഡോ.ശില്‍പ്പ. ന്യൂ ഡല്‍ഹിയിലെ ഗോവിന്ദ് വല്ലഭ് പാന്ത് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ സൈക്യാട്രി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ആണ് ഡോ. ശില്‍പ്പ.

എന്താണ് അഡിക്ഷന്‍ ?

മദ്യപിക്കുന്ന എല്ലാവരും ഈ ദുശ്ശീലത്തിന് അടിമയാണെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ 'ഡിപ്പന്റന്‍സ് സിന്‍ഡ്രോം' ആണ് അഡിക്ഷന്‍. 

ചികിത്സയ്ക്കു വരുമ്പോള്‍ ഒരു മദ്യപാനി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്ന് കാര്യങ്ങള്‍ക്ക് അനുകൂലമായ മറുപടി തരികയാണെങ്കില്‍ അയാള്‍ മദ്യപാനത്തിന് അടിമയാണെന്ന് പറയാം. 

1. Craving:  ലഹരി ഉപയോഗിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഇത്. 
2. Loss of control: മദ്യപാനം ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്. മദ്യം കഴിക്കില്ലെന്ന് തീരുമാനിച്ചാലും വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന തോന്നലാണ് ഇവിടെ ഉണ്ടാകുന്നത്.
3. Withdrawal: മദ്യം കിട്ടിയില്ലെങ്കില്‍ അഥവാ കിട്ടുന്ന അളവ് കുറഞ്ഞാല്‍ ഒരാളുടെ ശരീരത്തില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും. ഉറക്കമില്ലായ്മ, കൈ വിറയ്ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉദാഹരണങ്ങളാണ്.
4.Tolerance: മുന്‍പ് ഒരുപെഗ് കഴിച്ചപ്പോള്‍ കിട്ടിയ ഉയര്‍ന്ന സംത്യപ്തി കിട്ടാന്‍ രണ്ടോ മൂന്നോ നാലോ പെഗ് കഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ടോളറന്‍സ്
5. Salience: ഒരാള്‍ അയാളുടെ ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളും   ഒഴിവാക്കി മദ്യത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അവസ്ഥയാണ് ഇത്.
6.Use despite harm: മദ്യം കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ദോഷമുണ്ടാകുമെന്നറിഞ്ഞിട്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഇത്

എന്തുകൊണ്ടാണ് ഒരാള്‍ ലഹരിക്ക്‌ അടിമയാകുന്നത്

ഒരാള്‍ ലഹരിക്ക് അടിമയാകുന്നത് ജീവശാസ്ത്രപരമായ പല കാരണങ്ങള്‍ കൊണ്ടുമാണ്. നമ്മുടെ തലച്ചോറില്‍ പല സര്‍ക്യൂട്ടുകള്‍ ഉണ്ട്. അതില്‍ ഒന്നാണ് 'റിവാര്‍ഡ് പാത്ത്‌വേ' . ഇതിന് സ്വാഭാവികമായ രീതിയില്‍ ഉത്തേജനം നല്‍കുന്ന പല ഘടകങ്ങളുമുണ്ട്. അതുകൊണ്ടാണ് ഒരു കാര്യംചെയ്യുമ്പോള്‍ നമുക്ക് സന്തോഷം ലഭിക്കുന്നത്. സ്വാഭാവികമായും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യം ചെയ്യുമ്പോള്‍ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് എന്ന രാസവസ്തു കാരണം ഈ 'റിവാര്‍ഡ് പാത്ത്‌വേ'  ഉത്തേജിക്കപ്പെടുന്നു. ഡോപമൈന്‍,എന്‍ഡോര്‍ഫിന്‍ എന്നിവയാണ് പ്രധാന രാസവസ്തുക്കള്‍.

എന്നാല്‍ ഒരാള്‍ ലഹരി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ഉയര്‍ന്ന അളവിലാണ് 'റിവാര്‍ഡ് പാത്ത്‌വേ' ഉത്തേജിക്കപ്പെടുന്നത്. അങ്ങനെ സ്വാഭാവികമായി ഉണ്ടാകുന്നതിനേക്കാളും ഉയര്‍ന്ന അളവിലുള്ള സന്തോഷം കിട്ടുന്ന ഒരു വ്യക്തി വീണ്ടും ആ പദാര്‍ത്ഥം ഉപയോഗിക്കും. ഇപ്രകാരം തുടര്‍ച്ചയായ ലഹരി ഉപയോഗത്തിലൂടെ തലച്ചോറിലുള്ള സര്‍ക്യൂട്ടില്‍ മാറ്റങ്ങളുണ്ടാകുന്നു. നേരത്തെ ഒരു പെഗ് കഴിച്ചയാള്‍ കൂടുതല്‍ സംത്യപ്തി കിട്ടാന്‍ വേണ്ടി രണ്ടും മൂന്നും പെഗ് കഴിക്കുന്ന അവസ്ഥയിലെത്തും. പതുക്കെ പതുക്കെ അയാള്‍ അടിമയാകും.

 മദ്യാസക്തി ഉള്ള ഒരാള്‍ പിന്നീട് അത് കിട്ടാതെ വരുമ്പോഴുള്ള വിഷമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് വീണ്ടും വീണ്ടും മദ്യം ഉപയോഗിക്കുന്നത്. 

എന്തുകൊണ്ടാണ് എല്ലാവരും ഒരുപോലെ ലഹരിക്ക് അടിമയാകാത്തത്?

എല്ലാ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും ഒരു പോലെ ലഹരി ഉണ്ടാക്കാന്‍ കഴിയില്ല. ചില ലഹരി പദാര്‍ത്ഥങ്ങളില്‍ തീവ്രമായി ലഹരി ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.  പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ് എല്ലാവരും ഒരു പോലെ ലഹരിക്ക് അടിമയാകാത്തത്. നമ്മുടെ ജനിതകപരമായ പ്രത്യേകതകള്‍ കൊണ്ടും വ്യക്തിത്വത്തിന്റെ  സവിശേഷതകള്‍ കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. 

മദ്യപാന ചികിത്സയുടെ വിവിധ വശങ്ങള്‍

ഒരു വ്യക്തി ചികിത്സയ്ക്കായെത്തുമ്പോള്‍ അയാള്‍ക്ക് ഈ ദുശ്ശീലത്തില്‍ നിന്നും മോചനം നേടാന്‍ എത്രത്തോളം ആഗ്രഹമുണ്ട് എന്നതാണ് നമ്മള്‍ പരിശോധിക്കുന്നത്. മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരമല്ലാതെ സ്വയം നിര്‍ത്തണമെന്ന ആഗ്രഹമാണ് ഒരാള്‍ക്ക് അത്യാവശ്യമായി ഉണ്ടാകേണ്ടത്. മദ്യപാനം നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി  സംസാരിച്ച് ആ വ്യക്തിയില്‍ താത്പര്യമുണ്ടാക്കിയെടുക്കണം.

 മദ്യപാനം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റത്തെ ശ്രദ്ധിക്കണം.  തൈമിന്‍ അടങ്ങിയ ഇന്‍ജക്ഷനും ഗുളികകളും നല്‍കി ദോഷഫലങ്ങളെ ഇല്ലാതാക്കാനാണ് പിന്നീട് ശ്രമിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന 'വിത്ത്‌ഡ്രോവല്‍ സിംപ്ടംസ്'  ഒഴിവാക്കാനുള്ള  മരുന്നുകള്‍ നല്‍കണം. ആദ്യം ഉയര്‍ന്ന അളവില്‍ നല്‍കുന്ന മരുന്നുകള്‍ പിന്നീട് കുറച്ചുകൊണ്ടു വരണം. മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം.