ള്ളവാറ്റും,ചാരായവും കടന്ന് എല്‍എസ്ഡിയും ഹാഷിഷുമടക്കമുള്ളവയിലേക്ക് മലയാളികളുടെ ലഹരി സംസ്‌കാരം വ്യാപിക്കുമ്പോള്‍ കാലഹരണപ്പെട്ട നിയമങ്ങളും അടിസ്ഥാനസൗകര്യങ്ങളും വച്ചാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. 

പ്രാദേശികതലത്തിലെ പാന്‍മസാല കച്ചവടക്കാര്‍ മുതല്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളെ വരെ ഒരേസമയം കൈകാര്യം ചെയ്യേണ്ട എക്‌സൈസ് വകുപ്പിന് പറയാനുള്ളത് പരാധീനതകളുടെ വലിയൊരു പട്ടികയാണ്. 

rishiraj singh

എനര്‍ജിയില്ലാത്ത എക്‌സൈസ് 

സ്വന്തമായി ഓഫീസ് കെട്ടിടമോ ലോക്കപ്പ് സൗകര്യമോ ഇല്ലാത്തതാണ് എക്‌സൈസ് വകുപ്പ് നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന്. വാടകകെട്ടിടങ്ങളിലും ഇതരസര്‍ക്കാര്‍വകുപ്പുകളുടെ ഔദാര്യത്തിലുമൊക്കെയാണ് ഭൂരിപക്ഷം എക്‌സൈസ് ഓഫീസുകളും സ്ഥിതി ചെയ്യുന്നത്. അറസ്റ്റ് ചെയ്ത പ്രതികളേയും വാഹനമടക്കമുള്ള തൊണ്ടിമുതലുകളും സംരക്ഷിക്കുവാന്‍ ചില്ലറ ബുദ്ധിമുട്ടല്ല എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. 

മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളില്‍ പലരും ലഹരിമരുന്നിന് അടിമയായവരോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ ആയിരിക്കും. ഇത്തരം പ്രതികളുടെ ശാരീരിക പരിശോധന നടത്തുമ്പോള്‍ പല മാരാകയുധങ്ങളും ഇവരില്‍ നിന്ന്  കണ്ടെത്താറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിയിലാവുന്ന സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ എതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. 

അക്രമവാസനയുള്ള ഇത്തരം പ്രതികളെ പിടികൂടിയാല്‍ ലോക്കപ്പ് സൗകര്യമില്ലാത്തത് കാരണം ഇവര്‍ക്ക് ചുറ്റും ഉറക്കമൊഴിച്ച് കാവലരിക്കേണ്ട ഗതികേടാണ് ഉദ്യോഗസ്ഥരുടേത്.   ആയുധങ്ങള്‍ ഉപയോഗിച്ച് സ്വയം മുറിപ്പെടുത്തുകയുംകോടതിയില്‍ ഹാജരാക്കുന്ന സമയത്ത് അത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന ആരോപിക്കുന്ന പതിവും ചില പ്രതികള്‍ക്കുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കുറ്റവാളികള്‍ ഇത്തരം നമ്പറുകള്‍ പയറ്റുന്നത്. ലഹരിമരുന്നിന് അടിമയായ ഇവര്‍ക്ക് സ്വന്തം ശരീരത്തെ കീറിമുറിക്കുവാനും അനായാസേന സാധിക്കും. 

കോഴിക്കോട്  ജില്ലയുടെ കാര്യമെടുത്താല്‍ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡില്‍ മാത്രമാണ് ലോക്കപ്പ് സൗകര്യമുളളത്. മറ്റു എക്‌സൈസ് ഓഫീസുകളില്‍ പ്രതിയെ ഉദ്യോഗസ്ഥര്‍ക്കൊപ്പമിരുത്തകയാണ് പതിവ്. എച്ച്ഐവി അടക്കമുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചവരും, ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ലഹരി മരുന്നിന്റെ ആലസ്യത്തിലുള്ളവരുമെല്ലാം ഇങ്ങനെ എക്‌സൈസ് ഓഫീസുകളില്‍ രാത്രി താമസത്തിനെത്തും. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ള ഇത്തരം പ്രതികളെ വേണ്ട വിധം സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ എക്‌സൈസിനില്ല. 

പോലീസിനുള്ളത് പോലെ ആവശ്യത്തിന് വാഹനങ്ങളോ, സാങ്കേതിക വിദ്യയോ എക്‌സൈസിനില്ല. അത് കൊണ്ട് തന്നെ ലഹരിമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് - എക്‌സൈസ് സഹകരണം വളരെ പ്രാധാന്യമുള്ളതാണ്. സൈബര്‍സെല്‍ അടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളും, ഇതരസംസ്ഥാനങ്ങളിലെ എക്‌സൈസ് - പോലീസ് വകുപ്പുമായി മെച്ചപ്പെട്ട സമ്പര്‍ക്കവും ഉണ്ടായാല്‍ മാത്രമേ അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തടയുവാന്‍ സാധിക്കൂ.

ലഹരി വില്‍പനയേയും ഉപഭോഗത്തേയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച രഹസ്യനിരീക്ഷണത്തിലൂടേയും മറ്റും ആ വിവരം സ്ഥിരീകരിച്ച ശേഷം അവിടെ പരിശോധന നടത്തുന്നതാണ് എക്‌സൈസുകാരുടെ പൊതുരീതി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി എക്‌സൈസ് കമ്മീഷണര്‍ മൊബൈല്‍ നമ്പര്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ എക്‌സൈസുകാര്‍ക്ക് ലഹരി മരുന്ന് സംബന്ധിച്ച് വിപുലമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ എല്ലാത്തിലും നടപടിയെക്കാനുള്ള സേനബലം എക്‌സൈസിനില്ല വ്യക്തിപരമായ വിരോധം തീര്‍ക്കുന്നതിന് ചിലര്‍ ഈ സൗകര്യത്തിലൂടെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്. 

നിയമത്തിലെ നൂലാമാലകള്‍.................

സമൂഹത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം വര്‍ധിക്കുന്നതിന് ഒരു കാരണമായി എക്‌സൈസ്- പോലീസുദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് ലഹരിവിരുദ്ധ നിയമത്തിലെ ചില പാളിച്ചകളെയാണ്. ലഹരി ഉപഭോഗം തടയുന്നതിനുള്ള നാര്‍ക്കോട്ടിക് ഡ്രംഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാന്‍സസ് ആക്ട് 1985-ന് 2001-ല്‍ വരുത്തിയ ചില ഭേദഗതികള്‍ ലഹരിമരുന്ന് കടത്തിന് കരുത്ത് നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ നിയമപ്രകാരം സ്മോള്‍ ക്വാണ്ടിറ്റി, ഇന്റെര്‍മീഡിയറ്റ് ക്വാണ്ടിറ്റി, കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി എന്നിങ്ങനെ പിടികൂടുന്ന ലഹരിവസ്തുകളുടെ അളവിനനുസരിച്ചാണ് ലഹരി മരുന്നുകള്‍ കൈവശം വച്ചതിന് ശിക്ഷ നല്‍കുക. 

സ്‌മോള്‍ ക്വാണ്ടിറ്റി - ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വച്ചത്തിന് ഒരാളെ അറസ്റ്റ് ചെയ്താല്‍ അത് സ്മോള്‍ ക്വാണ്ടിറ്റിയായാണ് കണക്കാക്കുക. ആറു മാസം വരെ കഠിനതടവോ പതിനായിരം രൂപ പിഴയോ രണ്ട് കൂടിയോ ആണ് ഇത്തരം കേസുകളിള്‍ പ്രതിക്ക് ശിക്ഷയായി വിധിക്കുക. സ്മോള്‍ ക്വാണ്ടിറ്റി കഞ്ചാവുമായി പിടികൂടുന്ന പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം ജാമ്യം നേടുകയും ചെയ്യാം. 

ഇന്റെര്‍മീഡിയറ്റ് ക്വോണ്ടിറ്റി - ഒരു കിലോയ്ക്ക് മുകളിലും 20 കിലോയ്ക്ക് താഴെയുമായി കഞ്ചാവ് കൈവശം വയ്ക്കുമ്പോള്‍ ഇന്റെര്‍മീഡിയറ്റ് ക്വാണ്ടിറ്റി വിഭാഗത്തില്‍പ്പെടുത്തിയാണ് ശിക്ഷ നല്‍കുക. പത്ത് വര്‍ഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ആണ് ഈ അളവില്‍ കഞ്ചാവ് കൈവശം വച്ചാല്‍ ശിക്ഷയായി ലഭിക്കുക. ഇത്തരം കേസുകളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ ഉടന്‍ ജാമ്യം ലഭിക്കുകയില്ലെങ്കിലും നിശ്ചിതകാലത്തിന് ശേഷം ജാമ്യം നേടുകയും ചെയ്യാം.

കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി - ഇരുപത് കിലോയ്ക്ക് മുകളില്‍ കഞ്ചാവ് കൈവശം വയ്ക്കുമ്പോള്‍ അത് കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി ഗണത്തില്‍പ്പെടുത്തിയാവും കേസും വിചാരണയും നടക്കുക. പത്ത് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷയായി ലഭിക്കും, ജാമ്യം ലഭിക്കുകയുമില്ല. 

മറ്റു മയക്കുമരുന്നുകളും കൈവശം വയ്ക്കുന്ന അളവും ഈനിയമത്തില്‍ വിശദീകരിച്ചിട്ടുണ്ട്.  ഓപ്പിയം അഥവാ കറുപ്പിന്റെ സ്മോള്‍ ക്വാണ്ടിറ്റി 5 ഗ്രാമും ഇന്റെര്‍മീഡിയറ്റ് 250 ഗ്രാമും ആണ് ഹെറോയിന്‍ അഥവാ ബ്രൗണ്‍ ഷുഗറിന്റെ സ്മോള്‍ ക്വാണ്ടിറ്റി 25 ഗ്രാമും കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി രണ്ടരകിലോഗ്രാമുമാണ്.
 
ഒരു കിലോയില്‍ താഴെ കഞ്ചാവോ, അഞ്ച് ഗ്രാമില്‍ താഴെ കറുപ്പോ  കൈവശം വച്ചു വില്‍പന നടത്തുന്നവരാണ് ലഹരി കച്ചവടത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍. കുറഞ്ഞ അളവില്‍ ലഹരിവസ്തുക്കള്‍ ഇടനിലക്കാരില്‍ നിന്ന് വാങ്ങി വിറ്റു തീര്‍ത്ത് പിന്നെയും വാങ്ങുകയാണ് ഇവരുടെ രീതി. നമ്മുടെ നാട്ടിലെ കഞ്ചാവ് ശൃംഖലയിലെ ഏറ്റവും ശക്തവും സജീവവുമായ ഘടകമാണ് ഇവര്‍. 

കേരളത്തിലെവിടേയും ഇവരുടെ സാന്നിധ്യമുണ്ടാക്കും. പിടിക്കപ്പെട്ടാലും ജാമ്യം കിട്ടും എന്നതിനാല്‍ ലഹരി കച്ചവടത്തില്‍ ഇവര്‍ എപ്പോഴും സജീവമായി രംഗത്തുണ്ടാവും. വലിയ അളവില്‍ ലഹരി സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഈ വിഭാഗത്തിലെ ഭൂരിപക്ഷവും ലഹരി മരുന്നിന് അടിമകള്‍ കൂടിയായിരിക്കും. ലഹരിവില്‍പനയിലൂടെയാണ് ഇവര്‍ ലഹരി വസ്തുകള്‍ വാങ്ങാനുള്ള പണം സ്വരൂപിക്കുക. 

ഇവരുടെ മുകളിലുള്ള ഇടനിലക്കാരുടേയും വന്‍കിട കഞ്ചാവ് കടത്തുകാരുടേയും കച്ചവടരീതികള്‍ പക്ഷേ കുറേ കൂടി രഹസ്യസ്വഭാവത്തോടു കൂടിയുള്ളതാണ്, പിടിക്കപ്പെടാനുള്ള സാധ്യതകള്‍ പരമാവധി ഇല്ലാതാക്കിയാണ് ഇവര്‍പ്രവര്‍ത്തിക്കുക. തികഞ്ഞ മാഫിയ സ്വാഭവത്തോടെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ വ്യാജ ബാങ്ക് അക്കൗണ്ടുകളിലുടേയും ഹവാല ഇടപാടുകളിലൂടേയുമായിരിക്കും. 

സ്‌കൂളുകളും-കോളേജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളിലൂടെ വന്‍തോതില്‍ കേരളത്തില്‍ ലഹരിമരുന്നുകള്‍ എത്തുന്നുണ്ട്. പുകയില ഉത്പന്നങ്ങളോട് ഇവര്‍ക്കുള്ള താത്പര്യവും ഒരു വെല്ലുവിളിയാണ്. 

നാം അറിയണം നമ്മുടെ മക്കളെ 

കഞ്ചാവ് ഉപഭോഗമടക്കമുള്ള കേസുകളിലെ  പ്രതികള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കാണമെന്ന വികാരം പൊതുവേയുണ്ടെങ്കിലും എല്ലാ പ്രതികളേയും ജയിലില്‍ അടയ്ക്കുക എന്നത് ശരിയായ രീതിയല്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം തന്നെ ചൂണ്ടിക്കാട്ടുന്നു.  

ആവേശപുറത്തോ അറിവില്ലാതായോ ലഹരിയുടെ വഴികളിലെത്തിയ ചെറുപ്പക്കാരെ ലഹരിമുക്തി നല്‍കി സുബോധത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാണ് ശ്രമിക്കേണ്ടതെന്ന് ഇവര്‍ പറയുന്നു. കൗമാരക്കാരും യുവാക്കളുമായ ചെറുപ്പക്കാരെ ജയിയിലേക്ക് അയക്കുമ്പോള്‍ അവിടെയുള്ള സ്ഥിരം കുറ്റവാളികളുമായി ഇവര്‍ അടുക്കുവാനും അത് വഴി തികഞ്ഞ കുറ്റവാളികളായി ഇവര്‍ മാറാനുമുള്ള സാഹചര്യം ഉരുത്തിരിയുന്നുവെന്നാണ് പരിചയസമ്പന്നരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

വീട്ടുകാര്‍ വലിയ പ്രതീക്ഷയോടെ വളര്‍ത്തിയെടുത്ത വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് കേസുകളില്‍ പിടിയിലാവുമ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്ത് അവരെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയക്കാറാണ് പതിവ്. കേവലം മാനുഷിക പരിഗണനയുടെ പേരിലാണ് ഇതു ചെയ്യുന്നതെങ്കിലും പലപ്പോഴും ഇത് എക്‌സൈസുകാര്‍ക്കും പണിയാവാറുണ്ട്. 

ലഹരിക്ക് അടിമകളായ കുട്ടികളെ എങ്ങനെ കൈക്കാര്യം ചെയ്യണമെന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് കൃത്യമായ ധാരണയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.  മികച്ച സ്‌കൂളില്‍ മക്കളെ ചേര്‍ത്താല്‍ അവര്‍ക്ക് എല്ലാം നല്‍കിയെന്ന് ചിന്തിക്കുന്ന മാതാപിതാക്കളെയാണ് കുട്ടികളിലെ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്. 

കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറുമ്പോള്‍ തന്നെ അവര്‍ക്ക് മേല്‍ കൃത്യമായ നിയന്ത്രണം മാതാപിതാക്കള്‍ വേണം, രണ്ടും പക്ഷേ അമിതമാവാന്‍ പാടില്ല. പഠനത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് മേല്‍ അമിതസമ്മര്‍ദ്ദം ചെലുത്തുന്നതിലും കാര്യമില്ല. പഠനപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുമായ ആരോഗ്യപരമായ ബന്ധം സൂക്ഷിക്കുന്ന കുട്ടികള്‍ വഴിവിട്ട ജീവിതത്തിലേക്ക് വഴിതിരിയുവാനുള്ള സാധ്യതകള്‍ കുറവാണ്.