ശ്രീ വേലായുധന്‍ പണിക്കശ്ശേരിയുടെ ഒരു ചരിത്ര ലേഖനത്തില്‍ 15-16  നൂറ്റാണ്ടുകള്‍ക്കിടയില്‍ കോഴിക്കോട് സന്ദര്‍ശിച്ച  വിദേശ സഞ്ചാരിയുടേതായ ഒരു പരാമര്‍ശമുണ്ട്. കോഴിക്കോട് കറുപ്പ് ഉത്പാദിപ്പിക്കുന്നു എന്നതാണത്. കറുപ്പ് ഉത്പാദിപ്പിക്കുന്നത് പോപ്പി എന്ന ചെടിയില്‍ നിന്നാണ്. കോഴിക്കോട്ടോ തെക്കേ ഇന്ത്യയിലോ പോപ്പി ചെടിയുടെ കൃഷിയില്ല എന്നതിനാല്‍  അക്കാലത്തും കോഴിക്കോട് കറുപ്പ് സുലഭമായി കിട്ടിയിരുന്നു എന്നാണ്‌ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അത് ചൈനയില്‍ നിന്നോ അറേബ്യയില്‍ നിന്നോ ആയിരിക്കാം. 

കേരളത്തില്‍ പ്രത്യേകിച്ചും മലബാറിന് മയക്കുമരുന്ന് ഉപയോഗത്തിന്റെ നീണ്ട ചരിത്രം പറയാനുണ്ട്. കുറെയേറെ മാറിനിന്ന ആ ലഹരി ആസക്തി അതിശക്തമായി തിരിച്ചു വരുന്നു എന്നതാണ് സമീപകാലത്ത് പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്ന് തിരിച്ചറിയേണ്ടത്‌. മയക്കുമരുന്നുകളുടെ ഉപയോഗം ഒരു ആഗോളപ്രശ്‌നമായി മാറുകയാണിപ്പോള്‍. ലഹരി ഉപഭോഗത്തിന് കടുത്ത ശിക്ഷ നിലനില്‍ക്കുന്ന സൗദി അറേബ്യയില്‍ പോലും ലഹരിക്കടത്തും അതിന്റെ ഉപഭോഗവും ശക്തമാണ്. തലവെട്ടല്‍ പോലുള്ള ശിക്ഷാവിധികള്‍ നല്‍കിയിട്ട് പോലും ലഹരി ഉപഭോഗത്തിന്റെ വ്യാപനത്തെ തടയുവാന്‍ സാധിക്കുന്നില്ല. 

ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്റെ പഞ്ചാബ് സന്ദര്‍ശത്തിനിടെ പറഞ്ഞത് പഞ്ചാബിലെ പത്തില്‍ ഒന്‍പത് പുരുഷന്‍മാരും മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ്‌. ഈ പ്രസ്താവനയുടെ പേരില്‍ വലിയ വിമര്‍ശനം അദേഹത്തിന് നേരിടേണ്ടി വന്നു. 

പഞ്ചാബിലെ  ലഹരി ഉപഭോഗത്തിന്റെ് വ്യാപ്തിയെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കാനാവാം ഇത്തരമൊരു പ്രസ്തവനയിലൂടെ രാഹുല്‍ ഗാന്ധി ശ്രമിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞ കണക്കുകള്‍ ചിലപ്പോള്‍ കടന്നുപോയിക്കാം, എന്നാല്‍ അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിന്റെ തീവ്രത കുറയുന്നില്ല.   പഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗം ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നനിരക്കിലാണെന്ന കാര്യം  മറന്നാണ് പലരും വിമര്‍ശിക്കാനിറങ്ങിയത്.

 

drugs

മനോരോഗാസ്പത്രികളിലെ ലഹരിമുക്ത കേന്ദ്രങ്ങളില്‍ പോലീസുകാര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് പഞ്ചാബിലുള്ളത്. പഞ്ചാബിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് തള്ളുന്നത് പാക്കിസ്ഥാന്റെ എജന്‍സികളാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

മയക്കു മരുന്ന് കടത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ശക്തികളാണ്. ലോകത്ത് പലസ്ഥലത്തും ഭരണകൂടങ്ങളെ  നിയന്ത്രിക്കുന്നത് വരെ മയക്കുമരുന്ന് മാഫിയകളാണ്. സൗത്ത് അമേരിക്കയിലും ബര്‍മ്മയിലും മറ്റും ഗറില്ലകള്‍ എന്ന പേരില്‍ മയക്കുമരുന്ന് ലോബിക്ക് സ്വതന്ത്രമായ പട്ടാളം തന്നെയുണ്ട്.  ഇന്ത്യയിലെ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും മയക്കു മരുന്ന് കടത്തുമായി ബന്ധമുണ്ട്. കാശ്മീരിലെയും, നാഗാലാന്റിലേയും അസമിലേയും മണിപ്പൂരിലേയും കൂടാതെ നക്‌സല്‍ബാരി മേഖലകളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും  ലഹരിമരുന്ന് കടത്തിലൂടെയുള്ള പണമാണ് കരുത്തേക്കുന്നത്. 

ഇത്തരം തീവ്രവാദസംഘടനകളില്‍ ഭൂരിപക്ഷവും സ്വന്തം തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് മറ്റൊരു അജണ്ട കൂടിയുണ്ട്. ഇന്ത്യന്‍ സമൂഹത്തെ മുഖ്യമായും, ചെറുപ്പക്കാരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കുക എന്നതാണത്.  ഐടി മേഖലയില്‍ മയക്കുമരുന്ന് തള്ളി ഇന്ത്യയെ നശിപ്പിക്കാന്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ മുന്‍പേ തന്നെ ഇന്ത്യന്‍ എജന്‍സികള്‍ക്ക് അറിവുള്ളതാണ്.  

ഇത്രയും ഗുരുതരമായൊരു പ്രശ്‌നത്തെ നമ്മള്‍ എത്രമാത്രം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് ശരിക്കും ചര്‍ച്ച ചെയ്യേണ്ട  കാര്യം. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളാണ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഈ ലേഖകന്‍. ലോക്കല്‍ പോലീസില്‍ എന്റെ പ്രധാന പ്രവര്‍ത്തന മേഖല കോഴിക്കോട് സിറ്റി ആയിരുന്നു. കേരളത്തില്‍ ആദ്യമായി 'ബ്രൌണ്‍ ഷുഗര്‍' കണ്ടുപിടിച്ചു കേസ്സെടുത്തത് ഞാനാണ്. 1985-ല്‍ ആണന്നു തോന്നുന്നു ആ സംഭവം. അതിനുശേഷം ഞാന്‍ കോഴിക്കോട് പോലീസില്‍ ജോലി ചെയ്ത അവസരത്തിലെല്ലാം ഈ വിപത്തിനെതിരെ   കര്‍ശന നടപടിയെടുക്കുവാനും സമൂഹത്തെ ബോധാവല്‍കരിക്കാനും കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. 

അക്കാലത്ത് കോഴിക്കോട്ടെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രം 'ബംഗ്ലാദേശ്' കോളനിയായിരുന്നു.  2007-ലാണ് ഞാന്‍ ആ പ്രദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അസിസ്റ്റന്റ് കമ്മിഷണറായി ചുമതലയേല്‍ക്കുന്നത്. അതിന് തൊട്ടുമുന്‍പത്തെ വര്‍ഷം, അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മുപ്പതോളം പേര്‍ കോഴിക്കോട് മരണപ്പെട്ടിരുന്നുവെന്നായിരുന്നു ഞങ്ങളുടെ അറിവ്. 

പൊതുസമൂഹത്തിന് ഭീഷണിയായി മാറിയ ലഹരിഉപഭോഗത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജന സംഘടനകളുടേയുo   വാര്‍ത്താമാധ്യമങ്ങളുടേയും സഹായത്തോടെ ശക്തമായൊരു പ്രതിരോധവും സാമൂഹിക അവബോധവും സൃഷ്ടിച്ചാണ് 'ബംഗ്ലാദേശിനെ' അന്ന് മയക്കുമരുന്ന് മുക്തമാക്കിയത്. സമൂഹ്യബോധമുള്ള ഒരുപറ്റം ഉദ്യോഗസ്ഥരടങ്ങിയ പോലീസ് സ്‌ക്വാഡ് നടത്തിയ അതിശക്തമായി പ്രവര്‍ത്തനങ്ങളും അതില്‍ നിര്‍ണായക പങ്കുവഹിച്ചു. അന്ന് കോഴിക്കോട് നഗരത്തില്‍ സജീവമായിരുന്ന മയക്കുമരുന്ന് വില്പനയും ഉപഭോഗവും 90 % ത്തോളം ഇല്ലാതാക്കുവാന്‍ ഇതിലൂടെ സാധിച്ചു. 

പക്ഷേ പോലീസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് തല്‍ക്കാലിക ഫലം മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഒരുകുളത്തിലെ പായല്‍ കല്ലെറിഞ്ഞാല്‍ അല്‍പ്പം മാറി പോകുന്നത് പോലെ. എന്തെന്നാല്‍ ഏകീകൃതവും സംഘടിതവും വ്യാപകവുമായ രീതിയിലുള്ള ലഹരി വിരുദ്ധ നടപടികളോ, ബോധവത്കരണോ, ലഹരിമുക്തകേന്ദ്രങ്ങളോ ഇവിടെയില്ല.

കേരളത്തിലെ മയക്കുമരുന്ന് ഉപയോഗം  തടയാനുള്ള ഉത്തരവാദിത്തം പ്രധാനമായും രണ്ട് വകുപ്പുകള്‍ക്കാണ്. എക്‌സൈസ് വകുപ്പിനും പോലീസിനും. ഇതില്‍ പ്രധാന ഉത്തരവാദിത്തം എക്‌സൈസ് വകുപ്പിന് തന്നെ. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് ഇക്കാര്യത്തില്‍ പോലീസ് നിറവേറ്റുന്നത്. എന്നാല്‍ അടുത്തകാലം വരെയും ലഹരിമരുന്ന് വേട്ടയുടെ മുഖ്യഉത്തരവാദിത്തം സ്വയമേറ്റെടുത്ത് നടപ്പാക്കുകയായിരുന്നു പോലീസ്. എക്‌സൈസ് വകുപ്പാക്കട്ടെ ഇതൊരു സൗകര്യമാക്കി സ്വന്തം കടമകളില്‍ നിന്ന് മറഞ്ഞു നില്‍ക്കുകയും ചെയ്തു. 

ഒരു പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതിയില്‍ കൊടുക്കുവാനുള്ള ഉദേശ്യത്തോടെ ഒരു വര്‍ഷം മുന്‍പ് ഞാന്‍ എക്‌സ്സൈസ് ആസ്ഥാനത്തേക്ക് വിവരാവകാശപ്രകാരം ചില ചോദ്യങ്ങള്‍ അയച്ചു. 

1. 2004 ല്‍ എക്‌സ്സൈസ് പിടിച്ച വിവിധ മയക്കുമരുന്ന് കേസുകളുടെ വിവരങ്ങള്‍ ഇനം തിരിച്ചറിയിക്കാമോ? 
2. 2014 ല്‍ അങ്ങനെ പിടിച്ച കേസ്സുകളുടെ കണക്ക്. 
3. ഫാര്‍മസ്യൂട്ടിക് മരുന്നുകളില്‍ ഏതൊക്കെയാണ് മയക്കുമരുന്നായി ധുരുപയോഗം ചെയ്യുന്നത് ?  
4. 2004-ല്‍ നിന്നും 2014-ല്‍ എത്തുമ്പോള്‍ മയക്കു മരുന്ന് കേസുകളിലെ വര്‍ധന എത്രയാണ് ? 

എക്‌സൈസ് വകുപ്പ് ആസ്ഥാനത്ത് നിന്നും ഇതിനു കിട്ടിയ മറുപടി രസകരമാണ്.  ഈ വിവരമൊന്നും എക്‌സൈസ് ആസ്ഥാനത്ത് ക്രോഡികരിച്ചു സൂക്ഷിച്ചിട്ടില്ല, അതുകൊണ്ട്  ഒന്ന് മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എല്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കും അയക്കുന്നു. നാലാമത്തെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും  തരാന്‍ വിവരാവകാശത്തില്‍ പറയുന്നില്ലെന്നും അതിനാല്‍ ആ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍വാഹമില്ലെന്നുമാണ്. 

നാലാമത്തെ ചോദ്യം മയക്കുമരുന്ന് കേസ്സുകളിലെ വര്‍ധന എത്രയെന്ന് മാത്രമാണ്.  ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കമ്മീഷണറായും  അനേകം ഉദ്യോഗസ്ഥര്‍ സകല സന്നാഹത്തോടേയും വിഹരിക്കുന്ന എക്‌സ്സൈസ് വകുപ്പിന് സംസ്ഥാനത്തെ മയക്കുമരുന്ന് ഉപഭോഗത്തെക്കുറിച്ച്  യാതൊരു ഗ്രാഹ്യവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

വിവരാവകാശനിയമത്തിലൂടെ  എക്‌സൈസ് വകുപ്പില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ പ്രകാരം മയക്കുമരുന്ന് കേസുകളില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ചുവടെ പറയുന്ന ജില്ലകളിലാണ്.

excise statistics

പോലീസ് ആസ്ഥാനത്തേക്ക് വിവരവകാശനിയമപ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി അത്തരം വിവരങ്ങള്‍ പോലീസ് ആസ്ഥാനത്തുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും, ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ നിന്ന് ഈ വിവരങ്ങള്‍ നേരിട്ട് ചോദിച്ചു ശേഖരിക്കാമെന്നുമാണ് അറിയിച്ചത്. (ആസ്ഥാനമെന്ന വെള്ളാന പിന്നെ  എന്തിനാണാവോ ?) എന്തായാലും പലവിധത്തില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കേസ്സുകളില്‍ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന ഉണ്ടായ ജില്ലകളിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു     

police drug cases

1995-ലാണ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 17 നാര്‍ക്കോട്ടിക് സെല്ലുകള്‍ കേരളാ പോലീസില്‍ നിലവില്‍ വരുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിരോധമുള്ളവരും, സര്‍ക്കാരിന് അനഭിമതരായവരും, കഴിവില്ലാത്തവരെന്ന് തെളിയിച്ചവരുമൊക്കെയാണ് ഈ പോസ്റ്റില്‍ സ്ഥിരമായി നിയമിക്കപ്പെടാറ്. ആന്റി നാര്‍ക്കോട്ടക് സെല്ലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നാളിതുവരെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചിട്ടുമില്ല.

നിലവില്‍ വന്ന ശേഷം ഇതുവരേയും ഒരു മയക്കുമരുന്ന് കേസ്സ് പോലും ആന്റി നാര്‍ക്കോട്ടിക് സെല്ലുകള്‍ പിടിച്ചിട്ടില്ല. ലഹരിമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യ എല്ലാ സംസ്ഥാന ഏജന്‍സികളേയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പോലീസോ എക്‌സൈസ് വകുപ്പോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാറില്ല. കേരള പോലീസിലോ, എക്‌സൈസ് വകുപ്പിലോ ഉള്ള  ഒരുദ്യോഗസ്ഥനും ഈ മേഖലയില്‍ കൃത്യമായ പരിശീലനം ലഭിച്ചവരായി ഉണ്ടാവില്ല. 

police

ദാനാസിംഗ് Vs സെന്റെറല്‍ ബൂറോ ഓഫ് നാര്‍ക്കൊട്ടിക്ക് എന്ന കേസ്സില്‍ ബഹു: സുപ്രിംകോടതി ഇന്ത്യന്‍ എജന്‍സികളുടെ ഈ അവസ്ഥ  മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതല്ലാതെ കൃത്യമായൊരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ പോലീസ്-എക്‌സൈസ് വകുപ്പുകളില്‍ നിന്നോ ഉണ്ടായിട്ടില്ല. (കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനെടുത്ത ചില തരികിട പരിപാടികളൊഴിച്ച്).

സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളെ സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ 2004 നും 2014 നും ഇടയിലുള്ളതാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മയക്കുമരുന്ന് കേസുകളിലുണ്ടായ വര്‍ധന ഇതിലും ഭീകരമാണ്. കേസ്സുകളുടെ എണ്ണത്തിലെ വര്‍ധന മയക്കുമരുന്ന് ഉപഭോഗത്തിലുണ്ടായ വര്‍ധനയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഇക്കാര്യങ്ങള്‍ വീക്ഷിക്കുന്ന ആളുകള്‍ക്ക് അതിന്റെ ഭീകരത ശരിയായി മനസ്സില്ലാക്കാന്‍ സാധിക്കും. 

മദ്യ നിയന്ത്രണങ്ങള്‍ ഒരു വലിയ പരിധി വരെ യുവതലമുറയെ മയക്കു മരുന്നിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇനി മദ്യനയം മാറ്റിയാലും അവര്‍ അതില്‍ നിന്ന് പിന്‍മാറില്ല.  സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന, രാജ്യത്തെ തന്നെ നശിപ്പിക്കുന്ന ഈ ലഹരി വിപത്തിനെതിരെ ശക്തവും വ്യക്തവുമായ നടപടികള്‍ എടുക്കാന്‍  സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഇനിയും തയ്യാറായില്ലെങ്കില്‍ അതിന്റെ ഫലം വളരെ തിക്തമായിരിക്കും.  

(മുന്‍ ക്രൈംബ്രാഞ്ച് എസ്.പിയായ ലേഖകന്‍ ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപരിചയമുള്ള പോലീസ്​ ഉദ്യോഗസ്ഥനാണ്. മാറാട് കലാപക്കേസിന്റെ അന്വേഷണ ചുമതല വഹിച്ച അദ്ദേഹം സിബിഐയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ്)