കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമയാകുന്നത് ഇന്ന് സര്‍വസാധാരണമായ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. ചികിത്സയ്‌ക്കെത്തുമ്പോള്‍ ഇവരുടെ മനസ്സിലുള്ള മിഥ്യാധാരണകള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ഇവര്‍ പലപ്പോഴും ചികിത്സയോട് സഹകരിക്കാന്‍ മടിക്കുന്നു.

കാഞ്ഞിരപ്പിള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലും പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലിലും കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്ന ഡോ.സുജിത് ബാബു ,ലഹരിക്ക് അടിമയായ കുട്ടികളെ ചികിത്സിച്ചപ്പോഴുള്ള അനുഭവം ഇവിടെ പങ്കുവെക്കുകയാണ്. ഒപ്പം ചില മുന്‍കരുതലുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും.

ആരാണ് ലഹരിക്ക് അടിമയാകുന്നത്

വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ്‌ അവരെ ലഹരിക്ക് അടിമയാക്കുന്നത്. എന്തു കാര്യത്തിലും എപ്പോഴും പുതുമ ആഗ്രഹിക്കുന്നവര്‍ പെട്ടെന്ന് ലഹരിക്ക് അടിമയാകാനുള്ള സാധ്യതയുണ്ട്‌. മറ്റുള്ളവര്‍ തനിക്ക് അനുകൂലമായി സംസാരിക്കണമെന്ന ആഗ്രഹം മനസ്സിലുള്ളവരും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാത്തവരും ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോകാനുള്ള സാദ്ധ്യത ഏറെയാണ്.

അപകര്‍ഷതാ ബോധമാണ് ലഹരിക്ക് അടിമയാകാനുള്ള മറ്റൊരു പ്രധാന കാരണം. അതുപോലെ തന്നെ അന്തര്‍മുഖരായിട്ടുള്ളവര്‍ ലഹരിയുടെ സുഖത്തില്‍ പെട്ടെന്ന് ആഴ്ന്നിറങ്ങുന്നതായാണ് കണ്ടുവരുന്നത്. 

രക്ഷിതാക്കള്‍ അറിയാന്‍

കൗമാരപ്രായക്കാരായ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ മാതാപിതാക്കള്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ ഉണ്ട്. സ്വന്തം മക്കളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം.

1.അകാരണമായി ദേഷ്യം വരിക
2.കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുക
3.ടോയ്‌ലറ്റില്‍ ഒരുപാട് സമയം ചെലവഴിക്കുക
4.ഡ്രസ്സില്‍ പ്രത്യേക മണമുണ്ടെങ്കില്‍ ശ്രദ്ധിക്കണം
5. കുട്ടികളുടെ മുറിയില്‍ നിന്ന് എന്തെങ്കിലും പൊടികള്‍ കണ്ടെത്തിയെങ്കില്‍ ശ്രദ്ധിക്കുക

ഒരു പതിനഞ്ചുവയസ്സുകാരന്റെ മിഥ്യാധാരണകള്‍

`'കഞ്ചാവിന് അടിമയായ 15 വയസ്സുള്ള ഒരു കുട്ടി ചികിത്സ തേടിയെത്തിയ അനുഭവം ഞാന്‍ ഓര്‍ക്കുന്നു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അവന്‍ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയതാണ് അവന്‍. കഞ്ചാവിനെ മഹത്വവത്കരിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞതൊക്കെ കണ്ണുമടച്ച് വിശ്വസിച്ച അവന്‍ ലഹരിയുടെ മായിക വലയത്തില്‍ അകപ്പെടുകയായിരുന്നു. മനുഷ്യന്റെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കാന്‍ കഞ്ചാവിനു കഴിയുമെന്ന വിവരണത്തില്‍ വിശ്വസിച്ച അവന്‍ അയാളോടൊപ്പം കഞ്ചാവ് വില്‍പ്പനയില്‍ പങ്കാളിയായി. അയാളുടെ വീട്ടില്‍ കഞ്ചാവിന്റെ വന്‍ശേഖരം തന്നെ ഉണ്ടായിരുന്നു. 

പത്താം ക്‌ളാസില്‍ പരീക്ഷ എഴുതാതെ അവന്‍ എല്ലാം നഷ്ടപ്പെടുത്തി. കമ്പത്ത് പോയി കഞ്ചാവ് കച്ചവടം നടത്തി ലഹരി ആസ്വദിക്കാന്‍ നൂതനമായ ഉപകരണങ്ങള്‍ കണ്ടുപിടിച്ചു. പലയിടത്തും പുതിയ പുതിയ ബന്ധങ്ങള്‍ ഉണ്ടായി. എവിടെയൊക്കെ പോയി, ആര്‍ക്കൊക്കെ പണം കൊടുത്തു എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അവന് തിരിച്ചറിയാന്‍ കഴിയുന്നില്ലായിരുന്നു.

ചികിത്സയോട് ആദ്യമാദ്യം സഹകരിച്ചില്ല. ഒന്നര ആഴ്ചയോളം ചികിത്സ ഫലപ്രദമായില്ല. അവനെ തിരുത്തുന്നതിന് പകരം അവന്‍ പറയുന്നത് കേള്‍ക്കാനേ കഴിയുമായിരുന്നുള്ളു. കഞ്ചാവ് പ്രകൃതി ദത്തമാണെന്നും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണെന്നുമുള്ള ശക്തമായ അഭിപ്രായമായിരുന്നു അവനുണ്ടായിരുന്നത്. എന്നാല്‍ മദ്യം ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലെന്നും അതില്‍ രാസവസ്തു അടങ്ങിയിട്ടുണ്ടെന്നുമായിരുന്നു അവന്‍ ഞങ്ങളോട് പറഞ്ഞത്. മനസ്സില്‍ വേരുപിടിച്ചു കഴിഞ്ഞ അത്തരം ധാരണകളാണ് കുട്ടികളെ ദുരന്തത്തിലേക്ക് നയിക്കുന്നത്.

അധ്യാപകരുടെ മകന്റെ വെളിപ്പെടുത്തല്‍

ഞാന്‍ ചികിത്സിച്ച ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ അദ്ധ്യാപകരായിരുന്നു. ആ കുട്ടി കാഴ്ചയില്‍ കറുപ്പാണ്. അവന്റെ അനുജന്‍ വെളുപ്പും. അനുജന്‍ പഠനത്തിലും മുന്‍പന്തിയിലാണ്. ഈ കുട്ടിയുടെ ഉള്ളിലുള്ള അപകര്‍ഷതാബോധവും പഠനത്തിലുള്ള പിന്നോക്കാവസ്ഥയും അവനെ കഞ്ചാവിന് അടിമയാക്കി. ഞാന്‍ ഒരിക്കലും ആ അച്ഛന്റെയും അമ്മയുടെയും മകനല്ല എന്നായിരുന്നു അവന്‍ ഞങ്ങളോട് പറഞ്ഞത്. അവന് മറ്റുകുട്ടികളോടൊപ്പം കളിക്കാന്‍ പോലും ആത്മവിശ്വാസമുണ്ടായിരുന്നില്ല. 

ഒരു ദിവസം അവന്‍ കളിക്കാന്‍ പോയപ്പോള്‍ സുഹൃത്തുക്കളുടെ കൈയില്‍ നിന്നും കഞ്ചാവിന്റെ രുചി അറിഞ്ഞു. അവന്‍ ചികിത്സയ്ക്കു വന്നപ്പോള്‍ എന്നോട് പറഞ്ഞത് ഇതാണ്- ജീവിതത്തില്‍ ആദ്യമായി ഞാന്‍ സന്തോഷം അനുഭവിച്ചത് കഞ്ചാവ് വലിച്ചപ്പോഴാണ്.

നല്ല വ്യക്തിത്വമുള്ളവരായി വളരുക

കുട്ടികള്‍ നല്ല വ്യക്തിത്വമുള്ളവരായി വളര്‍ന്നു വരിക എന്നതാണ് പ്രധാനം. സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടാക്കണം. ആ കഴിവ് ആര്‍ജ്ജിച്ചെടുക്കണമെങ്കില്‍ ശരിയായ ബോധവല്‍ക്കരണം നടത്തണം.

മാതാപിതാക്കന്‍മാര്‍ കുട്ടികളുമായി കൂടുതല്‍  അടുപ്പമുള്ളവരായിരിക്കണം.സ്‌കൂളുകളില്‍ ആന്റി ഡ്രഗ്സിന്റെ ബോധവല്‍ക്കരണ ക്ലബ്ബുകള്‍ തുടങ്ങുന്നത് നല്ലതാണെന്ന് അദ്ദേഹം പറയുന്നു.15 വയസ്സിന് മുന്‍പുതന്നെ ലഹരിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ ഏര്‍പ്പെടുത്തണം. അഞ്ചാം ക്‌ളാസിലെ പാഠ്യപദ്ധതിയില്‍ത്തന്നെ ലഹരിക്കെതിരായ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണം.


(മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ: സുജിത് ബാബു)