ഞാനും എന്റെ ഒരു സുഹൃത്തും നടത്തിയ സംഭാഷണം, അയാളുടെ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം.

''സത്യം പറയണം, നിങ്ങള്‍ കുടിച്ചിട്ടുണ്ടോ.....?

ഞാനല്‍പ്പനേരം മിണ്ടാതിരുന്നു. പിന്നെ ഒരു ചോദ്യം ഉന്നയിച്ചു. ഞാന്‍ മദ്യപിച്ചോ എന്നത്, മദ്യത്തിന്റെ ദോഷങ്ങളെ ഇല്ലാതാക്കുന്നുവോ? 

നേരേ ചൊവ്വേ പറയൂ, മദ്യപിച്ചിട്ടുണ്ടോ.....

മദ്യത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട് ഒരിക്കല്‍, നിങ്ങള്‍ മദ്യപിക്കുമ്പോള്‍ അച്ചാറില്‍ വിരല്‍ തൊട്ടു രുചിക്കാറില്ലേ, അത് പോലെ ഒരിക്കല്‍ ഒരു ചെറിയ ഗ്ലാസ്സില്‍ വെള്ളത്തില്‍ കലക്കിയ മദ്യം അല്‍പം നാവില്‍ വച്ച് നോക്കിയിട്ടുണ്ട്. സത്യം ഇറക്കാന്‍ പോലും കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു. 

ഇത് സത്യമാണോ .....?

നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നറിയില്ല ഇത് സത്യമാണ്

നിങ്ങളുടെ സുഹൃത്തുകള്‍, പരിചയക്കാരയ എഴുത്തുകാര്‍, കലാകാരന്‍മാര്‍ ഇവരൊക്കെ മദ്യപിക്കുന്നവരായിട്ടും, നിങ്ങള്‍ കുടിച്ചിട്ടില്ലെന്നത് അത്ഭുതമായിരിക്കുന്നു, അവിശ്വസനീയം.

അതങ്ങനെ സംഭവിച്ചു പോയി ഗാന്ധിയനായിട്ടല്ല, മതപരമായ വിലക്കുണ്ട് എന്നാല്‍ അത് മാത്രമല്ല, മദ്യപാനചികിത്സയിലും അതിന് കീഴ്പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തിനങ്ങളിലും പങ്കാളിയാകണമെന്ന് വിചാരിച്ചുമല്ല, മദ്യപിക്കുന്നവര്‍ക്കൊപ്പം എത്രയോ തവണ കൂട്ട് കൂടിയിട്ടുണ്ട്. മദ്യശാലകളില്‍ പോയിട്ടുണ്ട്. പക്ഷേ കുടിച്ചിട്ടില്ല. 

ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ മദ്യപിക്കുന്നതിലെ രസം അറിഞ്ഞിട്ടില്ല. അത് മനസ്സിനെ എങ്ങനെ അനാസായകരമായ അവസ്ഥയിലേക്ക് കൊണ്ടു പോകും എന്നനുഭവിച്ചിട്ടില്ല മദ്യം ഭാവനയേയും അഭിലാഷങ്ങളേയും ഉദ്ദീപിപ്പിക്കുമെന്നും നിങ്ങള്‍ക്കറിയില്ല. അത് കൊണ്ട് മദ്യപിക്കുന്നത് അപകടകരമാണ് എന്ന് എനിക്ക് പറയാന്‍ പാടില്ലെന്ന് കരുതുന്നുവോ.

അതല്ലേ സത്യം, ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കാത്ത ഒരാള്‍ക്ക് മദ്യം കൊണ്ട് ദോഷങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറയാന്‍ എന്തവകാശം.....? 

എന്റെ സുഹൃത്ത് ഭാവനസമ്പന്നമായ മനസ്സിന്റെ ഉടമയാണ്. അയാളെഴുതിയ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒന്നാന്തരം ബിസിനസ്സുകാരനാണ്. ബിസിനിസ്സിലെ പല പരാജയങ്ങളില്‍ നിന്ന് അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്.

ഇടയ്ക്ക് മദ്യപിക്കും. അത് ഭാര്യ തിരിച്ചറിഞ്ഞതോടെ പലവിധ പ്രശ്നങ്ങളും അയാള്‍ അഭിമുഖീകരിക്കുന്നു. ഭാര്യ അയാള്‍ ഒരുവശാലും കുടിക്കരുതെന്നാശിക്കുന്നു.  അതവര്‍ എന്നെയറിയിച്ചിട്ടുണ്ട്. എനിക്കെന്തെങ്കിലും സഹായം ചെയ്യാനാവുമോ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് പ്രിയപ്പെട്ട കുടുംബമാണത് ഞാന്‍ അയാളോടാക്കാര്യം പറഞ്ഞിട്ടുമുണ്ട്.  

മദ്യപിക്കുന്നതിലുള്ള ആശങ്ക അറിയിച്ചപ്പോള്‍ മദ്യപാനത്തെ ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുടുംബത്തില്‍ പ്രശ്നം രൂക്ഷമായപ്പോഴാണ് വീണ്ടും ഇടപെട്ടത്. അപ്പോഴാണയാള്‍ എന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഞാന്‍ അയാളോട് വാദപ്രതിവാദത്തിന് മുതിര്‍ന്നില്ല, കാരണം മദ്യപിക്കുന്നവരോടോ മദ്യത്തിന് കീഴ്പ്പെട്ടവരോടോ വാദിച്ച് തോല്‍പിച്ചത് കൊണ്ടൊരു പ്രയോജനവുമില്ല.

ഞാന്‍ മിണ്ടാതിരുന്നു, അയാള്‍ ചോദ്യം ആവര്‍ത്തിച്ചു, സത്യം പറഞ്ഞാല്‍ ഒന്നും പറയാനില്ല, കന്യാസ്ത്രീകള്‍ക്ക് ഭാര്യ ഭര്‍ത്തൃബന്ധത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ മനസിലാക്കാനാവും എന്ന് ചോദിക്കും പോലെയാണ് നിങ്ങളുടെ ചോദ്യം അത് ശരിയല്ലേ....

ആണെന്ന് ഞാന്‍ കരുതുന്നില്ല, കാന്‍സര്‍ രോഗിയായതിന്റെ തിക്തഫലങ്ങളനുഭവിച്ചല്ല ഡോ.വിപി ഗംഗാധരന്‍ കാന്‍സറിനെക്കുറിച്ച് സംസാരിക്കുന്നത്. ഭാര്യഭര്‍ത്തൃ ബന്ധങ്ങളില്‍ കലഹങ്ങളുണ്ടാവുന്ന ഒരുവന് ഫാമിലി കൗണ്‍സിലിംഗ് നടത്താന്‍ പാടില്ലെന്ന് പറയും പോലെയാണ് നിങ്ങള്‍ ഈ ചോദ്യം ഉന്നയിക്കുന്നത് അത് സത്യമല്ലേ.... എന്ത് കൊണ്ട്...?

മദ്യത്തിന്റെ ദോഷങ്ങള്‍ വസ്തുനിഷ്ഠാപരമായി തെളിയിച്ചിട്ടുണ്ട്. അത് ഒരു വ്യക്തിയുടെ ശരീരത്തേയും മനസ്സിനേയും തകര്‍ക്കുമെന്നത് ശാസ്ത്രീയമായി അംഗീകരിച്ച കാര്യമാണ്. മദ്യപാനത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങള്‍ ഒരു യഥാര്‍ത്ഥ്യമായാണ് അത് കൊണ്ട്തന്നെ മദ്യപിക്കുന്നതില്‍ അപകടം പതുങ്ങിയിരിപ്പുണ്ട്, അത് മദ്യപിക്കാനറിയാഞ്ഞിട്ടല്ലേ.. ?
ഇങ്ങനെ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 

ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം അമിതമദ്യാസക്തരുടെ ഒരൊത്തു ചേരലില്‍ ഇത് തന്നെ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. മലയാളി മദ്യപിക്കാന്‍ പഠിച്ചിട്ടില്ല, മലയാളിയെ മദ്യപിക്കാന്‍ പഠിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് അമേരിക്കയിലുള്ള മകന്‍ അഭിപ്രായപ്പെട്ടുവെന്ന് അദ്ദേഹം അന്ന് പറഞ്ഞു. കണ്ണന്താനത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സദസ്സിലുളള ചിലര്‍ പ്രതിഷേധിച്ചു. ഞാനും ആരോഗ്യകരമായ ആശയവിനിമയത്തിന്  പോലും തയ്യാറാവാതെ സ്ഥലം വിടുകയായിരുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധിയായ ശ്രീ കണ്ണന്താനം നിങ്ങളും ഇത് തന്നെ പറയുന്നു. 

എന്റെ സുഹൃത്തിനോട് ഞാന്‍ വാദപ്രതിവാദത്തിന് നിന്നില്ല, ഇപ്പോള്‍ നമ്മുക്ക് മറ്റെന്തെങ്കിലും സംസാരിക്കാമെന്ന് പറഞ്ഞ് വിഷയം മാറ്റി. വാദപ്രതിവാദം അറിയാഞ്ഞിട്ടല്ല, മദ്യക്കാര്യത്തില്‍ മുന്‍വിധിയുമായിരിക്കുന്ന ഒരാളോട് വസ്തുതകള്‍ വച്ച് സംസാരിക്കുക എളുപ്പകരമല്ലാത്തതു കൊണ്ട് മദ്യത്തെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പലവിധ മണ്ടത്തരങ്ങളും മറ്റ് മേഖലകളില്‍ അറിവുള്ളവര്‍ പോലും വച്ച് പുലര്‍ത്തുന്നുണ്ട്. 

പ്രശസ്തങ്ങളായ മണ്ടത്തരങ്ങള്‍.........

1. ബിയര്‍,കള്ള്, ഫെനി, വോഡ്ക തുടങ്ങിയ മദ്യങ്ങള്‍ അപകടകാരികളല്ല. അവ എത്ര കുടിച്ചാലും കുഴപ്പമില്ല

വസ്തുത - ഈ മദ്യങ്ങളില്‍ എതനോള്‍ ആല്‍ക്കഹോള്‍ അംശം 8 ശതമാനം വരെയാണ് നിയമപരമായി അനുവദിക്കുന്നത്, പക്ഷേ ഈ മദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുടിക്കുന്നതിന്റെ അളവ് കൂടുതലാണ്. അത്ര കണ്ട് ആല്‍ക്കഹോള്‍ അവരുടെ ശരീരത്തിലെത്തും.

2. ബീയര്‍, കള്ള് തുടങ്ങിയ മദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന് കീഴടങ്ങില്ല 

വസ്തുത-  കൂടുതല്‍ എതനോള്‍ ആല്‍ക്കഹോള്‍ ഉള്ള മദ്യം കുടിച്ചല്ല ആരും മദ്യപാനം തുടങ്ങുന്നത്. ക്രമാനുസൃതമായാണ് ഒരാള്‍ ലഹരി പദാര്‍ത്ഥത്തിന് കീഴ്പ്പെടുന്നത്. മദ്യപിച്ച് തുടങ്ങുന്നവരില്‍ 20 ശതമാനം അതിന് കീഴ്പ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് തന്നെ മദ്യപിക്കാത്തവര്‍ അതിന് കീഴപ്പെടുന്നില്ല എന്നതാണ് വസ്തുത 

3. കൂട്ടുചേര്‍ന്ന് കുടിക്കുന്നത് പ്രശ്നമുള്ള കാര്യമല്ല, ഒറ്റക്കിരുന്ന് കുടിക്കുന്നവരാണ് അപകടകാരികള്‍ 

വസ്തുത - ഒരാള്‍ എങ്ങനെ കുടിക്കുന്നുവെന്നത് വ്യക്തിപരമായ ഘടകങ്ങളോട് ബന്ധപ്പെട്ട് നില്‍ക്കുന്നു. കൂട്ട് ചേര്‍ന്ന് കുടിക്കുന്ന ഒരാള്‍ എക്കാലവും അങ്ങിനെ കുടിക്കുമെന്ന് ഉറപ്പില്ല. ഒറ്റക്കുടിയന്‍ എക്കാലവും തനിച്ചിരുന്നേ കുടിക്കൂ എന്നുമില്ല. ഇക്കാര്യം ശാസ്ത്രീയമായി പൊതുവത്ല്‍കരിക്കാന്‍ പറ്റുന്ന കാര്യമല്ല.

4. ഭാര്യ കാരണമോ മാതാപിതാക്കള്‍ കാരണമോ ആണ് ഒരാള്‍ മദ്യപാനിയാവുന്നത്

ഒരാള്‍ കാരണം വേറൊരാള്‍ കുടിച്ചേക്കാം എക്കാലവും ഒരാളെ മദ്യപിപ്പിക്കാന്‍ മറ്റൊരാള്‍ക്കാവില്ല, ഒരാളും മറ്റൊരാളുടെ അമിതമദ്യപാനസക്തിയുടെ ഹേതുവല്ല. മദ്യപന്മാരുടെ പൊള്ളയായ ന്യായവാദമാണിത്. സ്വന്തം വീഴ്ചയെ ന്യായീകരിക്കാനുള്ള വാദം. 

5. പാരമ്പര്യഘടകം മാത്രമാണ് അമിതമദ്യാസക്തനാക്കുന്നത്. 

വസ്തുത - ഒരാളെ മദ്യത്തിന് കീഴ്പ്പെടുത്തുന്നതില്‍ പാരമ്പര്യമോ ജൈവശാസ്ത്രപരമായ ഘടകമോ മാത്രം കാരണമാവുന്നില്ല. പലഘടകങ്ങളാണ് മദ്യപാനിയെ ഉണ്ടാക്കുന്നത് ലഭ്യത, പ്രചരണം,സാമൂഹികശിഥിലീകരണം,സാമ്പത്തികനില, മാനസികരോഗം, തുടങ്ങിയ പലഘടകങ്ങള്‍ ഏറ്റക്കുറിച്ചിലോടെ ഒരാളെ മദ്യത്തിന് കീഴ്പ്പെടുത്തുന്നു. 

6. മദ്യനിരോധനം വിഷമദ്യദുരന്തങ്ങള്‍ക്ക് കാരണമാക്കും

വസ്തുത - മദ്യത്തിന്റെ ലഭ്യതയാണ് വിഷമദ്യ ദുരന്തങ്ങളും വിളിച്ചുവരുത്തുന്നത്. നിയമപരിപാലനം പരാജയപ്പെടുന്നതും അഴിമതിയുമാണ് പലപ്പോഴും വിഷമദ്യ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത്. മദ്യനിരോധനമല്ല വാറ്റ് ചാരായത്തിന്റെ നിര്‍മ്മിതിയുടെ പ്രധാനകാരണം ക്രമസമാധാന നിലയിലെ വീഴ്ചയാണ്. 

7. മദ്യലഭ്യത കുറയുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും 

വസ്തുത - വിദേശികളോ തദ്ദേശവാസികളായ സന്ദര്‍ശകരോ രാജ്യമോ സാംസ്‌കാരിക പൈതൃക സമ്പത്തോ മനോഹാരിതയോ മറ്റോ കാണാനെത്തുന്നത് മദ്യപിക്കാനല്ല. മദ്യം ലഭിക്കാത്ത നാട്ടില്‍ നിന്നുള്ളവരല്ല വിനോദസഞ്ചാരികള്‍, മദ്യവ്യവസായത്തെ പ്രൊത്സാഹിപ്പിക്കുന്നവരുടെ ന്യായവാദമാണിത്. 

8. മദ്യം സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കും കലാ സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മദ്യപാനികളാണ് 

വസ്തുത - മദ്യം സര്‍ഗ്ഗശേഷിയെ നശിപ്പിക്കും എന്നതാണ് യാഥാര്‍ത്ഥ്യം, മറ്റ് കഴിവുകളേയും തകര്‍ക്കും. സര്‍ഗ്ഗവാസനയെ കാര്‍ന്ന് തിന്ന് ദുരന്തങ്ങള്‍ക്കിട വരുത്തിയ സംഭവങ്ങള്‍ ലോകത്തെല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാനാവാത്തവര്‍ മദ്യത്തിനടമികളാക്കുന്നത് കാണാവുന്നതാണ്. 

9. വ്യവസായരംഗങ്ങളിലും വ്യാപാരമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മദ്യപാനം അനിവാര്യമാണ്

വസ്തുത- വ്യാപാര-വ്യവസായങ്ങളുടെ വിജയവുമായി മദ്യത്തിന് യാതൊരു വിധ പങ്കുമില്ല. ഒത്തുചേരുലകളില്‍ ചിലരെ ആകര്‍ഷിക്കാന്‍ മദ്യം കാരണമാകുന്നു. മദ്യസൗഹൃദങ്ങള്‍ ശാശ്വതമായി നില കൊള്ളുന്നില്ല. മദ്യസൗഹൃദങ്ങള്‍ പലപ്പോഴും ബന്ധങ്ങളുടെ ശിഥിലീകരണത്തിനാണ് കാരണമാക്കുന്നത്. 
alchahol

മദ്യപാനത്തിന്റെ പ്രത്യാഘാതങ്ങള്‍

മദ്യപിക്കുന്നവര്‍, അവരുടെ കുറ്റബോധം കൊണ്ടോ അവരെ മറ്റുള്ളവര്‍ പഴിചാരുന്നത് കൊണ്ടോ മദ്യപാനത്തിന് പലവിധ ന്യായീകരണങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് മദ്യപാനം ആരോഗ്യത്തിന് ഹാനീകരമല്ലാതാകുന്നില്ല. മദ്യം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല വിളിച്ചുവരുത്തുന്നത്. മദ്യം മാനസികവും സാമൂഹികവുമായ പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കരള്‍ രോഗങ്ങള്‍, രക്തചംക്രമണത്തിലെ പ്രശ്നങ്ങള്‍, ഉദരസംബന്ധിയായ രോഗങ്ങള്‍ തുടങ്ങി പലവിധരോഗങ്ങളുടേയും ഒരു പ്രധാന ഹേതുവാണ് മദ്യപാനം. 

അമിതമദ്യാസക്തി പലവിധ മാനസികരോഗങ്ങള്‍ക്കും കാരണമാക്കുന്നുണ്ട്. മദ്യപാനം ഏറുമ്പോള്‍ മാനസികപ്രശ്നങ്ങളും ഏറുന്നു. അതിവൈകാരികത, കുറ്റബോധം, അക്രമാസക്തി, നിലതെറ്റിയ വികാരങ്ങള്‍, അമിതമായ നിരാശാബോധം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അമിതമദ്യാസക്തരില്‍ പൊതുവേ കാണുന്നുണ്ട്. ചിലരിലെ മാനസിക രോഗങ്ങളെ മദ്യപാനം അതിസങ്കീര്‍ണമാക്കുന്നതും കണ്ടിട്ടുണ്ട്. 

മദ്യാസക്തിയുടെ സാമൂഹികപ്രശ്നങ്ങള്‍ തീവ്രമാണ്. കുടുംബബന്ധങ്ങളെ അത് തകര്‍ക്കുന്നു. ഇടിക്കിടെയുള്ള മദ്യപാനം പോലും ഭാര്യ-ഭര്‍ത്തൃബന്ധത്തെ ബാധിക്കുന്നു. വിവാഹമോചനം, ആത്മഹത്യ,ജോലി നഷ്ടപ്പെട്ടല്‍, സാമ്പത്തിക തകര്‍ച്ച, കുറ്റകൃത്യം എന്നിവ അമിത മദ്യാസക്തി കാരണം പലരുടേയും ജീവിതദുരന്തങ്ങള്‍ക്ക് കാരണമായികാണാറുണ്ട്. 

ഇതൊരു പ്രാദേശിക പ്രശ്നമല്ല. മലയാളിയുടെ മാത്രം പ്രശ്നവുമല്ല. എവിടെ മദ്യപാനം നടക്കുന്നുവോ അവിടെയൊക്കെയും ഇരുപത് ശതമാനം ആളുകള്‍ അമിതമദ്യാസക്തിയുള്ളവരായി മാറാറുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണിത്. അമിതമദ്യാസക്തി മദ്യത്തിന് കീഴ്പ്പെടുന്നത് ഒരു രോഗമാണുതാനും. 

മദ്യാസക്തിയിലേക്കുള്ള ഘട്ടങ്ങള്‍ 

മദ്യാസക്തി ഒരാളെ ക്രമാനുസൃതമായി ബാധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഒരാളും ഒരു സുപ്രഭാതത്തില്‍ മദ്യപാനിയായി തീരുന്നില്ല. മദ്യത്തിന് കീഴടങ്ങുകയെന്ന വിചാരത്തോടെയല്ല ഒരാളും മദ്യപിച്ചു തുടങ്ങുന്നത്. മദ്യം നിയന്ത്രിച്ച് കുടിക്കാനാവും എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഓരോരുത്തരും മദ്യപിച്ചു തുടങ്ങുന്നത്. തുടക്കത്തിലത് സാധിച്ചേക്കും ആദ്യമൊക്കെ നിയന്ത്രിച്ച് കുടിക്കുന്നവരോ ഇടക്കെപ്പോഴെങ്കിലും കുടിക്കുന്നവരോ തന്നെയാണ് മദ്യത്തിന് കീഴപ്പെടുന്നത്. 

ജീവിതത്തിലൊരിക്കലും കുടിക്കാത്തയാളോ തുടക്കത്തില്‍ തന്നെ മദ്യത്തെ ഉപേക്ഷിക്കുന്നയാളോ ഒരിക്കലും മദ്യത്തിന് കീഴടങ്ങാനിടയില്ല. വിവിധ ഘട്ടങ്ങളിലൂടെയാണ് മദ്യത്തിന് ഒരാള്‍ അടിമയായി മാറുന്നത്. എപ്പോഴെങ്കിലും മദ്യപിച്ചിരുന്ന ഒരാള്‍ പിന്മാറ്റ അസ്വസ്ഥതകളോടെ അതിന് കീഴ്പ്പെടുന്നയാളായി മാറുന്നത് ക്രമാനുസൃതമായാണ്. രണ്ടോ മൂന്നോ ചിലപ്പോള്‍ അതിലധികം വര്‍ഷങ്ങളോ കൊണ്ടാണത് സംഭവിക്കുന്നത്. മദ്യത്തിന് കീഴ്പ്പെടുന്നതോടെ അത് ഉപേക്ഷിക്കുകയെന്നത് അസാധ്യമായി തീരുന്നു. 

മദ്യമുക്തിയുടെ പിന്മാറ്റ അസ്വസ്ഥതകള്‍

ലഹരി പദാര്‍ത്ഥത്തിന് കീഴ്പ്പെടുന്നവര്‍ക്ക് അത് ഉപേക്ഷിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങളുണ്ടാവുന്നു. പെരുമാറ്റപരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. മദ്യം ഉപേക്ഷിക്കുമ്പോള്‍ വിറയല്‍, ചൊറിച്ചില്‍, ഉദരസംബന്ധിയായ പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ പലര്‍ക്കും ഉണ്ടാക്കാറുണ്ട്. വ്യക്തിയുടെ ശാരീരിക-മാനസികനിലയും, കീഴ്പ്പെട്ട ലഹരിപദാര്‍ത്ഥത്തിന്റെ സ്വഭാവവും അനുസരിച്ചായിരിക്കും ഒരാളുടെ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ കാണുക. 

ചില അമിതമദ്യാസക്തര്‍ക്ക് യാതൊരുവിധ പിന്മാറ്റ അസ്വാസ്ഥ്യങ്ങളും ഉണ്ടാവാറുമില്ല. ചിലര്‍ക്ക് കടുത്ത ദേഷ്യം,ഒറ്റപ്പെടല്‍,കാരണമില്ലാത്ത അസ്വസ്ഥത, അലസത തുടങ്ങിയ മാനസിക പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടമായോ മദ്യമുപേക്ഷിക്കുമ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പിന്മാറ്റ അസ്വാസ്ഥ്യങ്ങളെ പെരുമാറ്റപരമായ തകരാറുകളായിട്ടാണ് മറ്റുള്ളവര്‍ കാണുക. ഉപദേശം കൊണ്ടോ കുറ്റപ്പെടുത്തലുകള്‍ കൊണ്ടോ മാറ്റിയെടുക്കാന്‍ സാധ്യമല്ല. പലപ്പോഴും സ്വയം മാറ്റിയെടുക്കാനും കഴിയുന്നില്ല. 

ഈയൊരവസ്ഥയാണ് മദ്യത്തിനുള്ള വിധേയത്വത്തെ ഒരു രോഗമാക്കി മാറ്റുന്നത് അതാവട്ടെ മരുന്നുകള്‍ കൊണ്ടു മാറ്റിയെടുക്കാനാവുന്നില്ല. അതു കൊണ്ടു മാത്രമല്ല മദ്യം ഉപേക്ഷിക്കുന്നയാള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉപയോഗിക്കുന്നു എന്നത് രോഗത്തെ ഒരു ആജീവനാന്തരോഗമാക്കി മാറ്റുന്നു. മദ്യത്തിനോടുള്ള വിധേയത്വം വൈദ്യശാസ്ത്ര ചികിത്സകൊണ്ട് ഭേദപ്പെടുത്തിയെടുക്കാനാവാതെ പോകുന്നതിനാല്‍ നിത്യരോഗമായി കണക്കാക്കപ്പെടുന്നു. 

മദ്യമുക്തിയിലേക്കുള്ള പടവുകള്‍

അമിതമദ്യാസക്തി എന്ന രോഗം ചികിത്സിച്ച് ഭേദപ്പെടുത്താനാവുമോ.... ?  ഇല്ലെന്നും ആവുമെന്നും പറയാം. ഭേദപ്പെടുത്തി എക്കാലവും മദ്യപിക്കാത്ത ഒരാളായി നിലനിര്‍ത്തും എന്നത് അസാധ്യമാണെന്ന് മാത്രം. ചികിത്സയോട് ബന്ധപ്പെടുത്തി പല കാര്യങ്ങളും മനസിലാക്കേണ്ടതുണ്ട്. 

1. മഹാഭൂരിപക്ഷം മദ്യാസക്തരും തങ്ങള്‍ രോഗിയാണെന്ന് സമ്മതിക്കാനിടയില്ല. അമിതമദ്യാസക്തിയുടെ ഒടുവിലത്തെ ഘട്ടത്തിലും തനിക്ക് വേണമെന്ന് വിചാരിച്ചാല്‍ മദ്യം ഉപേക്ഷിക്കാന്‍ സാധിക്കും എന്നേ പറയാറൂള്ളൂ

2. അമിതമദ്യാസക്തിയുടെ ഹേതുവിനെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ മദ്യപാനിയോ മദ്യപാനിയുടെ കുടുംബാഗംങ്ങളോ മനസിലാക്കാറില്ല. അമിതമദ്യാസക്തിയുണ്ടാക്കുന്ന പെരുമാറ്റപരമായ തകരാറുകളെയാണ് കുടുംബാംഗങ്ങള്‍ പോലും പര്‍വതീകരിച്ച് കാണുന്നത്. അത് രോഗത്തിന്റെ തീവ്രത അറിയാതെ പോകാന്‍ കാരണമാക്കുന്നു. രോഗമെന്ന കാര്യം രോഗിയും മറ്റുള്ളവരും മറക്കുന്നു. 

3. ഉപദേശം,മതബോധം, വിദ്യാഭ്യാസം തൊഴില്‍ എന്നീ ഘടകങ്ങളാല്‍ ഇത് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയില്ല. സമ്പന്നതയോ ആഡംബരത്വമോ അമിതമദ്യാസക്തിയെ കൂടുന്നതായും നീരിക്ഷിക്കപ്പെട്ടിടുണ്ട്. 

4. വൈദ്യശാസ്ത്ര-മനശാസ്ത്ര സംയുക്ത ചികിത്സയക്ക് വിധേയമാക്കുന്നത് അമിതമദ്യാസക്തി എന്ന രോഗത്തെ ഭേദപ്പെടുത്താന്‍ സഹായിച്ചേക്കും. വൈദ്യശാസ്ത്ര ചികിത്സ പിന്മാറ്റ അസ്വാസ്ഥ്യങ്ങളെ നിയന്ത്രിക്കാനും, ശാരീരികാവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താനുമാണ് സഹായിക്കുന്നത്. അതിനൊപ്പം രോഗിയ്ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ആവശ്യമായി വരുന്നു.

വ്യക്തിഗത കൗണ്‍സിലിംഗ്, ബിഹേവ്യര്‍ തെറാപ്പി, ഒക്ക്യുപ്പേഷനല്‍ തെറാപ്പി തുടങ്ങിയ ചികിത്സാപരിപാടികളിലൂടെ രോഗിയുടെ മാനസികതലം സൂക്ഷമമായി അപഗ്രന്ഥിക്കാനും, രോഗിയുടെ സാമൂഹികചുറ്റുപാടുകള്‍ മനസിലാക്കി ചികിത്സ പരമാവധി പ്രയോജനപ്പെടുത്താനും കൗണ്‍സിലര്‍ ശ്രമിക്കുന്നു. ജീവിതത്തെ യഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുവാന്‍ പ്രപ്തരാക്കുകയെന്നതാണ് കൗണ്‍സിലറുടെ ലക്ഷ്യം.     

alchaholഅമിതമദ്യാസക്തിക്ക് ചികിത്സ തേടുകയും  വീണ്ടും മദ്യപിക്കുകയും ചെയ്യുന്നത് സാധാരണമാണ്. മദ്യാസക്തിയ്ക്കുള്ള ചികിത്സയില്‍ അത് കൊണ്ടു തന്നെ പല പ്രശ്നങ്ങളും ഉണ്ടാവുന്നു. ചികിത്സയ്ക്ക് തയ്യാറാവുകയെന്നതാണ് ആദ്യത്തേത്. പലരോഗികളിലും ഇതു കണ്ടു വരുന്നു. 

രോഗി താന്‍ രോഗത്തിനടിമപ്പെട്ടയാളെല്ലെന്ന് വിശ്വസിക്കുന്നു അത്തരത്തിലുള്ള നിരവധി പേരില്‍ ഒരാളിന്റെ കഥ വായിക്കുക

മദ്യത്തിന്റെ തിക്തഫലങ്ങളെല്ലാം ഏറ്റുവാങ്ങിയ ഒരെഴുത്തുകാരന്‍. കുടുംബപ്രശ്നങ്ങളെമ്പാടും തീവ്രപരമായി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഭാര്യയും കുടുംബാംഗങ്ങളും അയാള്‍ക്ക് ചികിത്സ നല്‍കാന്‍ ഒരുങ്ങി. അയാള്‍ തയ്യാറായില്ല. അവര്‍ ഭീഷണിപ്പെടുത്തി. എഴുത്തുകാരന്‍ പറഞ്ഞു, എനിക്കല്ല രോഗം, നിനക്കാണ് നിനക്ക് സംശയരോഗമാണ്... 

ഭാര്യയും കുടുംബവും കൗണ്‍സിലറുടെ നിര്‍ദേശാനുസരണം സ്നേഹത്തോടെ അയാളെ ചികിത്സയ്ക്ക് പ്രേരിപ്പിച്ചു. ഒടുവിലയാള്‍ തയ്യാറായി. ഒരൊറ്റ കണ്ടീഷനില്‍ ചികിത്സയ്ക്ക് തയ്യാറാക്കാം..... ഭാര്യ ആ ഉപാധി സമ്മതിച്ചു. ഡീ അഡിക്ഷന്‍ സെന്ററിലെത്തിയ ഉടന്‍ അയാളറിയിച്ചു. ഞാനെപ്പോഴെങ്കിലും കുടിക്കും. അതു കൊണ്ടൊരു പ്രശ്നവുമില്ല. പക്ഷേ ഇവര്‍ക്കാണ് അസുഖം. അതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം...

മദ്യമുക്തിയുടെ കൂട്ടായ്മകളിലൂടെ അയാള്‍ സ്വന്തം രോഗത്തെ അറിഞ്ഞു തുടങ്ങി. അതിന്റെ തീവ്രതയെക്കുറിച്ചും. ചികിത്സ തുടങ്ങി ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ക്ക് അയാളെ രോഗത്തെക്കുറിച്ച് യഥാര്‍ഥ്യബോധവുളളവനാക്കി മാറ്റുവാന്‍ സാധിച്ചു. നിരന്തരമായ ഇടപെടലുകളിലൂടെയാണ്  അയാളില്‍ മാറ്റമുണ്ടായത്. അതിന് പ്രധാനകാരണമായത് ആല്‍ക്കഹോളിസ് അനോനിമസ് എന്ന മദ്യമുക്തരുടെ കൂട്ടായ്മയാണ്. 

ആല്‍ക്കഹോളിക്സ് അനോനിമസ് (എഎ) അമിത മദ്യാസക്തരുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ്. അന്‍പത് ലക്ഷത്തോളം അമിതമദ്യാസക്തര്‍ ഈ കൂട്ടായ്മയിലൂടെ സുബോധാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അമിതമദ്യാസക്തരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് അല്‍-അനോണ്. ഒരു അമിതമദ്യാസക്തന്റെ സുബോധവസ്ഥ നിലനിര്‍ത്തുവാനുള്ള സാഹചര്യമൊരുക്കുവാന്‍ അല്‍ അനോണിനാവും. 

സമാനമായ രീതിയില്‍ അമിതമദ്യാസക്തരുടെ കുട്ടികളുടെ കൂട്ടായ്മയാണ് അല്‍ അറ്റീന്‍. ഒരു വ്യക്തിയുടെ അമിത മദ്യാസക്തി അയാളുടെ കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഹാരം കാണാനും തങ്ങളുടെ പ്രിയപ്പെട്ട രക്ഷിതാവിന്റെ സുബോധാവസ്ഥ നിലനിലനിര്‍ത്തുവാനുള്ള പരിസരമൊരുക്കുവാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കും. അനുഭവജ്ഞാനമാണ് ഇത്തരം കൂട്ടായ്മകളുടെ കരുത്ത്. 

മദ്യമുക്തിയുടെ ഫലപ്രദമായ ഇടപെടല്‍

ഫലപ്രദമായ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ പലതാണ്

1. മദ്യാസക്തി ഒരു ആജീവനാന്ത രോഗമാണെന്ന തിരിച്ചറിയല്‍ ഉണ്ടാവുക
2. രോഗം തന്റെ ശരീരത്തേയും മനസ്സിനേയും ബാധിച്ചിരിക്കുന്നു എന്ന ബോധ്യപ്പെട്ടല്‍
3. രോഗം കുടുംബ-സാമൂഹിക ബന്ധങ്ങളെ താറുമാറാക്കിയെന്ന അറിവുണ്ടാക്കല്‍
4. നിയന്ത്രിച്ച് മദ്യപിക്കുകയോ, സ്വയം നിര്‍ത്തലോ അസാധ്യമെന്ന ബോധ്യപ്പെടല്‍
5. ഓരോ ദിവസമായി ഇരുപത്തിനാല് മണിക്കൂര്‍ മദ്യത്തില്‍ നിന്ന് വിട്ടുനിന്ന് മുന്നോട്ട് പോകല്‍
6. യഥാര്‍ത്ഥ്യബോധത്തോടെ പ്രതികൂലാവസ്ഥയും സാഹചര്യങ്ങളേയും അഭിമുഖീകരിക്കല്‍
7. ആത്മീയമായ ഉണര്‍ച്ച സ്വരൂപിക്കല്‍
8. കഴിഞ്ഞ കാലത്തെക്കുറിച്ചോ വരാനിരിക്കുന്ന കാലത്തെക്കുറിച്ചോ ആശങ്കപ്പെടാതിരിക്കല്‍
9. ആത്മാഭിമാനവും ആത്മവിശ്വാസവും വീണ്ടെടുക്കല്‍ 
10. സ്വന്തം ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിഞ്ഞ് നിര്‍വഹിക്കല്‍
11. കുടുംബബന്ധങ്ങളിലെ മുറിവുകള്‍ മാറ്റിയെടുക്കല്‍
12. സ്വന്തം കഴിവുകള്‍ വളര്‍ത്താനുള്ള പരമാവധി ശ്രമങ്ങള്‍
13. സാമൂഹിക ജീവിതത്തില്‍ ഉചിതമായ ഇടപെടല്‍
14. ആല്‍ക്കഹോളിക്സ് അനോനിമസ്,അല്‍ അനോന്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കല്‍
15. തെറ്റുകുറ്റങ്ങള്‍ ചെയ്തവരോട് അതേറ്റു പറഞ്ഞ് ഉചിതമായ പരിഹാരം ചെയ്യല്‍
16. ക്രിയാത്മകവും ഫലപ്രദവുമായ രീതിയില്‍ സുബോധാവസ്ഥ ആഘോഷമാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തല്‍ 
17. പ്രാര്‍ത്ഥന,ധ്യാനം തുടങ്ങിയവയിലൂടെ പ്രശാന്തമനസ്സ് സ്വരൂപിക്കല്‍
18. മദ്യത്തിന് പകരം മറ്റൊന്ന് ഉപയോഗിക്കാതിരിക്കല്‍
19. മദ്യത്തിനോടുള്ള ആസക്തി ജീവിതാവസാനം വരെ വീണ്ടു നില നില്‍ക്കും എന്ന് മറക്കാതിരിക്കല്‍
20. മദ്യത്തോടുള്ള വിധേയത്വത്തില്‍ നിന്ന് രക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ ആ സന്ദേശം മറ്റൊരു മദ്യാസക്തന് കൈമാറല്‍

ലഹരി പദാര്‍ത്ഥത്തിന് കീഴ്പ്പെടുകയെന്നത് പലര്‍ക്കും എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമാണ്. ചിലര്‍ അതിന് കീഴപ്പെടാന്‍ കൂടുതല്‍ കാലമെടുത്തേക്കാം എന്നാല്‍ മദ്യമുക്തി ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ നേടിയെടുക്കാനാവില്ല. മദ്യമുക്തി പലര്‍ക്കും എളുപ്പമല്ല, മദ്യമുക്തി സാധിച്ചാലും അതിന്റെ പ്രത്യാഘാതങ്ങളുടെ മുറിവുണങ്ങുന്നതും എളുപ്പമല്ല. അത് കൊണ്ടാണ് മദ്യമുക്തിക്കായി ദീര്‍ഘകാല ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. 

പതിനൊന്ന് തവണ ചികിത്സകഴിഞ്ഞിട്ടും മദ്യമുക്തി നിര്‍ത്താനാവാതെ ദിനപത്രത്തില്‍ കണ്ട സൗജന്യചികിത്സ എന്ന പത്രക്കുറിപ്പുമായി ഒരാള്‍ ഒരിക്കല്‍ എന്റെ അടുത്തെത്തി. നീണ്ടുമെലിഞ്ഞ് കാറ്റ് വീശിയാല്‍ വീഴുമെന്ന അവസ്ഥയിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സൗജന്യ ചികിത്സ എന്ന വാര്‍ത്തയാണ് തന്നെ ആകര്‍ഷിച്ചതെന്ന് അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ മുഴുക്കുടിയനാണ് ബാംഗ്ലൂരിലടക്കം പതിനൊന്ന് ചികിത്സാകേന്ദ്രങ്ങളില്‍ പോയിട്ടുണ്ട് ഈ ചികിത്സ കൊണ്ട് എന്റെ കുടി മാറ്റിത്തരാമെന്ന് ഗ്യാരണ്ടി തരാനാവുമോ .......... അയാള്‍ ചോദിച്ചു

ഒരു ഗ്യാരണ്ടിയും ഒരാള്‍ക്കും തരാനാവില്ലെന്ന വസ്തുത ഞാന്‍ അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇത്രയും ചികിത്സ നടത്തിയിട്ടും ഭേദമായില്ല എന്നത് തന്നെ ഇതൊരു മാറാരോഗമാണെന്ന് അറിയിക്കുന്നതല്ലേ.....

അപ്പോള്‍ പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്നര്‍ത്ഥം ..... അയാള്‍ പറഞ്ഞു

പ്രതീക്ഷയ്ക്ക് വകയുണ്ട് ഈ രോഗത്തിന് വൈദ്യശാസ്ത്ര - മനശാസ്ത്ര ചികിത്സയാണ് അഭികാമ്യം. നിങ്ങള്‍ക്കും ഭാര്യയ്ക്കും ചികിത്സ നല്‍കണം ........ ഞാന്‍ പറഞ്ഞു. അതയാള്‍ക്കിഷ്ടമായി 

ഭാര്യയ്ക്കും ചികിത്സ കൊടുക്കുമോ....? 

അവര്‍ക്ക് കൗണ്‍സിലിംഗ് വേണ്ടിവരും  

അയാളില്‍ താത്പര്യം ജനിച്ചു. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം അയാള്‍ പറഞ്ഞു. 

എന്തായാലും ഒരു കൈ നോക്കാം.......

പിറ്റേന്നയാളെത്തി ഭാര്യയ്ക്കൊപ്പം, മദ്യപാനത്തിന്റെ സര്‍വ്വവിധ ദുരന്തങ്ങളും അനുഭവിച്ച മനുഷ്യന്‍. സഹോദരന്‍മാരില്‍ കുടിച്ചു മരിച്ച ഒരാള്‍, മറ്റൊരാള്‍ കണ്‍മുന്‍പില്‍ വച്ചു തൂങ്ങി മരിക്കുന്നതും കാണേണ്ടിവന്നു. കുഴഞ്ഞുമറിഞ്ഞ കുടുംബബന്ധങ്ങള്‍, സര്‍ക്കാര്‍ ജോലിയില്‍ പലവട്ടം സസ്പെന്‍ഷന്‍, മകനും രോഗം, സാമ്പത്തികതകര്‍ച്ച, കുടുംബങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ടല്‍, രോഗങ്ങള്‍ വേറെയുമുണ്ട്.

positiveഅയാള്‍ക്ക് ചികിത്സ തുടങ്ങി, പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ക്ക് വൈദ്യചികിത്സ. അയാള്‍ക്ക് മരുന്നിനപ്പുറം കൗണ്‍സിലിംഗും ഒപ്പം അമിതമദ്യാസക്തരുടെ കൂട്ടായ്മ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. മദ്യമുക്തി അയാള്‍ക്കൊരു മതമായി ആദര്‍ശമായി മദ്യമുക്തി അയാളുടെ പ്രവര്‍ത്തന പദ്ധതിയായി.  അയാള്‍ കുടി നിര്‍ത്തി, മറ്റു മദ്യപന്‍മാര്‍ക്ക് മദ്യമുക്തിയുടെ സന്ദേശവും കൈമാറി. മരിക്കും വരേയും അയാള്‍ കുടിച്ചിരുന്നില്ല. രണ്ട് ദശകത്തിലേറെ സുബോധാവസ്ഥയുടെ ആഘോഷം അയാളെ മാറ്റിമറിച്ചു. 

അയാളുടെ ജീവിതത്തിലുണ്ടായമാറ്റങ്ങള്‍ മറ്റു കുടിയന്‍മാരുടെ  ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തി. രണ്ട് വര്‍ഷം മുന്‍പ് മരിച്ച ഇരുപത്തിനാല് വര്‍ഷക്കാലം മദ്യപിക്കാതെ ജീവിച്ച അയാളുടെ പേര് തേവര്‍ക്കണ്ടി രവീന്ദ്രന്‍. കോഴിക്കോട് അരക്കിണറുകാരന്‍. സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം കുറേക്കാലം ജീവിച്ചയാള്‍. മദ്യമുക്തിയുടെ സന്ദേശം കൈപ്പറ്റി ചികിത്സയും കൗണ്‍സിലിംഗും എഎയുടെ പ്രവര്‍ത്തനം കൊണ്ടും ജീവിതം മാറ്റിമറിഞ്ഞ അയാളെ സുഹൃത്തുക്കള്‍ പ്രിയപ്പെട്ട ടികെ എന്നു വിളിച്ചു.