തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനും കെ.എം. മാണിക്കും അധികകാലം ഒരുമുന്നണിയിലും പെടാതെ നില്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ കരുതലോടെയുള്ള നീക്കങ്ങളിലാണ് ബി.ജെ.പി. സംസ്ഥാനനേതൃത്വം. പ്രത്യേക പ്രകോപനങ്ങളൊന്നുംകൂടാതെ പെട്ടെന്ന് യു.ഡി.എഫ്. വിടാനുള്ള തീരുമാനം എന്‍.ഡി.എ.യുടെ തുറന്നിട്ട വാതില്‍കൂടി മുന്നില്‍ക്കണ്ടാണെന്ന് ബി.ജെ.പി.യിലെ ഒരുവിഭാഗം കരുതുന്നു.
 
ബി.ജെ.പി.ക്കൊപ്പമില്ലെന്ന മാണിയുടെ പ്രഖ്യാപനം അവര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബാര്‍കോഴക്കേസിലെ നിലപാടില്‍ മാറ്റമില്ലെന്ന് പറയുമ്പോള്‍ത്തന്നെ മാണിക്കുമുന്നില്‍ ബി.ജെ.പി. എന്നന്നേക്കുമായി വാതിലടയ്ക്കില്ലെന്ന സൂചനകളാണ് പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനകള്‍ നല്‍കുന്നത്. മാണിയെ വേണ്ട എന്ന് ബി.ജെ.പി. ഇതുവരെ പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനെ ആരും അങ്ങോട്ടുചെന്ന് കൂട്ടിക്കൊണ്ടുവരുമെന്ന് കരുതേണ്ടന്ന കുമ്മനത്തിന്റെ പ്രസ്താവനയില്‍ ഇങ്ങോട്ടുവന്നാല്‍ നീട്ടി സ്വീകരിക്കുമെന്ന സൂചന ഒളിഞ്ഞുകിടക്കുന്നുണ്ട്.

ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മാണിയെ എന്‍.ഡി.എ.യിലേക്ക് സ്വാഗതംചെയ്തുകഴിഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാണിയുമായി അടുപ്പമുണ്ടുതാനും. കേരളത്തിലെ എന്‍.ഡി.എ.സംവിധാനത്തിലെ പ്രധാന ഘടകമായ ബി.ഡി.ജെ.എസ്സിന്റെ ആഭിപ്രായത്തെ അവഗണിക്കാനും ബി.ജെ.പി.ക്കാവില്ല.

മകന്‍ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിപദം ലക്ഷ്യമിട്ടാണ് മാണിയുടെ നീക്കമെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നു. ജോസ് കെ. മാണി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന ആന്റണി രാജുവിന്റെ ആരോപണം ബി.ജെ.പി. നിഷേധിച്ചിട്ടില്ല. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളില്‍നിന്ന് ബി.ജെ.പി. ഒളിച്ചോടില്ലെന്ന കുമ്മനം പറഞ്ഞതിനും പല അര്‍ഥങ്ങളുണ്ട്.

എന്നാല്‍, മാണി ബി.ജെ.പി.യോട് അടുത്താല്‍, കേരളാ കോണ്‍ഗ്രസിലെ എത്രപേര്‍ അതിനെ അനുകൂലിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ ഈ തീരുമാനം ബോധ്യപ്പെടുത്തുക എളുപ്പമാവില്ല. ക്രൈസ്തവസഭകളുടെ നിലപാടും നിര്‍ണായകമാണ്.

മാണി എന്‍.ഡി.എ.ക്കൊപ്പം വന്നാല്‍ ബാര്‍കോഴക്കേസ് അണികളെയും ജനങ്ങളെയും പറഞ്ഞുബോധ്യപ്പെടുത്തുക എന്ന പ്രതിസന്ധി ബി.ജെ.പി.ക്കുമുന്നിലുമുണ്ട്. മാണി അഴിമതിക്കാരനാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. അദ്ദേഹത്തിനെതിരായ കേസുകളില്‍ പാര്‍ട്ടിനേതാക്കള്‍ കക്ഷിചേര്‍ന്നിട്ടുമുണ്ട്.