ചക്കരക്കല്‍: യു.ഡി.എഫില്‍നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറുന്നതോടെ ഐക്യജനാധിപത്യ മുന്നണിയുടെ തകര്‍ച്ച കേരളത്തില്‍ പൂര്‍ണമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്നണിക്കകത്ത് ഏറെ നാളുകളായി നിലനില്‍ക്കുന്ന അതൃപ്തിയാണ് മാണിയിലൂടെ പുറത്തുവന്നത് -അദ്ദേഹം പറഞ്ഞു. സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. വിട്ട മാണി എല്ലാ മുന്നണികളോടും സമദൂരനിലപാട് സ്വീകരിക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. എന്‍.ഡി.എ.യോടും ഇതേ നിലപാട് സ്വീകരിച്ചും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന സമീപനം തികച്ചും ആത്മഹത്യാപരമാണ്. എന്‍.ഡി.എ. രാജ്യത്താകമാനം സ്വീകരിച്ചുവരുന്ന വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ തിരിച്ചറിയുന്നവര്‍ ഒരിക്കലും ഇങ്ങനെ പറയില്ല.

യു.ഡി.എഫിന്റെ മൂന്ന് പ്രധാന കക്ഷികളാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും. ഇതില്‍ യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളായ മാണിയെപ്പോലുള്ളവര്‍ മുന്നണി വിടുന്നു എന്നത് യു.ഡി.എഫിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പോടെ യു.ഡി.എഫ്. തകരുമെന്ന് പറഞ്ഞത് രാഷ്ട്രീയ പ്രചാരണമാണെന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, അത് യാഥാര്‍ഥ്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവരികയാണ് -അദ്ദേഹം പറഞ്ഞു.