ചരല്‍ക്കുന്ന്: ജനരോഷം കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ്സിനും എതിരെ തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ശ്രമിച്ചെന്ന് ക്യാമ്പ് വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന് മുമ്പേ കോണ്‍ഗ്രസ് അണികളെക്കൊണ്ട് കലാപം ഉണ്ടാക്കി.
 
തിരുവല്ലയില്‍ ജോസഫ് എം.പുതുശേരിയെ തോല്‍പ്പിക്കാന്‍ പി.ജെ.കുര്യന്‍ അപഹാസ്യമാംവിധം രംഗത്തിറങ്ങി. സ്ഥാനാര്‍ഥിയെ പ്രചാരണത്തിന് വിടാതെ 14 ദിവസം ബന്ദിയാക്കി വയ്ക്കുകയായിരുന്നു അവിടെ.റബ്ബറിനുവേണ്ടി നല്‍കിയ നിവേദനം കേന്ദ്രമന്ത്രി ചിദംബരം കണ്ടില്ലെന്ന് നടിച്ചു.
 
ഇടുക്കിയില്‍ പട്ടയം കിട്ടാത്ത വിഷയത്തില്‍ കെ.എം.മാണിയുടെ വീട്ടിലേക്ക് ജനങ്ങളെ ഇളക്കിവിട്ട് പ്രതിഷേധം നടത്തിച്ചത് കോണ്‍ഗ്രസാണ്. മാണി റവന്യു മന്ത്രി അല്ലാതിരുന്നിട്ടും പ്രതിഷേധം അദ്ദേഹത്തിന് എതിരാക്കി. ഇത് വഞ്ചനയായിരുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി. കേന്ദ്രം ഭരിച്ചുകൊണ്ടാണ് ഈ പ്രചാരണത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റ് കൊടുത്തില്ല. ബാര്‍കോഴ കേസില്‍ ഇരട്ട നീതിയാണ് കാട്ടിയത്.
 
വിഷയത്തില്‍ അനാവശ്യ ഉല്‍സാഹം കാട്ടിയത് രമേശ് ചെന്നിത്തലയാണ്. മാണിയെ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം കെ.ബാബുവിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി വന്ന കാഷ്യു, കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണങ്ങളിലും മൃദുസമീപനം കാട്ടി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പിന്റെ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വതന്ത്രവേഷം കെട്ടിച്ച് അണികളെ റിബലാക്കി നിര്‍ത്തി. പരമാവധി തോല്‍വി സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. കക്ഷികള്‍ വിട്ടുപോയതുമൂലം ഒന്‍പത് നിയമസഭാസീറ്റുകള്‍ ഒഴിവ് വന്നിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് കൈയടക്കിവച്ചു. അര്‍ഹമായ സീറ്റ് തരാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.