അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂലായിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള എം.പി. എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി. അന്ന് ഇടതുമുന്നണിയിലായിരുന്നു കേരളാ കോൺഗ്രസ്. സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും പിക്കറ്റ് ചെയ്യാനുള്ള മുന്നണി നീക്കത്തിനെതിരെയായിരുന്നു അറസ്റ്റ്. പൂജപ്പുര സെൻട്രൽ ജയിലിൽ കേരളാ കോൺഗ്രസ് നേതാക്കന്മാരോടൊപ്പമുണ്ടായിരുന്നത് ഇ.എം.എസ്., എ.കെ.ജി., കെ. അനിരുദ്ധൻ എന്നു തുടങ്ങി മുൻനിര നേതാക്കളും.

 അന്നത്തെ അച്യുതമേനോൻ സർക്കാറിൽ കേരളാകോൺഗ്രസ്‌ കൂടി ചേരാനുള്ള ചർച്ചകൾ ജയിലിനു പുറത്തു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഡിസംബറിൽ കെ.എം. ജോർജിനെയും ബാലകൃഷ്ണപിള്ളയെയും മോചിപ്പിച്ച് ഡൽഹിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തിച്ചു. കേരളാ കോൺഗ്രസ് സർക്കാറിൽ ചേരണമെന്നും രണ്ടുപേരും മന്ത്രിമാരാവണമെന്നും ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു. കെ.എം. ജോർജ് പാർട്ടി ചെയർമാനാണ്. പിള്ള സ്ഥാപക ജനറൽ സെക്രട്ടറിയും. കോൺഗ്രസ്സിനെയും അടിയന്തരാവസ്ഥയെയും എതിർത്തിരുന്ന രണ്ടുപേരും യോജിച്ചില്ല. 
അന്ന് ആഭ്യന്തരവകുപ്പു സഹമന്ത്രിയായിരുന്ന കെ.സി. പന്ത് ഇരുവരെയുംകൂട്ടി പുറത്തിറങ്ങി. ഡിസംബർ മാസത്തിലെ ഡൽഹിയിൽ മഞ്ഞുപൊഴിയുന്ന രാത്രി പന്ത് മൃദുവായ സ്വരത്തിൽ ചോദിച്ചു. രണ്ടുപേർക്കും മന്ത്രിമാരാവാം. അല്ലെങ്കിൽ ജയിലിലേക്ക്‌ മടങ്ങാം. സർക്കാറിൽ ചേരാനും മന്ത്രിമാരാവാനുമാണ് ജോർജും പിള്ളയും തീരുമാനിച്ചത്. 

1975 ഡിസംബർ 25-ാം തിയ്യതി രാത്രിയിൽ കോട്ടയത്ത് അതിരഹസ്യമായ ഒരുയോഗം ചേർന്നു. കേരളാ കോൺഗ്രസ്സിന്റെ പാർട്ടി ലീഡറും പാർലമെന്ററി പാർട്ടി ലീഡറും ഒരാളാവാൻ പാടില്ലെന്ന തീരുമാനം ഈ യോഗം കൈക്കൊണ്ടു. ഡിസംബർ 26-ാം തിയ്യതി, തിരുപ്പിറവിദിനത്തിനു പിറ്റേന്ന്, കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെ.എം. ജോർജ് തഴയപ്പെട്ടു.
കൃത്യമായി കണക്കുകൾ കൂട്ടിയും ഭംഗിയായി ഗൃഹപാഠം ചെയ്തും രാഷ്ട്രീയം കളിക്കുന്നയാളാണ് കരിങ്ങോഴയ്ക്കൽ മാണി മാണി. ഒരിക്കലും ആ കണക്കുകൾ  തെറ്റിയില്ല. നീക്കങ്ങൾ പിഴച്ചില്ല. 1980-ൽ ഇടതുമുന്നണിയിൽ ചേർന്ന് മന്ത്രിയായപ്പോഴും മാണിയുടെ കണക്കുകൾ കൃത്യമായിരുന്നു. 1982-ൽ ആന്റണിവിഭാഗം ഇടതുമുന്നണി വിട്ടതിനു പിന്നാലെ മാണിയും മുന്നണി വിട്ടു. പാലായ്ക്കടുത്ത് രാമപുരത്തുനടന്ന ഇടതുമുന്നണിയോഗത്തിൽ ശക്തമായി മുന്നണിക്കുവേണ്ടി പ്രസംഗിച്ച്‌ തിരുവനന്തപുരത്തെത്തിയതിനു പിറ്റേന്നാണ് മാണി, നായനാർ മന്ത്രിസഭ വിട്ടത്. അന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന തോമസ് കുതിരവട്ടം, മാണിയുടെ രാജിക്കത്ത് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഇ.കെ. നായനാർക്കു നേരിട്ട് നൽകുകയായിരുന്നു. ‘‘കുഞ്ഞുമാണി എന്നെ പിന്നിൽനിന്നുകുത്തി’’- മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവെച്ചശേഷം കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ പൊതുസമ്മേളനത്തിൽ നായനാർ ഉറക്കെ പറഞ്ഞു.

ഇന്നിപ്പോൾ കെ.എം. മാണി കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി വിട്ടിരിക്കുന്നു. 1982 മുതൽ മാണി യു.ഡി.എഫിന്റെ നെടുംതൂണുകളിലൊന്നാണ്‌. 1994-’95 കാലഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന നീക്കത്തിന്‌ ആദ്യം പിന്തുണ നൽകിയത്‌ മുസ്‌ലിം ലീഗും കേരളാ കോൺഗ്രസ്സുമാണ്‌. അങ്ങനെ ഉമ്മൻചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും ചേർന്ന്‌ പുതിയൊരു അച്ചുതണ്ടുണ്ടാക്കി. അന്നുമുതൽ ആ അച്ചുതണ്ടിന്മേലാണ്‌ യു.ഡി.എഫ്‌. നിലനിന്നത്‌. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ ഈ അച്ചുതണ്ട്‌ തകർന്നുപോയി. ഉമ്മൻചാണ്ടി നേതൃത്വത്തിൽനിന്ന്‌ മാറിനിൽക്കുന്നു. പകരം രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായി. ഇപ്പോഴിതാ കെ.എം. മാണി മുന്നണിതന്നെ വിട്ടിരിക്കുന്നു.

മാണിയെ ഡൽഹിക്കു വിളിപ്പിക്കാനും അനുനയിപ്പിക്കാനുമുള്ള ശേഷി ഇന്നത്തെ കോൺഗ്രസ്‌ ഹൈക്കമാൻഡിനില്ല. കേന്ദ്രഭരണം കൈവിട്ട കോൺഗ്രസ് നേതൃത്വം ഏറെ ദുർബലമായിരിക്കുന്നു. പരാജയത്തെത്തുടർന്ന്‌ കോൺഗ്രസ്സിന്റെ സംസ്ഥാന നേതൃത്വവും ശിഥിലമായി. ഒരു അനുരഞ്ജനത്തിനും വഴങ്ങാതെ ഉമ്മൻചാണ്ടി മുഖം തിരിച്ചുനിൽക്കുന്നു. മാണി യു.ഡി.എഫിന്റെ പടിയിറങ്ങുമ്പോൾ മുന്നണി വീണ്ടും ക്ഷയിക്കുകയാണ്‌.
പക്ഷേ, മാണിയുടെ കണക്കുകൾ അദ്ദേഹത്തെയും പാർട്ടിയെയും രക്ഷിക്കുമോ? മുമ്പിലൊരു വഴിയും ലക്ഷ്യവും കാണാതെയാണ്‌ മാണി യു.ഡി.എഫിൽ നിന്ന്‌ എടുത്തുചാടിയിരിക്കുന്നത്‌. 
അടുത്ത മൂന്നുവർഷത്തേക്ക്‌ തിരഞ്ഞെടുപ്പൊന്നുമില്ലെന്നത്‌ ഒരു വസ്തുത. എങ്കിലും ഐക്യമുന്നണി രാഷ്ട്രീയം ശക്തമായി നിലകൊള്ളുന്ന കേരളത്തിൽ മാണിയുടെ ഭാവിയെന്താവും? 
പുറത്തുവരുന്ന സൂചനകളനുസരിച്ച്‌ മാണിയുടെ ഭാവി അത്ര സുഖകരമല്ല തന്നെ. മാണിയുടെ വഴിക്കണക്കുകൾ ജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തീരെയില്ല.