തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായി കണ്ടാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. മുഴുവന്‍ ജനങ്ങളുടേയും അത്താണിയായി നിലകൊള്ളും.

എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കും. വീറും വാശിയുമെല്ലാം തിരഞ്ഞെടുപ്പോടെ കഴിഞ്ഞു. ഇനി വേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേതൃതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാരെ അകറ്റി നിര്‍ത്തും. ഇതിനകംതന്നെ തന്റെ പേരുപറഞ്ഞ് പലരും രംഗത്ത് വന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. പേഴ്സണല്‍ സ്റ്റാഫടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആളുകളെ മാത്രമേ സര്‍ക്കാരിന്റെ ഭാഗമാക്കൂ.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ കേരള സമൂഹത്തെയും സ്വാഗതം ചെയ്യുന്നു. എല്‍.ഡി.എഫിന് വോട്ട് ചെയ്തവരെയല്ല, തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുകയാണ്. ജനനേതാക്കള്‍, മതനേതാക്കള്‍, രക്തസാക്ഷികളുടെ കുടുംബങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി സമൂഹത്തിന്റെ പലതട്ടിലുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തും.

തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്ത പലരും ആശംസ അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരാണ് സത്യപ്രതിജ്ഞാ ചടങ്ങ് വിജയകരമാക്കി മാറ്റാന്‍ അധ്വാനിക്കുന്നത്. വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. എത്രത്തോളം പേരെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നറിയില്ല. എല്ലാ ആശംസകള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും നന്ദി അറിയിക്കുന്നു.

നാളെ രാവിലെയോടെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുമെന്ന്  പിണറായി പറഞ്ഞു. നാളെ രാവിലെ രാജ്ഭവനിലെത്തി താന്‍ ഗവര്‍ണറെ കാണും. വൈകിട്ട് നാല് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് മന്ത്രിസഭാ യോഗം. ഇതിനുശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയും ഭാവിപരിപാടികളും മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.