തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതോടെ ഉദ്യോഗസ്ഥതലത്തിലും സമഗ്രമായ അഴിച്ചു പണിക്ക് കളമൊരുങ്ങുകയാണ്. വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വരും ദിവസങ്ങളില്‍ സ്ഥാനചലനമുണ്ടാക്കാമെങ്കിലും കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുള്ളത് അഭ്യന്തരവകുപ്പിലാണ്. 

സിപിഎമ്മിന് അത്ര അഭിമതനല്ലാത്ത ഡിജിപി സെന്‍കുമാറും, ഈ മാസം ചുമതലയേറ്റ ചീഫ് സെക്രട്ടറി വിജയാനന്ദും തല്‍സ്ഥാനത്ത് തുടരാന്‍ തന്നെയാണ് സാധ്യതയെങ്കിലും എഡിജിപി,ഐജി,എസ്.പി റാങ്കുകളില്‍ അഴിച്ചു പണിയുണ്ടാവും.

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇതുവരെ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണസംഘം പുന:സംഘടിപ്പിച്ചേക്കാം. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ കുറുപ്പംപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക്  നേരെ കര്‍ശന നടപടികളെടുക്കാനാണ് സാധ്യത. ജിഷ വധക്കേസില്‍ രാപകല്‍ സമരം നടത്തുന്ന സിപിഎമ്മിന് സമരം അവസാനിപ്പിക്കാനും അതുവഴി സാധിക്കും. ജിഷ വധക്കേസ് അന്വേഷണത്തിന് ഒരു വനിത ഐ.ജി മേല്‍നോട്ടം വഹിക്കണമെന്നായിരുന്നു നേരത്തെ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്.

ജിഷ വധക്കേസില്‍ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റൂറല്‍ എസ്.പി യശ്പാല്‍ ചന്ദ്രയ്ക്ക് സ്ഥാനചലനം ഉണ്ടാക്കുമോ എന്നതാണ് കണ്ടറിയേണ്ട മറ്റൊരു കാര്യം. ഒരു വര്‍ഷം മുന്‍പ് ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത അദേഹം അന്ന്‌ സിപിഎം നേതാക്കളുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 

കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ വിജിലന്‍സിന്റെ തലപ്പത്തും അഴിച്ചു പണികളുണ്ടാവും. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ സ്ഥിതിക്ക് വിജിലന്‍സ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനചലനുണ്ടാവാനാണ് സാധ്യത. 

എന്നാല്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കപ്പുറം, ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയും കാര്യക്ഷമതയും പരിഗണിച്ചായിരിക്കും അവരോടുള്ള സര്‍ക്കാരിന്റെ സമീപനമെന്നാണ് പിണറായിയുടെ നയം. സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കറ പുരളാത്തവര്‍ വേണമെന്ന നിലപാടാണ് പിണറായി മുന്‍പോട്ട് വയ്ക്കുന്നത്.

സഹപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്ന ഉമ്മന്‍ചാണ്ടി ശൈലിയില്‍ നിന്ന് മാറി, പിണറായിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും തങ്ങള്‍ക്ക് ലഭിച്ച ലക്ഷ്യങ്ങള്‍  പൂര്‍ത്തീകരിക്കുക എന്നതായിരിക്കും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും ചുമതല.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്തു തീര്‍ക്കാന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും എല്ലാ മാസങ്ങളിലും അവലോകന യോഗം കൂടി പുരോഗതി വിലയിരുത്തകയും ചെയ്യുക എന്ന രീതിയാവും പിണറായിയുടേത്. നേരത്തെ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും അദ്ദേഹം സമാന ശൈലിയാണ് പിന്തുടര്‍ന്നത്. 

അതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കരുതെന്ന് നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മോടിപിടിപ്പിക്കലിന്റെ പേരില്‍ വന്‍തുകയാണ്  ചിലവാക്കുന്നതെന്നും, ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കല്ലാതെ മന്ത്രിമന്ദിരങ്ങളുടെ മോടി കൂടാന്‍ പണം ചിലവാക്കരുതെന്നുമാണ് പൊതുമാരമത്ത് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലും ചേബറിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കാണുവാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗകര്യമൊരുക്കിയിരുന്നു.