തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ കാര്യങ്ങള്‍ പരിശോധിച്ചു നീങ്ങിയ പിണറായി വിജയന്‍ ഭക്ഷണത്തിന്റെ ചുമതലയുള്ള പാര്‍ട്ടിനേതാവിനെ വിളിച്ചു വരുത്തി. തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാവായ അദ്ദേഹത്തോട് പിണറായിയുടെ ചോദ്യം: എത്ര പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നുണ്ട്? രണ്ടായിരം പേര്‍ക്കെന്ന് മറുപടി. ഒറ്റയിടിക്ക് ആയിരം പേരെ ഒഴിവാക്കിയോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. ആകെ 3000 പേരായിരുന്നു പഠന കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഭക്ഷണം വിതരണം ചെയ്യാന്‍ എത്ര കൗണ്ടറുണ്ടാവുമെന്നായി അടുത്ത ചോദ്യം. പത്ത് എന്ന് മറുപടി. ഉച്ചഭക്ഷണത്തിന് എത്ര സമയമുണ്ടാവുമെന്ന് അടുത്ത ചോദ്യം. 45 മിനിറ്റെന്നു മറുപടി. പത്ത് കൗണ്ടറുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ 3000 പേര്‍ക്ക് എത്ര സമയം വേണ്ടിവരുമെന്ന് പിണറായിയുടെ ചോദ്യം വീണ്ടും. ഉത്തരം പറയാനാവാതെ നേതാവ് പിണറായിയുടെ മുന്നില്‍ വിഷണ്ണനായി നിന്നു. 

ഇതാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഏതുകാര്യവും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന, കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന നേതാവ്. എന്തിനും ഏതിനും അദ്ദേഹത്തിന് വ്യക്തമായൊരു പദ്ധതിയുണ്ടാകും. ഏതു കാര്യവും ചെയ്തുതീര്‍ക്കുന്നതിന് വിശദമായൊരു പരിപാടി. ആ പരിപാടിയനുസരിച്ച് ചുമതലപ്പെട്ടവര്‍ കാര്യങ്ങള്‍ നോക്കിനടത്തണം. ഉദ്യോഗസ്ഥരായാലും പാര്‍ട്ടിപ്രവര്‍ത്തകരായും നേതാക്കന്‍മാരായാലും.

1996 ല്‍ നായനാര്‍ സര്‍ക്കാരില്‍ വിദ്യുച്ഛക്തി മന്ത്രിയായ പിണറായി വിജയന്റെ ഭരണമികവ് ജനങ്ങള്‍ കണ്ടതാണ്. പവര്‍കട്ടും ലോഡ് ഷെഡ്ഡിങും പതിവായിരുന്ന കാലമായിരുന്നു അത്. ഓരോ വര്‍ഷവും നടക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ മന്ത്രി പിണറായി വിജയന്‍ ശ്രദ്ധയോടെ ഇരിക്കുകയാണ്. ഓരോരുത്തരും ആ വര്‍ഷം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഇത്ര സബ്സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ഒരാള്‍. ഇത്ര ദൂരം ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുമെന്ന് മറ്റൊരാള്‍. എക്സ്ട്രാ ഹൈടെന്‍ഷന്‍ വലിക്കുന്നതിനെക്കുറിച്ച് അടുത്ത ഉദ്യോഗസ്ഥന്‍. പിണറായി എല്ലാം കേട്ടിരുന്നു, ഒന്നും പറയാതെ. 

പിന്നീടദ്ദേഹം വിദ്യുച്ഛക്തി ബോര്‍ഡിനെപ്പറ്റി പഠിച്ചു. ഉല്‍പാദനത്തെപ്പറ്റിയും വിതരണത്തെപ്പറ്റിയും പഠിച്ചു. ഒരു വര്‍ഷത്തിന് ശേഷം മേലുദ്യോഗസ്ഥരുടെ അതേ യോഗം. ഓരോരുത്തരും ഇനി തങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ഹൈടെന്‍ഷന്‍ ലൈനുകള്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനുകള്‍, സബ്സ്റ്റേഷനുകള്‍, എന്നിങ്ങനെ. കഴിഞ്ഞ വര്‍ഷം എന്തായിരുന്നു പറഞ്ഞത്, അതില്‍ എന്തുമാത്രം ചെയ്തുതീര്‍ത്തു എന്ന് ആദ്യത്തെ ആളോടു പിണറായിയുടെ ചോദ്യം. ഉദ്യോഗസ്ഥന് മറുപടി ഉണ്ടായിരുന്നില്ല. അടുത്തയാളോടും അതേ ചോദ്യം. വീണ്ടും മൗനം. 

ഉദ്യോഗസ്ഥരുടെ കണക്കും കാര്യവും കേട്ടു തൃപ്തനായി എഴുന്നേറ്റ് പോകുന്ന വെറുമൊരു രാഷ്ട്രീയക്കാരന്‍ മന്ത്രിയല്ല പിണറായി വിജയന്‍ എന്ന് വിദ്യുച്ഛക്തി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന കുറിപ്പെടുക്കാന്‍ പിണറായി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അവരൊക്കെയും നല്‍കിയ കുറിപ്പുകളുടെ കെട്ട് പിണറായി സ്വന്തം ബാഗില്‍ നിന്ന് പുറത്തെടുത്തു. 'ഇതു നിങ്ങളുടെ കൈയിലില്ലെങ്കില്‍ ഞാന്‍ തരാം', പിണറായി പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല.

വിദ്യുച്ഛക്തി ബോര്‍ഡില്‍ ഒരു പുതിയ അധ്യായം തുറക്കുകയായിരുന്നു. വൈദ്യുതോല്‍പ്പാദന-വിതരണ രംഗത്ത് ആ വര്‍ഷം നടന്നത്രയും ജോലി അതിനു മുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല. വൈദ്യുതോല്‍പാദനം കൂട്ടുന്നതിന് കായംകുളത്തെ താപവൈദ്യുത നിലയവും പിണറായിയുടെ ലക്ഷ്യത്തിലുണ്ടായിരുന്നു. അതാവട്ടെ കേന്ദ്രപദ്ധതിയും. എങ്കിലും അവിടുത്തെ ഉദ്യോഗസ്ഥരുമായും മന്ത്രി നിരന്തരം ബന്ധപ്പെട്ടു. ഒരു ദിവസം ഉദ്യോഗസ്ഥര്‍ പരാതിയുമായി പിണറായിയെ ഫോണില്‍ വിളിച്ചു. പെട്ടെന്ന് തൊഴിലാളികള്‍ പണിമുടക്കിയിരിക്കുന്നു. എല്ലാ യൂണിയനുകളും പണിമുടക്കിലുണ്ട്. സിഐടിയു ഉള്‍പ്പെടെ. പിണറായി നേരെ കായംകുളത്തേക്ക് തിരിച്ചു. അവിടെ യൂണിയന്‍ നേതാക്കളെയെയല്ലാം വിളിച്ചു യോഗം നടത്തി. പണി തടസ്സപ്പെട്ടു കൂടാ എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും നേതാക്കള്‍ വഴങ്ങിയില്ല. അവസാനം പിണറായി എഴുന്നേറ്റു. 'നാളെ ഇവിടെ പണി നടക്കും. ആരും തടസപ്പെടുത്തില്ല' എന്ന ഉറച്ച ശബ്ദത്തില്‍ പറഞ്ഞ് പിണറായി നടന്നു. പിറ്റേന്നു കാലത്തു തന്നെ പണി തുടങ്ങി. ആരും തടസ്സപ്പെടുത്തിയില്ല. 

ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡിങും അവസാനിച്ചു. കേരളം വൈദ്യുതി മിച്ചസംസ്ഥാനമായി മാറി. കായംകുളം താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാക്കിയും വിതരണ ശൃംഖല വ്യാപിപ്പിച്ചും മൊത്തം ഉല്‍പാദനം കൂട്ടിയുമാണ് പിണറായി വൈദ്യുതക്ഷാമത്തില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത്. 

1998 ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തോടെ മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന കാലം. 'വിജയനാവട്ടെ സെക്രട്ടറി' എന്നു പറഞ്ഞ് വി എസ് അച്യുതനാന്ദന്‍ തന്നെയാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പിണറായിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പിന്നീടുള്ള സിപിഎം ചരിത്രം പിണറായിയും വിഎസും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിന്റെ കൂടി ചരിത്രമായി മാറി.

2001 ല്‍ എ കെ ആന്റണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ശക്തനായ പ്രതിപക്ഷ നേതാവായി വി എസ് അച്യുതനാന്ദന്‍ ഉദിച്ചുയര്‍ന്നു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് എ കെ ആന്റണി രാജിവെയ്ക്കുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുകയും ചെയ്തു. വിദ്യുച്ഛക്തി മന്ത്രിയായിരിക്കെ വൈദ്യുതിക്ഷാമം തീര്‍ക്കാന്‍ പിണറായി വിജയന്‍ നടത്തിയ നീക്കങ്ങള്‍ ലാവ്ലിന്‍ കേസായി പരിണമിച്ചു. കാലാവധി തീര്‍ന്ന് സ്ഥാനമൊഴിയും മുമ്പ് ഉമ്മന്‍ ചാണ്ടി കേസ് സിബിഐക്ക് വിട്ടു. 

യുഡിഎഫ് ഗവണ്‍മെന്റിലെ വിജിലന്‍സ് വിശദമായി അന്വേഷിച്ചിട്ടും പിണറായിക്കെതിരെ കേസോ തെളിവോ ഇല്ലെന്നുള്ള റിപ്പോര്‍ട്ട് കൈയിലിരിക്കെയാണ് കേസ് സിബിഐക്ക് വിട്ടതെന്ന കാര്യം ശ്രദ്ധേയമാണ്. യുഡിഎഫ് കേന്ദ്രങ്ങളും മാധ്യമങ്ങളും ലാവ്ലിന്‍ കേസിന്റെ പേരില്‍ പിണറായിയെ വളഞ്ഞുവെച്ച് ആക്രമിച്ചു. പിന്നീട് മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനും ഇതിന്റെ പേരില്‍ പിണറായിയെ കുരുക്കിയിടാന്‍ ആവതു ശ്രമിച്ചു. അവസാനം വിചാരണ ചെയ്യാന്‍ പോലും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ സിബിഐ കോടതി കേസ് തള്ളിയതോടെയാണ് പിണറായിക്ക് ആശ്വാസമായത്. 

അവസാനം പാര്‍ട്ടി ആലപ്പുഴ ജില്ലാ സമ്മേളനം വിഎസിന്റെ ഇറങ്ങിപ്പോക്ക്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാവുന്നതോടെ വീണ്ടും ശക്തി സംഭരിക്കുന്ന വി എസ്. പിണറായിയുടെ രാഷ്ട്രീയ ജീവിതം എപ്പോഴും സംഘര്‍ഷഭരിതമായിരുന്നു, സംഭവബഹുലവും.

എങ്കിലും ലക്ഷ്യത്തിലൂന്നി നിന്നുതന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ട്ടിയിലായാലും ഗവണ്‍മെന്റിലായാലും പിണറായിയുടെ പ്രവര്‍ത്തനത്തിന് ഒരു കനമുണ്ട്. ആളുകളെ കാണിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. എന്തെങ്കിലും ചെയ്താല്‍ അത് മനസ്സില്‍ കുറിച്ചുവെച്ച ലക്ഷ്യത്തിലെത്താന്‍ മാത്രം. പാര്‍ട്ടിയായാലും ഭരണത്തിലായാലും അദ്ദേഹം കൃത്യതയോടെ പ്രവര്‍ത്തിക്കും. പാര്‍ട്ടി സെക്രട്ടറി സ്ഥാനമോ മന്ത്രിസ്ഥാനമോ ഇപ്പോള്‍ കിട്ടിയ മുഖ്യമന്ത്രി സ്ഥാനമോ ഒരിക്കലും പിണറായി അലങ്കാരമായി കൊണ്ടുനടക്കില്ല. 

ഏതു ചുമതല നിര്‍വ്വഹിക്കാനൊരുങ്ങുമ്പോഴും അദ്ദേഹം ഒരു കര്‍മപരിപാടി തയ്യാറാക്കും. അതില്‍ ഏറ്റവും സങ്കീര്‍ണമായ മാനേജ്മെന്റ് തത്വങ്ങളും ഭരണനിര്‍വഹണത്തിന്റെ ശാസ്ത്രവുമുണ്ടാവും. ബിസിനസ് മാനേജ്മെന്റ് പഠിച്ചിട്ടില്ലെങ്കിലും പിണറായിയുടെ ഭരണം ലോകോത്തര നിലവാരമുള്ള ഒരു മാനേജ്മെന്റ് വിദഗ്ദ്ധന്റേതാവും. ആ ഭരണം എങ്ങനെയായിരിക്കും എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. 

പ്രതിപക്ഷ നേതാവായിരുന്ന് നേടിയെടുത്ത വലിയൊരു പ്രതിച്ഛായയുമായാണ് വി എസ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ഉമ്മന്‍ ചാണ്ടിയാകട്ടെ, എപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ജനകീയ നേതാവെന്ന പെരുമയുള്ളയാളും. പിണറായിയുടെ പ്രതിച്ഛായ എപ്പോഴും പാര്‍ട്ടിയുടെ നാലതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നിന്നു. ഇപ്പോഴിതാ കടുത്ത കമ്മ്യൂണിസ്റ്റുകാരനായ പിണറായി അത്രകണ്ടു പ്രതിച്ഛായയൊന്നുമില്ലാതെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. 

ബദ്ധവൈരികളായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും അവരുടെ വസതികളില്‍ പോയി കണ്ട് തുടക്കം കേമമാക്കിയിരിക്കുകയാണ് പിണറായി. കേരളം കാത്തിരിക്കുകയാണ് പിണറായി ഭരണത്തെ.