കണ്ണൂരാണ് പിണറായി വിജയന് എന്ന നിയുക്ത മുഖ്യമന്ത്രിയുടെ രാഷ്ട്രീയക്കളരി. അവിടെയുള്ള ഓരോ ചലനവും അദ്ദേഹത്തിന് അറിയാം. അത് രാഷ്ട്രീയത്തില്‍ മാത്രമല്ല, സാഹിത്യമായാലും സിനിമയായാലും സ്പോര്‍ട്സ് ആയാലും അങ്ങിനെ തന്നെ.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതോടെ തട്ടകം സംസ്ഥാനമാകെ മാറി. എങ്കിലും കണ്ണൂര്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട താവളമാണ്. ഏത് ബഹളത്തിന്റെയും ഒടുവില്‍ വീണ് കിട്ടുന്ന സമയം പിണറായിയിലെ തന്റെ വീട്ടില്‍ എത്താനാണ് അദ്ദേഹം എന്നും കൊതിച്ചിട്ടുള്ളത്. അവിടെ വെച്ച് പിണറായി പാണ്ട്യാലമുക്കിലെ സുഹൃത്തുക്കളായ ഏതാനും പഴയ പാര്‍ട്ടിക്കാരുമായി ചെറിയൊരു വട്ടംപറച്ചിലും പിണറായിയുടെ ശീലങ്ങളിലൊന്നാണ്.
അതൊരു ഓര്‍മ്മ പുതുക്കല്‍ കൂടിയായി പിണറായിക്ക് തോന്നിയിരിക്കണം. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തിലേക്കുള്ള പുതിയ യാത്ര ഈ ഗ്രാമത്തിലെ തെരുവുകളില്‍ നിന്നായിരുന്നു വിജയന് എന്ന മനുഷ്യന്.
എന്നാല്‍ പിണറായിയില്‍ നിന്ന് ക്ലിഫ്ഹൗസിലേക്കുള്ള യാത്ര പിണറായി വിജയന് എന്ന രാഷ്ട്രീയനേതാവിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട പാറപ്രം എന്ന പ്രദേശം പിണറായി എന്ന കൊച്ചുഗ്രാമത്തിന്റെ ഭാഗമാണ്. പിണറായി എന്ന ആ ഗ്രാമത്തെ സ്വന്തം പേരിനൊപ്പം ചേര്‍ത്ത് പതിറ്റാണ്ടുകളായി നടത്തിയ രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ആ യാത്ര ക്ലിഫ്ഹൗസിലെത്തി നില്‍ക്കുന്നത്.
കേരളത്തിലെ പാര്‍ട്ടിയില്‍ എക്കാലത്തെയും വലിയ സംഭവമായിരുന്നു എണ്‍പതുകളിലെ തുടക്കത്തില്‍ വന്ന ബദല്‍രേഖാ വിവാദം. അന്ന് കണ്ണൂരില്‍ സംസ്ഥാന നേതാക്കളായ ഇ കെ നായനാര്‍, പി വി കുഞ്ഞിക്കണ്ണന്, പുത്തലത്ത് നാരായണന്, എം വി രാഘവന് എന്നിവരുടെയൊക്കെ പിന്നിലായിരുന്നു പിണറായി വിജയന്റെ സ്ഥാനം.
എം വി രാഘവന് എന്ന എം വി ആറായിരുന്നു പക്ഷെ കണ്ണൂരില്‍ പാര്‍ട്ടിയുടെ അവസാന വാക്ക്. മികച്ച സംഘാടകനായി എം വി ആര് നിറഞ്ഞു നില്ക്കുന്ന കാലം. ഇ കെ നായനാരുടെ കൂടി അനുഗ്രഹാശിസ്സുകളോടെയായിരുന്നു എം വി ആര് ബദല്‍രേഖയുമായി എത്തിയത്. പക്ഷെ പിന്നീട് നായനാര്‍ ഉള്‍പ്പെടെ പല നേതാക്കളും പാര്‍ട്ടിയോടൊപ്പം നിന്നു. എം വി ആറും പി വി കുഞ്ഞിക്കണ്ണനും ഉള്‍പ്പെടെ കണ്ണൂരിലെ വലിയൊരു നിര പാര്‍ട്ടിക്ക് പുറത്തായി.
കണ്ണൂരായിരുന്നു സിഎംപി എന്ന പുതിയ പാര്‍ട്ടിയുമായി എം വി ആര് അന്ന് പ്രവര്ത്തനകേന്ദ്രമാക്കിയത്. നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എം വി ആറിനൊപ്പം ചേര്‍ന്നപ്പോള്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിന് അത് വലിയ വെല്ലുവിളിയായി. കണ്ണൂരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പിണറായി വിജയനെയായിരുന്നു ആ വെല്ലുവിളി നേരിടാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിയോഗിച്ചത്. ഇഎംഎസിന്റെയും വി എസ് അച്ചുതാനന്ദന്റെയും നായനാരുടെയും പിന്തുണയോടെ അത് ഏറ്റെടുത്ത പിണറായിയുടെ നായക പദവിയിലേക്കുള്ള വളര്‍ച്ച തുടങ്ങുന്നതും ഇവിടെ നിന്നാണ്.
അക്കാലത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനെ എം വി ആറിന്റെ ഒഴിവില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുപോയ നേതൃത്വം പിണറായിയെ ചടയന്‍ പകരക്കാരനായി നിയോഗിച്ചു. പാര്‍ട്ടി അണികള്‍ കൊഴിഞ്ഞുപോകാതെ നോക്കിയും പാര്‍ട്ടി സ്ഥാപനങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തിയും എം വി ആറില്‍ നിന്ന് പലതും തിരിച്ചുപിടിച്ചും പിണറായി തന്റെ നേതൃശേഷിയും സംഘാടകമികവും കാണിച്ചുതുടങ്ങി.
ആ യാത്ര എത്തിയത് സംസ്ഥാന വൈദ്യുതി മന്ത്രി എന്ന പദവിയിലാണ്. പിന്നീട് ചടയന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു പിണറായി അവരോധിക്കപ്പെട്ടത്. അവിടെ പതിനാറ് വര്‍ഷത്തോളം. പാര്‍ട്ടിയിലെ വിഭാഗീയതയെ നേരിട്ട് ഈ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയെയും മുന്നണിയെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തിച്ചതിന്റെ ബുദ്ധികേന്ദ്രം പിണറായി തന്നെ.
ചെറുപ്പം തൊട്ട് അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകളെ നേരിട്ടതിന്റെ കരുത്താണ് പിണറായിയുടെ പോരാട്ടവീര്യത്തിന്റെ കാതല്‍. അത് ഒരു പരിധി വരെ അദ്ദേഹത്തിനെ പരുക്കനുമാക്കിയിരിക്കാം. വല്ലപ്പോഴും മാത്രം വിരിയുന്നതാണ് പിണറായിയുടെ ചിരി. അതാകാം പൊതുവെ ഗൗരവക്കാരനും കര്‍ക്കശക്കാരനുമായി പിണറായി എല്ലായിടത്തും ചിത്രീകരിക്കപ്പെട്ടത്.
മറ്റു നേതാക്കളെ പോലെ ആരോടും അതിരുകളില്ലാതെ ഇടപെടാറുമില്ല. അത് സ്വന്തം പാര്‍ട്ടിക്കാരായാല്‍ പോലും. യാത്രകളിലും അങ്ങിനെതന്നെ. വലിയ ആരവങ്ങളോ അകമ്പടിക്കാരോ ഇല്ല. പലപ്പോഴും ഒറ്റക്കിരുന്ന് വായനയിലായിരിക്കും പിണറായി. ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ സൗഹൃദങ്ങളാകട്ടെ അത്രയേറെ വിപുലവും. സിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖരെല്ലാം പിണറായിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നു.
തലയല്‍പ്പം മുന്നോട്ടാഞ്ഞുള്ള നടത്തമാണ് പിണറായിയുടെ ഒരു രീതി. എന്നും വെള്ള മുണ്ടും ഷര്‍ട്ടും മാത്രം. കേരളത്തിന് പുറത്താണെങ്കില്‍ മാത്രം ചിലപ്പോള്‍ വേഷം മാറിയേക്കാം. എങ്കിലും പൊതുപരിപാടികളില്‍ മിക്കതും തന്റെ പതിവ് വേഷം തന്നെയാണ് പിണറായിയുടെ ശീലം.
വിഭാഗീയത കത്തിക്കാളിയ സമയത്ത് രോഷം കൊണ്ട് തുടുത്ത പിണറായിയുടെ മുഖം കേരളം കണ്ടിട്ടുണ്ട്. അതേ മനുഷ്യന് തന്നെയാണ് ഇപ്പോള്‍ ചിലപ്പോള്‍ സെല്‍ഫിയെടുക്കാന്‍ പോലും നിന്നുകൊടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാകട്ടെ കുട്ടികളോട് കുശലം പറഞ്ഞും പൂക്കള്‍ വാങ്ങിയുമൊക്കെയുള്ള പിണറായിയുടെ രീതികള്‍ ക്യാമറകള്‍ക്കും പുതിയ കാഴ്ചകളായിരുന്നു.
സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിനിടയില്‍ തന്നെ തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് സ്വയം മാറാനും പിണറായി സന്നദ്ധനായിരുന്നു. അത് തന്നെയാണ് പുതിയ കാഴ്ചകളായി കേരളം കാണുന്നതും, ഇനി കാത്തിരിക്കുന്നതും.
തനിക്ക് ഇഷ്ടപ്പെട്ടവരുടെ ഏത് കാര്യത്തിലും കാണിക്കുന്ന ശ്രദ്ധയാണ് പിണറായിയുടെ മറ്റൊരു സവിശേഷത. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് കണ്ണൂര്‍ പള്ളിക്കുന്നില്‍ വന്ന് താമസിച്ചത് മുതല്‍ പിണറായിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അതാകട്ടെ ഏറെയും എഴുത്തിന്റെയും സാംസ്കാരിക രംഗത്തെയും കാര്യങ്ങളിലായിരുന്നു.
ഈയിടെയായി ടി.പത്മനാഭന് വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സഹായഹസ്തമായി എത്തുന്നത് കണ്ണൂരിലെ പാര്‍ട്ടി ഓഫീസിലെ സുനില്‍ എന്ന സഖാവാണ്. വര്‍ഷങ്ങളായി ടി.പത്മനാഭന്റെ അടുത്ത സുഹൃത്തും പ്രധാന യാത്രകളിലെ കൂട്ടുമാണ് സുനില്‍. ആ നിയോഗവും പിണറായിയുടെ സൗഹൃദത്തിന്റെ ഭാഗമാണ്. അതാണ് പിണറായി എന്ന മനുഷ്യനോട് ആളുകളെ അടുപ്പിക്കുന്നത്. അതാകട്ടെ ആദരവോട് കൂടിയുള്ള സൗഹൃദവുമായി മാറുന്നു.