കൊച്ചി: കേരളത്തില്‍ ഭരണമാറ്റത്തിന് പൊതുജനം ബാലറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് മുഖ്യമന്ത്രിയായി കണ്ടെത്തിയിരിക്കുന്നത് പിണറായി വിജയനെയാണ്. ശക്തനായ നേതാവ് എന്ന വിശേഷണത്തിന് ഉടമയായ പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ വിവിധ മേഖലകളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന് നോക്കാം. നിര്‍മ്മാണം, ടൂറിസം എന്നീ മേഖലകളില്‍ എന്തൊക്കെ മാറ്റവും വികസനവുമാണ് അദ്ദേഹം വരുത്തേണ്ടത് എന്ന ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് അതാത് മേഖലകളിലുള്ള ആളുകള്‍.

ബാങ്കിംഗ് മേഖല

വര്‍ഗീസ് വി.ഐ, ചീഫ് ജനറല്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്
വര്‍ഗീസ് വി.ഐ,
ചീഫ് ജനറല്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക് 

ബാങ്കിംഗ് മേഖലയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനാണുള്ളത്, അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം വളരെ ശുഷ്‌കമാണ്. പക്ഷെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ അതിന്റെ നേട്ടം ബാങ്കിംഗ് മേഖലയ്ക്കുമുണ്ടാകും. അടിസ്ഥാനസൗകര്യ വികസനം പുതിയ നിക്ഷേപങ്ങള്‍ എന്നിവ വരുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ ശമ്പളമുള്ള ആളുകള്‍ ഉണ്ടാകുകയും ചെയ്യും. ഇവരെ സാമ്പത്തികമായി സഹായിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. ഇവര്‍ക്ക് വായ്പ കൊടുക്കാനും ഇവരുടെ സേവിംഗ്സ് വര്‍ധിപ്പിക്കാനുമൊക്കെ ബാങ്കുകള്‍ക്ക് ഇടപെടല്‍ നടത്താന്‍ സാധിക്കും. ടൂറിസത്തിനും മറ്റും അനന്തസാധ്യതകളുള്ള സ്ഥലമാണ് കേരളം. ഇവിടെ കൂടുതല്‍ ഹോട്ടല്‍ ശൃംഖലകള്‍ വരികയും പുതിയ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിന്റെ നേട്ടം ഇവിടുത്തെ ബാങ്കുകള്‍ക്കും ലഭിക്കും. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. 

ഐ.ടി. മേഖല

മുഹമ്മദ് നിസാര്‍, സംരംഭകന്‍
മുഹമ്മദ് നിസാര്‍, സംരംഭകന്‍

പിണറായി മുഖ്യമന്ത്രിയാവുമ്പോള്‍ പ്രഥമപരിഗണന ഐ.ടി രംഗത്തെ പശ്ചാത്തല വികസനത്തിനാവുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ എന്ന ദുഷ്‌പേര് പാര്‍ട്ടിക്ക് മാറ്റിയെടുക്കേണ്ടതുണ്ട്. 

നവകേരളമാര്‍ച്ചിനിടെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലൂടെയും പിണറായി ഏറ്റവുമധികം ഉന്നയിച്ച വികസന കാഴ്ച്ചപ്പാട് ഐടി രംഗത്തെ കേരളത്തിന്റെ ഇനിയും ഉപയോഗപ്പെടുത്താത്ത സാധ്യതകളെ കുറിച്ചായിരുന്നു. പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ മടിക്കുന്നതാണ് കേരളത്തില്‍ ഐടി രംഗത്തിന്റെ വളര്‍ച്ചയെ തടയുന്നതെന്ന് നവകേരളമാര്‍ച്ചിനിടെ കോഴിക്കോട് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് നായനാര്‍ സര്‍ക്കാറാണ്, പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥാപിച്ച സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക് എന്നിവ അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് പഴയ കമ്പ്യൂട്ടര്‍ വിരോധികള്‍, വികസനവിരോധികള്‍ ആരോപണങ്ങളെ സിപിഎം ഈ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ഇതിനപ്പുറം വീണ്ടും അധികാരത്തിലേറുമ്പോള്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ഐടി രംഗത്തിനായി എന്ത് ചെയ്യാന്‍ കഴിഞ്ഞു എന്നത് തന്നെയാവും ഭാവിയില്‍ കൗണ്ട് ചെയ്യപ്പെടുക.

ലിബീസ് തോമസ്, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍

ലിബീസ് തോമസ്, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍
ലിബീസ് തോമസ്, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍

കേരളത്തിന്റെ ഐ.ടി മേഖ വിപുലമായ സാധ്യതകള്‍ ഉറങ്ങി കിടക്കുന്ന ഒന്നാണ്. അതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ക്കൊന്നും സാധിച്ചിട്ടില്ല. ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നിവയ്ക്കെല്ലാം ഇനിയും വികസനത്തിന്റെ വലിയ സാധ്യതകളുണ്ട്. പക്ഷെ, അതൊന്നും പ്രയോജനപ്പെടുത്താന്‍ പറ്റുന്ന തരത്തിലുള്ള ദിശാബോധവും ദീര്‍ഘവീക്ഷണവുമുള്ള നേതാക്കള്‍ നമുക്കുണ്ടാകുന്നില്ല. അത്തരത്തിലൊരു നേതാവിനെയും കാഴ്ച്ചപ്പാടിനെയുമാണ് കേരളം ആവശ്യപ്പെടുന്നത്. ഉറങ്ങികിടക്കുന്ന വികസന സാധ്യതകളെ തട്ടിയുണര്‍ത്തി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് നാടിനെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്മാര്‍ട്ട്സിറ്റി അതിന്റെ നിര്‍മ്മാണഘട്ടത്തിലാണുള്ളത്. കുറേക്കാലമായില്ലേ ഇതൊക്കെ മുടങ്ങി കിടക്കുന്നു. ഇത് പൂര്‍ത്തിയാക്കിയാല്‍ തന്നെ വലിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍ തേടി യുവജനങ്ങള്‍ പുറത്തുപോകുന്നത് അവസാനിപ്പിക്കുകയും ചെയ്യാം. 

നിര്‍മ്മാണമേഖല 

ജെ. പോള്‍രാജ്, ക്രെഡായി കൊച്ചി പ്രസിഡന്റ്
ജെ. പോള്‍രാജ്,
ക്രെഡായി കൊച്ചി പ്രസിഡന്റ് 

കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ വേണ്ടത് നിലവിലെ നയങ്ങളിലുള്ള നല്ല സമീപനമാണ്. എഗ്രിമെന്റ് രജിസ്ട്രേഷന്‍, നികുതി ഘടനയിലെ മാറ്റം തുടങ്ങി വ്യവസായസൗഹൃദമായ നല്ല കീഴ്വഴക്കങ്ങള്‍ പുതിയ സര്‍ക്കാരില്‍നിന്ന് ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യവസായ സൗഹൃദമായ നടപടികളുണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത് അതിനോട് ഒത്തുപോകുന്ന വികസന നയങ്ങളാണ്. ഇവിടെ വ്യവസായങ്ങള്‍ കൊണ്ടുനടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. രേഖകള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ലഭിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും ഉണ്ടാകണം. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായതുപോലെ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ക്കും മറ്റുമൊക്കെ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ പറ്റുന്ന നയങ്ങള്‍ കൊണ്ടുവരണം. 

ജി. തുളസീദാസ്, എം.ഡി തുളസി ഡെവലപ്പേഴ്സ്

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് തുടങ്ങി വെച്ച വികസന കാഴ്ച്ചപ്പാടാണ് ഇന്ന് വൈഡ് ഇലക്ട്രിസിറ്റി നെറ്റുവര്‍ക്കില്‍ എത്തിനില്‍ക്കുന്നത്. മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള നന്മയുള്ള വികസനമെന്നാണ് അദ്ദേഹം പ്രചാരണസമയത്ത് പറഞ്ഞത്. അത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തിന്റെ എല്ലാ മേഖലകളിലും വികസനം വരും. കേരളത്തില്‍ വികസനം പരക്കുമ്പോള്‍ നിര്‍മ്മാണ മേഖലയും ഉയരങ്ങള്‍ കീഴടക്കും. ആകമാനവികസിത കേരളം എന്നതാണ് പിണറായി വിജയനില്‍നിന്ന് നിര്‍മ്മാണ മേഖല പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അദ്ദേഹത്തിന് അതിന് സാധിച്ചില്ല. പിണറായി വിജയന്റെ വികസന കാഴ്്ച്ചപ്പാടില്‍ നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന കുതിപ്പിന് കേന്ദ്രത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ അതിന്റെ വികാസം ശരവേഗത്തിലായിരിക്കും. 


മെഡിക്കല്‍ മേഖല

ഡോ. മോഹന്‍ എ. മാത്യു, ചീഫ് ഓഫ് സ്റ്റാഫ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാകണം സര്‍ക്കാരിന്റെ വികസന നയങ്ങള്‍. സംസ്ഥാനത്തിന്റെ മെഡിക്കല്‍ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്യണം. കേരളത്തിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ സര്‍ക്കാര്‍ ആരോഗ്യമേഖലയിലെ മാറ്റം നോക്കിയാല്‍ അത് വളരെ പതുക്കെയാണ് സംഭവിച്ചത് എന്ന് മനസ്സിലാകും. ഈ അടുത്തകാലത്തായി മാത്രമാണ് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനും മറ്റുമുള്ള നീക്കങ്ങള്‍ സര്‍ക്കാരില്‍നിന്ന് ആരംഭിച്ചത്. അതിന്റെ മാറ്റങ്ങള്‍ സമൂഹത്തില്‍ കാണുന്നുമുണ്ട്. ആരോഗ്യമേഖലയുടെ വികസനത്തിന് ഫണ്ട് നല്‍കാത്തതാണ് കാരണം. കേരളത്തിലെ ആരോഗ്യമേഖലിയില്‍ സമഗ്രമാറ്റം കൊണ്ടുവരാന്‍ എല്‍.ഡി.എഫിന് സാധിക്കണം. കാരണം ജനങ്ങള്‍ അവരിലാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. റോഡ് അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് കേരളത്തിലെ ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും സര്‍ക്കാര്‍ സഹായം ലഭ്യാമാകുന്ന തരത്തിലുള്ള സംവിധാനം ഒരുക്കണം. പലര്‍ക്കും നല്ല ചികിത്സ കിട്ടാത്തത് പണമില്ലാത്തത് കൊണ്ടാണ്. സര്‍ക്കാര്‍ സബ്സിഡിയായി ചികിത്സാചെലവ് നല്‍കുകയാണെങ്കില്‍ അതുവഴിയായി ഒരുപാട് ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കും.