കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടലിനേക്കുറിച്ച് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്നണിക്കായി സോഷ്യല്‍ മീഡിയയിലൂടെ ഇടപെട്ട മുഴുവനാളുകളേയും അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലതും മറച്ചു വെക്കാനും വഴി തിരിച്ചു വിടാനും വലതു പക്ഷ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍, ഓരോ വിഷയത്തിന്റെയും വസ്തുതകള്‍ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാന്‍ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയം വരിച്ചില്ല. യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകള്‍ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഉണ്ടായത്. 

സിപി ഐ എം പ്രവര്‍ത്തകരും അനുഭാവികളും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടു വന്നു നേരിന് വേണ്ടി അണിചേരുന്ന അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.