കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുക പിണറായി വിജയന്‍ തന്നെയെന്ന് ഉറപ്പായി. ഇന്നു ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എതിര്‍സ്വരങ്ങളില്ലാതെ തന്നെ പിണറായിയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഏതാണ്ട് മൂന്നില്‍ രണ്ട് വരുന്ന (91/14) വന്‍ഭൂരിപക്ഷത്തോടെയാണ് പിണറായി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.

ലാവലിന്‍ കേസിനെ തുടര്‍ന്ന് ഒന്നര പതിറ്റാണ്ടിലേറെ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് മാറിനിന്ന പിണറായി 36,905 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് അഞ്ചാമൂഴത്തില്‍ നിയമസഭയില്‍ എത്തുന്നത്. മണ്ഡലത്തിലും സംസ്ഥാനത്തും ഉജ്ജ്വല വിജയത്തോടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ പിണറായിക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക പാളയത്തിലെ പട തന്നെയാകും.

പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള വിഭാഗീയത പാര്‍ട്ടിയിലും പുറത്തും രഹസ്യമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് സിപിഎമ്മിന്റെ സംസ്ഥാനത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ അഭിപ്രായ ഭിന്നത നിലനിന്ന കാലഘട്ടങ്ങളിലൊന്നാണ്. 2006ല്‍ വി.എസ്. മുഖ്യമന്ത്രിയും പിണറായതി പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് ഭിന്നത രൂക്ഷമായി. 

സിപിഎമ്മിന്റെ കേഡര്‍ പാര്‍ട്ടി സ്വഭാവവും വി.എസിന്റെ സ്വതന്ത്ര നിലപാടുകളും പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതയുദ്ധമായി മാറി. പലപ്പോഴും ഈ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തു. ഇരുവരെയും സിപിഎം പോളിറ്റ് ബ്യൂറോ ശാസിക്കുന്നതിലേക്കും പുറത്താക്കുന്നതിലേക്കും വരെയെത്തി ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍.

ലാവലിന്‍ കേസില്‍ പിണറായിക്കെതിരായ വി.എസിന്റെ നിലപാട് ഈ ഭിന്നതയ്ക്ക് ആക്കംകൂട്ടി. ഈ തിരഞ്ഞെടുപ്പ് കാലത്തുപോലും ലാവലിന്‍ കേസില്‍ നിലപാടുമാറ്റമില്ലെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത വി.എസിന് പിന്നീട് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ലാവലിന്‍ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ വി.എസ്. ഇനി എന്തു നിലപാടെടുക്കുമെന്നതും പിണറായിക്ക് നിര്‍ണായകമാകും.

ഇത്തവണയും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വി.എസിന്റെ ജനകീയ പ്രതിച്ഛായ ഇടതുമുന്നണിക്ക് തുണയായിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന വി.എസിന്റെ പ്രചാരണ രംഗത്തെ പ്രകടനം ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. സോഷ്യല്‍ മീഡിയയിലും വി.എസ്. തരംഗമുണ്ടാക്കി. ഒടുവില്‍ ഫലം വന്ന് ഇടതുമുന്നണി അധികാരത്തിലേറുമ്പോള്‍ വി.എസ്സോ പിണറായിയോ എന്ന സംശയം പോലുമുയര്‍ത്താതെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സെക്രട്ടറിയേറ്റില്‍ ഇല്ലാത്ത വി.എസിനെ വിളിച്ചുവരുത്തി തീരുമാനമറിയിക്കുകയായിരുന്നു.

പിണറായി മുഖ്യമന്ത്രിയും വി.എസ്. പുറത്തും നില്‍ക്കുമ്പോള്‍, ഒരുപക്ഷേ താരതമ്യേന ദുര്‍ബലരായ പ്രതിപക്ഷത്തേക്കാള്‍ പിണറായിക്ക് ഭരണകാലത്ത് നേരിടേണ്ടിവരിക വി.എസ്സിനെ തന്നെയാകും. തന്റേതായ സവിശേഷ പ്രയോഗങ്ങള്‍ കൊണ്ട് എതിരാളികളെ വീഴ്ത്താനുള്ള വി.എസിന്റെ കഴിവും പ്രശസ്തമാണ്.

സംസ്ഥാനം സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളം കണ്ട മികച്ച വൈദ്യുതി മന്ത്രിയായാണ് പിണറായി വിലയിരുത്തപ്പെടുന്നത്. കേവലം രണ്ടു വര്‍ഷക്കാലം കൊണ്ട് സംസ്ഥാനത്തെ വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയ്ക്ക് അടുത്തുവരെ എത്തിച്ച വൈദ്യൂതി മന്ത്രിയില്‍ നിന്ന് ജനങ്ങളും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

സാമ്പത്തിക പുരോഗതിയ്ക്കായി പുതിയ സര്‍ക്കാരിന് അത്രതന്നെ ജനകീയമല്ലാത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടിവന്നേക്കാം. ഉറച്ച നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന നേതാവാണ് പിണറായി. ഇത്തരം തീരുമാനങ്ങളെ വി.എസ്. ജനകീയമുഖം കൊണ്ട് വി.എസ്. മന്ത്രിസഭയ്‌ക്കെതിരെ തിരിഞ്ഞാല്‍ പിണറായി അതെങ്ങനെ നേരിടുമെന്നതാകും വരുംനാളുകളില്‍ കേരള രാഷ്ട്രീയത്തെ സജീവമാക്കുക.