1933 മെയ് അഞ്ചിന് പാപ്പിനിശ്ശേരി മേലേത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച രാഘവന് പ്രൈമറി വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂ. പാപ്പിനിശ്ശേരി വെസ്റ്റ് യു.പി. സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് നെയ്ത്തുജോലിയില്‍ പ്രവേശിച്ചു. ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവെക്കുന്നത്.

1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി; 16-ാമത്തെ വയസ്സില്‍. പാര്‍ട്ടി നിരോധിച്ചതിനാല്‍ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. എന്നിട്ടും തൊഴിലാളികളെ സംഘടിപ്പിച്ച് പാപ്പിനിശ്ശേരിയില്‍ ഇതേവര്‍ഷം ആദ്യ ബ്രാഞ്ച് രൂപവത്കരിച്ചു; അതിന്റെ സെക്രട്ടറിയായി. യഥാര്‍ഥ പേര് മാറ്റി രമേശന്‍ എന്ന പേരിലായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. 1964 മുതല്‍ 1979 വരെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1970-ല്‍ മാടായി മണ്ഡലത്തില്‍നിന്നു ജയിച്ച് നിയമസഭയിലെത്തി. 1977-ല്‍ തളിപ്പറമ്പ്, 1980-ല്‍ കൂത്തുപറമ്പ്, 1982-ല്‍ പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍നിന്ന് സി.പി.എമ്മില്‍ നിന്ന് വിജയിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. 1986-ല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി.) എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി. രൂപവത്കരണം മുതല്‍ സി.എം.പി.യുടെ ജനറല്‍ സെക്രട്ടറിയാണ്.

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട്ടുനിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജയിച്ചു. 1991-ല്‍ കഴക്കൂട്ടത്തുനിന്ന് വിജയിച്ച് മന്ത്രിയായി. പക്ഷേ, 1996-ല്‍ ആറന്മുളയില്‍ കടമ്മനിട്ട രാമകൃഷ്ണനോട് തോറ്റു. 2001-ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് അവസാനമായി നിയമസഭയിലെത്തിയത്. 2006-ല്‍ പുനലൂരില്‍നിന്നും 2011-ല്‍ നെന്മാറയില്‍നിന്നും പരാജയപ്പെട്ടു. 1991-ലാണ് ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. 2001-ല്‍ തുറമുഖവകുപ്പിന്റെകൂടി ചുമതലയുണ്ടായിരുന്നു. 1964-ലും 1976-ലും പോലീസ് മര്‍ദനത്തിനിരയായി.
നിരവധി സഹകരണസ്ഥാപനങ്ങളുടെ അമരത്തും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ എ.കെ.ജി. സ്മാരക സഹകരണ ആസ്പത്രി, പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി, പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവയുടെ പ്രസിഡന്റായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി ചെയര്‍മാന്‍, പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'നിയമസഭാ പ്രസംഗങ്ങള്‍' എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും, 'ഒരു ജന്മം' എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.