ചില ചിത്രങ്ങള്‍ അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും അതിനു മങ്ങലേല്‍ക്കില്ല. എം.വി.ആര്‍. എന്ന മനുഷ്യന്‍ സ്വയം അങ്ങനെ പല ചിത്രങ്ങളായി ഇപ്പോഴും മനസ്സില്‍ തെളിയുന്നു.

സി.പി.എമ്മിന്റെ പടക്കുതിരയായി എം.വി.രാഘവന്‍ കണ്ണൂരില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മാത്രമാണെങ്കിലും സി.പി.എമ്മിന് കണ്ണൂരില്‍ അദ്ദേഹമാണ് അവസാനവാക്ക്. ഇന്നത്തെ സാക്ഷാല്‍ പിണറായി വിജയന്‍ പോലും എം.വി.ആറിന്റെ നിഴലില്‍ നില്‍ക്കുന്ന കാലം. 'മാടായി മാടനെ'ന്ന് കോണ്‍ഗ്രസ്സുകാര്‍ ആക്ഷേപിച്ചും എതിര്‍ത്തും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ എം.വി.ആര്‍. കത്തിനില്‍ക്കുന്നു. വെളുത്തുതുടുത്ത ഒത്ത ശരീരം. വല്ലപ്പോഴും വിരിയുന്ന ഒരു ചെറുപുഞ്ചിരി. ആറ്റിക്കുറുക്കിയ വാക്കുകള്‍. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് ആവേശക്കടലായിരുന്നു ആ മനുഷ്യന്‍.

സി.പി.എമ്മില്‍ ബദല്‍രേഖയുണ്ടാക്കിയ ഉലച്ചില്‍ ചെറുതൊന്നുമായിരുന്നില്ല. കൂടെയുണ്ടായിരുന്നവര്‍ പലരും മറുകണ്ടം ചാടിയപ്പോഴും എം.വി.ആര്‍. നിലപാട് മാറ്റിയില്ല. സി.പി.എമ്മില്‍നിന്ന് പുറത്തായ രാഘവനെ സ്വീകരിക്കാന്‍ വന്‍ ജനാവലി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നു. അനേകം സി.പി.എം. പ്രവര്‍ത്തകരും കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ അതിജീവനത്തിന്റെ കാലമായിരുന്നു എം.വി.ആറിന്. കൂടെ നിന്നവര്‍ പലരും ആക്രമിക്കപ്പെട്ടു. അതിജീവനവും വേട്ടയാടലുമായി ദിവസങ്ങള്‍ കൊഴിഞ്ഞു. താന്‍ കെട്ടിപ്പൊക്കിയ എ.കെ.ജി. സഹകരണ ആസ്പത്രി സി.പി.എം. പിടിച്ചെടുക്കുന്നതും അദ്ദേഹം നോക്കിനിന്നു. ഒടുവില്‍ തിരഞ്ഞെടുപ്പു കൃത്രിമം സഹിക്കാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആസ്പത്രി വിട്ടിറങ്ങി പ്രകടനമായി നീങ്ങിയ രാഘവനെ തെക്കിബസാറില്‍ വെച്ച് പഴയൊരു സഖാവ് ചെരുപ്പുമാലയണിയിച്ചു. വര്‍ഗശത്രുവിനെ കൂക്കിവിളിയോടെ നഗരത്തിലൂടെ എഴുന്നള്ളിച്ച് യാത്രയാക്കിയ പഴയ സഖാക്കള്‍ എം.വി.ആറിനെതിരായ ആദ്യജയം ശരിക്കുമാഘോഷിച്ചു.

ബദല്‍രേഖയുടെ ആരവം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്കും മടുത്തുതുടങ്ങിയിരിക്കണം. കണ്ണൂര്‍ തെക്കിബസാറിലെ ഒരു കൊച്ചുമുറിയായിരുന്നു സി.എം.പി.യുടെ ആസ്ഥാനം. പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയിലെ എം.വി.ആറിന്റെ കേന്ദ്രം. എന്തിനും തയ്യാറായ കുറെ ചെറുപ്പക്കാരും ഏതാനും നേതാക്കളുമായിരുന്നു കൂട്ട്. പതിവായുള്ള പത്രസമ്മേളനങ്ങള്‍ ഒരുഘട്ടത്തില്‍ പത്രക്കുറിപ്പുകള്‍ക്കു വഴിമാറി. അതുപോലും വേണ്ടവിധം പരിഗണിക്കപ്പെടാതെ സി.എം.പി. നിലനില്‍പ്പിനായി ക്ലേശിക്കുകയായിരുന്നു. പക്ഷേ, യു.ഡി.എഫിനോട് ഇതിനകം എം.വി.ആറും സി.എം.പി.യും അടുത്തുകഴിഞ്ഞിരുന്നു. ഒടുവില്‍ അഗ്‌നിപരീക്ഷയുടെ ദിനങ്ങള്‍ വന്നു. 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ രാഘവന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. പഴയ ശിഷ്യന്‍ ഇ.പി.ജയരാജനെ കീഴടക്കിയപ്പോള്‍ സി.എം.പി.യുടെ ആയുസ്സു കൂടിയാണ് നീട്ടിയെടുത്തത്. അപ്പോഴും രാഘവനുള്ള പാര്‍ട്ടിഭ്രഷ്ടിന് അയവൊന്നും വന്നില്ല. കൊണ്ടും കൊടുത്തമുള്ള എം.വി.ആര്‍.-സി.പി.എം. മല്‍പ്പിടിത്തം തുടര്‍ന്നു. നിയമസഭയില്‍ രാഘവന്‍ കൈയേറ്റത്തിനു വരെ ഇരയായി.

ചിത്രങ്ങള്‍ പക്ഷേ, മാറുന്നത് 1991ല്‍ എം.വി.ആര്‍. സംസ്ഥാനമന്ത്രിയാവുന്നതോടെയാണ്. സഹകരണവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി കെ.കരുണാകരനോട് രാഘവന്‍ ചോദിച്ചുവാങ്ങിയത് കണക്കുകള്‍ പലതും തീര്‍ക്കാനും ചോദിക്കാനും വേണ്ടിയായിരുന്നു. എ.കെ.ജി. സഹകരണ ആസ്പത്രി സി.പി.എമ്മില്‍നിന്ന് രാഘവന്‍ തിരിച്ചുപിടിച്ചു. അന്നവിടെയുണ്ടായ ബഹളത്തിനിടയില്‍ പി.കരുണാകരനും ഇ.പി.ജയരാജനുമൊക്കെ പോലീസിന്റെ അടിയേറ്റു. എല്ലാ ശനിയാഴ്ചകളിലും സഹകരണമന്ത്രി കണ്ണൂരില്‍ ക്യാമ്പുചെയ്തു. ഒട്ടേറെ സഹകരണസ്ഥാപനങ്ങള്‍ വാശിയോടെ രാഘവന്‍ സി.പി.എമ്മില്‍നിന്നു തിരിച്ചുപിടിച്ചു. ചിലവ പിടിച്ചെടുത്തു. ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനവുമായി എം.വി.ആര്‍. രംഗത്തിറങ്ങുന്നത്. സ്വാശ്രയകോളേജ് എന്ന ആശയത്തിനെതിരെ എസ്.എഫ്.ഐ.യുടെ സമരവും കൂത്തുപറമ്പിലെ പോലീസ് വെടിവെപ്പുമൊക്കെ എം.വി.ആറിനെതിരായ പോരാട്ടത്തിന് നൂറിരട്ടി രോഷവും ക്രൗര്യവും കൊണ്ടുവന്നു. 1994 നവംബര്‍ 25-ന് കൂത്തുപറമ്പില്‍ ഒരു ബാങ്ക് ശാഖ ഉദ്ഘാടനത്തിനു പോയ രാഘവനെ തടഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടയിലായിരുന്നു വെടി. അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാടാകെ കലാപം. കണ്ണൂര്‍ കത്തുകയായിരുന്നു. ഏതൊക്കെയോ വഴികളിലൂടെ പോലീസ് അദ്ദേഹത്തെ പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിലെത്തിച്ചു. പ്രതികരണം തേടി അവിടെച്ചെല്ലുമ്പോള്‍ മുണ്ടും ബനിയനും ധരിച്ച് എം.വി.ആര്‍. നില്‍ക്കുന്നു. പാപ്പിനിശ്ശേരിയിലെ തറവാട്ടുവീട് അതിനകം പഴയ സഖാക്കള്‍ ചാരമാക്കിയിരുന്നു. ജീവനെപ്പോലെ കൊണ്ടുനടന്ന സ്‌നേക്ക് പാര്‍ക്കിന് തീയിട്ട വിവരവും പിന്നാലെവന്നു. പാവം മിണ്ടാപ്രാണികള്‍ എന്തു പിഴച്ചു എന്ന ആത്മഗതത്തില്‍ വേദനയും രോഷവും അമര്‍ഷവുമെല്ലാം അദ്ദേഹം ഒളിപ്പിച്ചു. ഒരു ദുരന്തം സൃഷ്ടിച്ച ആഘാതം മുഖത്തു പ്രകടമായിരുന്നു. രാഘവന്റെ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദം നിറഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടു വന്നത്. എങ്ങും പ്രതിഷേധം, നിയമക്കുരുക്കുകള്‍, കേസുകള്‍...അങ്ങനെ പോയി ദിനങ്ങള്‍.

വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ്. ഇടതുമുന്നണി അധികാരത്തില്‍. 1996ല്‍ ആറന്മുളയില്‍ കവി കടമ്മനിട്ടയോടു തോറ്റ രാഘവനു പിന്നെ പീഡനങ്ങളുടെ കൂടി കാലമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍നിന്ന് നിരവധി സി.പി.എം. പ്രവര്‍ത്തകര്‍ ആറന്മുളയിലെത്തി രാഘവനെതിരെ പ്രചാരണം നടത്തിയിരുന്നു; രക്തസാക്ഷികുടുംബങ്ങള്‍ വേറെയും. ആ പ്രചാരണകോലാഹലത്തില്‍ മന്ത്രി രാഘവന് അടിതെറ്റി. ആ വീഴ്ച സി.പി.എം. ആഘോഷിക്കുകതന്നെ ചെയ്തു. സി.പി.എം. കണക്കുചോദിച്ചുതുടങ്ങുകയായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ രാഘവന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തിലുള്ള പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ എ.ആര്‍. ക്യാമ്പില്‍ കൊണ്ടുവന്നു. ക്യാമ്പില്‍വെച്ചു കാണുമ്പോള്‍ അക്ഷോഭ്യനായിരുന്നു അദ്ദേഹം. ''നിയമപരമായി നേരിടും'' - അളന്നുമുറിച്ച വാക്കുകളില്‍ തളരാത്ത പോരാട്ടവീര്യമുണ്ടായിരുന്നു. രാത്രി മുഴുവന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ജാമ്യത്തില്‍ പുറത്തുകടന്നെങ്കിലും കേസുകളുടെ പാരാവാരം തന്നെ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. സി.പി.എമ്മി ന്റെ രോഷവും അടങ്ങിയിരുന്നില്ല. എം.എല്‍.എ. പോലുമല്ലാതെ പിന്നെയും അഞ്ചുവര്‍ഷം. ഇതിനിടയില്‍ രാഘവന്‍ നട്ടുവളര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളേജും ഇടതുസര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. പാമ്പുവളര്‍ത്തുകേന്ദ്രം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും അദ്ദേഹം വിജയകരമായി ചെറുത്തുനിന്നു.

കേസും കൂട്ടവുമായി നടന്നും അതിനിടയില്‍ പാര്‍ട്ടിയെ നയിച്ചും രാഘവന്‍ സംസ്ഥാനത്തെ ാട്ടാകെ തലയുയര്‍ത്തിത്തന്നെ, രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രധാന പ്രചാരകനായി നിന്നു. അങ്ങനെ 2001ലെ തിരഞ്ഞെടുപ്പായി. രാഘവന്‍ തിരുവനന്തപുരം വെസ്റ്റിലേക്കു മാറി. ഇത്തവണ ജയം. യു.ഡി.എഫും ഭരണം പിടിച്ചു. എ.കെ.ജി. ആസ്പത്രി ഒഴിവാക്കിയെങ്കിലും പരിയാരം വീണ്ടും രാഘവന്‍ പിടിച്ചെടുത്തു. കേസുകളില്‍നിന്നൊക്കെ കുറെ മോചിതനായ അദ്ദേഹം പക്ഷെ, ഇത്തവണ കുറെക്കൂടി ഇരുത്തംവന്നതുപോലെയായിരുന്നു. സി.പി.എമ്മും ഏറെ മാറി. ഒരുകാലത്ത് രാഘവനെ വേട്ടയാടിയവര്‍ ഇത്തവണ മന്ത്രി രാഘവനെ ചടങ്ങുകള്‍ക്ക് ക്ഷണിച്ചുതുടങ്ങി. സി.പി.എമ്മും രാഘവനും തമ്മിലുള്ള ഗുസ്തി അവസാനിക്കുന്നത് കണ്ണൂര്‍ രാഷ്ട്രീയത്തിലെയും വലിയ സംഭവമാവുകയായിരുന്നു. പരിയാരത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും കാര്യമായി ഇടപെട്ടില്ല. ഭരണത്തിന്റെ മറവില്‍ സി.എം.പി.യും അല്പം പച്ചപിടിച്ചു.

പക്ഷേ, 2006ല്‍ സി.എം.പി.ക്കും രാഘവനും കഷ്ടകാലമായി. അദ്ദേഹം തോറ്റു. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍. പരിയാരം പൂ പറിച്ചെടുക്കുംപോലെ സി.പി.എം. കൈയിലൊതുക്കി. പോലീസ് സ്റ്റേഷനു മുന്നില്‍ രാഘവനും കെ.സുധാകരനുമൊക്കെ നിരാഹാരമിരുന്നെങ്കിലും ഫലമുണ്ടായില്ല. നിയമപോരാട്ടങ്ങളിലും ജയിച്ചില്ല. രാഘവനതൊരു ഷോക്കായി. അപ്പോഴേക്കും ആരോഗ്യപരമായി അദ്ദേഹം വല്ലാതെ അവശനായിത്തുടങ്ങിയിരുന്നു. ആ അവശത സി.എം.പി.യെയും ബാധിച്ചു. യു.ഡി.എഫിലും സി.എം.പി. ക്ഷീണിച്ചുതുടങ്ങി. 2011ല്‍ നെന്മാറയാണ് രാഘവന്മത്സരിക്കാന്‍ കിട്ടിയത്. അവശത കണക്കാക്കാതെ നടത്തിയ പോരാട്ടം പക്ഷേ, വിഫലമായി. പതുക്കെ രാഘവന്‍ യു.ഡി.എഫ്. സംവിധാനത്തിന്റെ വിമര്‍ശകനായിത്തുടങ്ങി. വേണ്ടത്ര പരിഗണന യു.ഡി.എഫ്. നേതൃത്വം നല്‍കാത്തതും അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് പഴയ സ്‌നേഹം കാണിച്ചതേയില്ല. എം.വി.ആറിന്റെ വിമര്‍ശനങ്ങള്‍ പോലും ആരും ഗൗരവത്തിലെടുക്കാത്തതുപോലെ തോന്നി പിന്നീടുള്ള പ്രതികരണങ്ങള്‍. രാഘവനു പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പദവി താത്കാലികമായി ഏറ്റെടുത്ത പാട്യം രാജനും വേണ്ടത്ര ശോഭിക്കാനായില്ല. സി.എം.പി.യുടെ ഭാവിയെന്തെന്നുപോലും അടക്കിപ്പിടിച്ച സംസാരമുയര്‍ന്നുതുടങ്ങി. പൊരുതിയുണ്ടാക്കിയ പാര്‍ട്ടി ഇനിയെന്താവുമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. തന്റെ പാര്‍ട്ടിയില്‍ ഭിന്നതയുടെ സ്വരങ്ങള്‍ ഉയര്‍ന്നത് കേള്‍ക്കാന്‍ പോലും ആകാതെയാണ് എം.വി.ആര്‍. കടന്നുപോകുന്നത്.

സി.പി.എമ്മിലായിരുന്നപ്പോഴും പുറത്തുപോയപ്പോഴും അവശനായപ്പോഴുമൊക്കെ രാഘവന്‍ അടുത്തറിയുന്ന എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. പ്രവര്‍ത്തകരുമായി അത്രയേറെ ആത്മബന്ധം സൂക്ഷിച്ചു അദ്ദേഹം. ഏതു പാതിരാവിലും പ്രവര്‍ത്തകരുടെ പ്രയാസങ്ങളറിഞ്ഞാല്‍ അദ്ദേഹം എത്തുമായിരുന്നു. പരിചയക്കാര്‍ക്കും അത്തരം നൂറായിരം അനുഭവങ്ങള്‍ പറയാനുണ്ടാവും. ആരോഗ്യമനുവദിച്ചപ്പോഴൊക്കെ, എന്നും അദ്ദേഹം കണ്ണൂരിലുണ്ടെങ്കില്‍, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ പോകും. ജീവിതത്തിന്റെ ഭാഗമായിരുന്നു ആ സ്ഥാപനം അദ്ദേഹത്തിന്.

സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകനായി മാറിയ രാഘവന്‍ ആ പാര്‍ട്ടിയില്‍ത്തന്നെ ആയിരുന്നെങ്കില്‍ എന്തൊക്കെയാവുമായിരുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം സി.പി.എം. വിട്ടിറങ്ങി വന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കും അനേകം നേതാക്കള്‍ക്കും കൂടി പ്രസക്തമാണ് ഈ ചോദ്യം. എന്തൊക്കെ പീഡനങ്ങള്‍ അവര്‍ സഹിച്ചു! പക്ഷേ, അപ്പോഴൊക്കെ രാഘവന്റെ സാമീപ്യവും സ്‌നേഹവുമായിരുന്നു അവരുടെ ധൈര്യം.

ഒരിക്കല്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സ്വന്തം കൈയിലെ വാച്ച് ഒരു പ്രവര്‍ത്തകന് ഊരിക്കൊടുത്തു അദ്ദേഹം. സി.എം.പി. അധികാരത്തിലെത്തിയപ്പോഴൊക്കെ, ആദ്യകാലത്ത് തന്നോടൊപ്പം ഇറങ്ങിത്തിരിച്ചവരെയെല്ലാം രാഘവന്‍ എവിടെയെങ്കിലുമായി ഇരുത്തി. ആ ജൈവബന്ധമാണ് സി.എം.പി.യുടെ കരുത്ത്. ആ കരുത്താണ് ചോര്‍ന്നുപോകുന്നതും. രാജകീയപ്രഭാവമുള്ള പാര്‍ട്ടിയില്‍ അതിലും വലിയ പ്രഭാവത്തോടെയിരുന്ന നേതാവായിരുന്നു എം.വി.രാഘവന്‍. പിന്നീട് സ്വന്തം പാര്‍ട്ടിയുമായി നടക്കുമ്പോള്‍ ഇടയ്ക്ക് പത്രക്കുറിപ്പ് വെളിച്ചം കാണാന്‍ പോലും അദ്ദേഹം ക്ലേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ നാടിന്റെ വികസനവും വലിയ വേദനയായി അദ്ദേഹം കൊണ്ടുനടന്നു.

അഴീക്കല്‍ തുറമുഖമായിരുന്നു അതില്‍ പ്രധാനം. പരിയാരം മെഡിക്കല്‍ കോളേജാകട്ടെ ആ വേദനയുടെ ജീവിക്കുന്ന സാക്ഷ്യവും. പരിയാരം ഉദ്ഘാടനസമയത്ത് സി.പി.എം. ഉയര്‍ത്തിയ പ്രതിഷേധത്തെ മറികടക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനൊപ്പം ചേര്‍ന്ന്, ഉദ്ഘാടകനായ കേന്ദ്രമന്ത്രി എ.ആര്‍.ആന്തുലെയെ ഹെലികോപ്റ്ററില്‍ എത്തിച്ച ആസൂത്രകനായിരുന്നു രാഘവന്‍.