കണ്ണൂര്‍: കണ്ണൂരിന്റെ കമ്യൂണിസ്റ്റ് വീര്യത്തിന് എം.വി.രാഘവന്‍ നല്‍കിയ കരുത്ത് ചെറുതൊന്നുമല്ല. ആദ്യം പോരടിച്ച് വളര്‍ത്തിയതിന്റെയും പിന്നീട് പൊരുതിനിന്ന് അതിജീവിച്ചതിന്റെയും കഥയാണ് സി.പി.എം. എം.വി.രാഘവനെന്ന നേതാവിനു സമ്മാനിച്ചത്. എന്നാല്‍, പാര്‍ട്ടിയെ പിരിഞ്ഞ് സ്വന്തം വഴിയിലൂടെ ഒറ്റയ്ക്കു നടന്നപ്പോഴും എ.കെ.ജി.യെ എം.വി.ആര്‍. മനസ്സില്‍ ചേര്‍ത്തുവെച്ചു. തനിക്ക് കരുത്തുപകര്‍ന്നതും ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയാവണമെന്നു പഠിപ്പിച്ചതും എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും ജീവിതമാണെന്ന് പിന്നീട് പലതവണ എം.വി.ആര്‍. പരസ്യമായി പറഞ്ഞിട്ടുണ്ട്.

പാപ്പിനിശ്ശേരിയിലെ ആറോണ്‍ കമ്പനിക്കു മുമ്പില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രാഘവന്റെ നേതൃത്വത്തില്‍ 16 കുട്ടികള്‍ ജാഥനടത്തി. എ.കെ.ജി.യും പി.കൃഷ്ണപിള്ളയുമായിരുന്നു തൊഴിലാളിസമരത്തിനു നേതൃത്വം നല്‍കിയത്. അന്നവര്‍ എം.വി.രാഘവനെ ചേര്‍ത്തുപിടിച്ചു. ആ തലോടലാണ് രാഘവനെന്ന പയ്യന്റെ സഖാവിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം. പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

ബദല്‍രേഖയുടെ പേരില്‍ ആദ്യം സസ്‌പെന്‍ഷനും പിന്നീട് പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കലുമുണ്ടായപ്പോള്‍ എ.കെ.ജി. ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. 1957-ല്‍ ജയസാധ്യതയില്ലാത്ത കാസര്‍കോട് മണ്ഡലത്തില്‍നിന്ന് എ.കെ.ജി. ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ''വിജയത്തിനു കാരണം പാര്‍ട്ടിയുടെ കരുത്തായിരുന്നില്ല, എ.കെ.ജി.യുടെ വ്യക്തിപ്രഭാവമായിരുന്നു'' എന്നാണ് എം.വി.രാഘവന്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിതനയം രാഘവന്‍ അന്നേ എ.കെ.ജി.യുടെ കാര്യത്തില്‍ തെറ്റിച്ചിരുന്നു.

എം.വി.ആറിന്റെ കരുത്ത് എ.കെ.ജി.യും തിരിച്ചറിഞ്ഞിരുന്നു. ഒരിക്കല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് എം.വി.ആര്‍. വരാതിരിക്കാന്‍ ചരടുവലിനടന്നു. സി.എച്ച്.കണാരന്റെ പിന്തുണയോടെയായിരുന്നു ഇതെന്നാണ് പിന്നീട് എം.വി.ആര്‍. പറഞ്ഞത്. മത്സരമുറപ്പായപ്പോള്‍ എ.കെ.ജി. ഇടപെട്ടു. രാഘവനെ മാറ്റരുതെന്ന് സി.എച്ചിനോടു പറഞ്ഞു. എ.കെ.ജി.യുടെ വാക്കുകള്‍ക്കു മുമ്പില്‍ സി.എച്ച്. വഴങ്ങി. എന്നിട്ടും, മത്സരം നടക്കുകയും എ.വി.കുഞ്ഞമ്പു സെക്രട്ടറിയാവുകയും ചെയ്തുവെന്നത് മറ്റൊരുകാര്യം.

പാര്‍ട്ടിബന്ധത്തിനപ്പുറം എ.കെ.ജി. രാഘവനുമായി അടുപ്പംകാണിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ക്കഴിയുന്ന എം.വി.രാഘവന് എ.കെ.ജി. എഴുതിയ കത്തുകളില്‍ ഈ സ്‌നേഹം കാണാം. 'പ്രിയപ്പെട്ട എം.വി.ആര്‍.' എന്നായിരുന്നു മിക്കവാറും കത്തിന്റെ തുടക്കം. സഖാവേ എന്ന പതിവ് അഭിസംബോധനയ്ക്കു പകരം അടുപ്പം പ്രകടമാക്കുന്ന വിളി. എ.കെ.ജി.യുടെ മരണം രാഘവനെ വല്ലാതെ ഉലച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി കണ്ണൂരിലെ പെരളശ്ശേരി മാവിലായിലെ ആയില്യത്ത് കുറ്റ്യേരി തറവാട്ടില്‍ ചിതയൊരുക്കുംവരെ അദ്ദേഹം കൂടെനിന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ത്യാഗസുരഭിലമായ ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് ഇതിനെ രാഘവന്‍ വിശേഷിപ്പിച്ചത്.

സി.പി.എമ്മിനെ കണ്ണൂരില്‍ പൊരുതാന്‍ പഠിപ്പിച്ചതു രാഘവനായിരുന്നു. അടിക്ക് അടി എന്ന തന്ത്രം പയറ്റിയും വോളന്റിയര്‍ സേന കെട്ടിപ്പടുത്തും അദ്ദേഹം പാര്‍ട്ടിക്ക് ഉരുക്കുകോട്ടകളുണ്ടാക്കി. സി.പി.എമ്മിന് യുവജനവിഭാഗവും മഹിളാവിഭാഗവും സ്വന്തം തട്ടകത്തില്‍നിന്ന് അദ്ദേഹം രൂപപ്പെടുത്തി. ഭിന്നാഭിപ്രായചര്‍ച്ചയും ബദല്‍രേഖയുമൊക്കെയായി പാര്‍ട്ടിയിലെ ആഭ്യന്തരതര്‍ക്കം ഈ നേതാവിന്റെ ഇറക്കത്തിനിടയാക്കി. 1986 ജനവരി 13-ന് സി.പി.എം. സംസ്ഥാനകമ്മിറ്റി എം.വി.ആറിനെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. തകര്‍ന്ന മനസ്സുമായാണ് അന്ന് എ.കെ.ജി. സെന്ററില്‍നിന്ന് എം.എല്‍.എ. ഹോസ്റ്റലിലേക്കു നടന്നതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

തര്‍ക്കങ്ങള്‍തീര്‍ത്ത് രാഘവനെ പാര്‍ട്ടിയുടെകൂടെനിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നു. അങ്ങനെ, കര്‍ഷകത്തൊഴിലാളിനേതാവും മുന്‍ എം.എല്‍.എ.യുമായിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് രാഘവന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍വെച്ച് ഇ.എം.എസ്സിനെ കണ്ടു. തെറ്റുസംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് ഏറ്റുപറഞ്ഞു. എന്നാല്‍, ''എന്നോടൊന്നും പറയേണ്ട'' എന്നായിരുന്നുവത്രേ ഇ.എം.എസ്സിന്റെ മറുപടി. ഗസ്റ്റ് ഹൗസിന്റെ വാതില്‍കടക്കുമ്പോള്‍ എ.കെ.ജി. ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയതായി അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു കേഡര്‍ക്കു പിഴച്ചാല്‍, തെറ്റുതിരുത്തി പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് എ.കെ.ജി. ശ്രമിക്കുകയെന്ന് അദ്ദേഹം മരിച്ച് ഒമ്പതു വര്‍ഷത്തിനുശേഷവും എം.വി.ആറിനു തോന്നി. കാരണം, അദ്ദേഹത്തിന്റെ മനസ്സില്‍ എ.കെ.ജി.യോളം ഉറച്ച മറ്റൊരു നേതാവുണ്ടായിരുന്നില്ല.