1968-69 കാലത്തെ നക്‌സല്‍ ഭീഷണിക്കുശേഷം കേരളത്തില്‍ സി.പി.എം. അഭിമുഖീകരിച്ച ഏറ്റവും വലിയ ആഭ്യന്തരഭീഷണി എം.വി.രാഘവന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ 'ബദല്‍രേഖ'യായിരുന്നു.

ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തസ്സത്തയെ ചോദ്യംചെയ്തുകൊണ്ട്, കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെന്നും അതിനാല്‍ കേരളത്തില്‍ മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍രേഖ. 1985 ഡിസംബര്‍ 25 മുതല്‍ 29 വരെ കൊല്‍ക്കത്തയില്‍ നടന്ന പന്ത്രണ്ടാം കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബദല്‍രേഖ തയ്യാറാക്കിയതും അതിനനുകൂലമായി സമ്മേളന പ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും.

സി.പി.എമ്മിന്റെ അംഗീകൃതനയത്തെ ചോദ്യംചെയ്യുന്ന തരത്തില്‍ തയ്യാറാക്കിയ ബദല്‍രേഖയില്‍ ഒപ്പിട്ടവര്‍ എം.വി.രാഘവന്‍ ഉള്‍പ്പെടെ ഒമ്പതു പേരായിരുന്നു. പി.വി.കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി.ശിവദാസ മേനോന്‍, വി.വി.ദക്ഷിണാമൂര്‍ത്തി, സി.കെ.ചക്രപാണി, സി.പി.മൂസാന്‍കുട്ടി, ഇ.കെ.ഇമ്പിച്ചിബാവ, പാട്യം രാജന്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവരില്‍ എം.വി.ആര്‍., പി.വി.കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും മറ്റുള്ളവര്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളും.

പാര്‍ട്ടിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി ബദല്‍രേഖ തയ്യാറാക്കുന്നതിന് രാഘവന് എല്ലാ സഹായങ്ങളും ഒത്താശയും ചെയ്തുകൊടുത്ത ഇ.കെ.നായനാര്‍ പക്ഷേ, രേഖയില്‍ ഒപ്പുവെച്ചിരുന്നില്ല. നായനാര്‍ കേന്ദ്രകമ്മിറ്റിയംഗമായതാണ് കാരണം.

പന്ത്രണ്ടാം കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി കൊച്ചിയില്‍ നടന്ന സംസ്ഥാനസമ്മേളനം ബദല്‍രേഖ തള്ളി. വി.എസ്.അച്യുതാനന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. പല സംഘടനാനടപടികള്‍ക്കൊടുവില്‍ എം.വി.ആര്‍. 1986 ജൂണ്‍ 23ന് സി.പി.എമ്മില്‍നിന്ന് പുറത്തായി. പാര്‍ട്ടിനടപടിക്ക് വിധേയനായ പി.വി.കുഞ്ഞിക്കണ്ണന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. പുത്തലത്ത് നാരായണനും നടപടിക്ക് വിധേയരായ മിക്കവാറും പേരും പാര്‍ട്ടിക്ക് വിധേയരായി. എം.വി.ആര്‍. പാര്‍ട്ടിയില്‍നിന്നു പുറത്തായി ഒരുമാസത്തിനുശേഷം 1986 ജൂലായ് 27ന് തൃശ്ശൂരില്‍ സി.എം.പി. എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി.

എന്നാല്‍ കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെന്നും കോണ്‍ഗ്രസ്സിനെതിരെ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ്സുമായും സഖ്യമുണ്ടാക്കണമെന്നും വാദിച്ച രാഘവന്‍ 1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫുമായി സഖ്യമുണ്ടാക്കി. മാത്രമല്ല, അതുവരെയുള്ള തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം 'മുഖ്യശത്രു' വായി കണക്കാക്കിയ കെ.കരുണാകരന്റെ രാഷ്ട്രീയനേതൃത്വം അംഗീകരിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നായിരുന്നു ഇത്. എം.വി.ആറിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നതായി കണക്കാക്കിയ 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം യു.ഡി.എഫ്. സഹായത്തോടെ അഴീക്കോട് മണ്ഡലത്തില്‍ നിന്നു കഷ്ടിച്ച് ജയിച്ചെങ്കിലും ഒറ്റയ്ക്കുമത്സരിച്ച 82 സി.എം.പി. സ്ഥാനാര്‍ഥികള്‍ക്ക് ജാമ്യസംഖ്യ കിട്ടിയില്ല. വാസ്തവത്തില്‍ രാഘവന്‍ ഉയര്‍ത്തിയ ഭീഷണിക്കെതിരെ സംഘടനാതലത്തില്‍ സി.പി.എം. നടത്തിയ അതിശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വിജയത്തിലെത്തിച്ചിരുന്നത്.

നിയമസഭയ്ക്കകത്തും പുറത്തും തനിക്കെതിരെ 'സംഹാര ആയുധ'മായി സി.പി.എം. ഉപയോഗിച്ച എം.വി.രാഘവനെ കെ.കരുണാകരന്‍ പിന്നീട് സി.പി.എമ്മിനെതിരെ ഫലപ്രദമായ ആയുധമാക്കി മാറ്റി.

സി.പി.എം. ഉയര്‍ത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ എതിര്‍പ്പുകളെ അവഗണിച്ച് പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ എം.വി.ആറിന് സാധിച്ചത് കെ.കരുണാകരന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നല്‍കിയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്.

തുടര്‍ന്നിങ്ങോട്ടുള്ള കാല്‍നൂറ്റാണ്ടിനിടയില്‍ ലീഡറും എം.വി.ആറും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലും ഉണ്ടായിട്ടില്ല. സി.എം.പി. എന്ന രാഷ്ട്രീയപാര്‍ട്ടി കാര്യമായ ജനപിന്തുണയൊന്നുമില്ലാത്തതാണെന്ന് 1987ലെ നിയമസഭാതിരഞ്ഞെടുപ്പ് തന്നെ തെളിയിച്ചെങ്കിലും രാഘവന്റെ സംഘാടക മിടുക്കും വാക്ചാതുരിയും യു.ഡി.എഫ്. നന്നായി സി.പി.എമ്മിനെതിരായി ഉപയോഗിച്ചു. കാല്‍നൂറ്റാണ്ടുകാലം യു.ഡി.എഫിന്റെ ഏറ്റവും വലിയ പ്രചാരകനും എം.വി.ആറായിരുന്നു.

ഒന്നര പതിറ്റാണ്ടോളം കണ്ണൂരിലെ സി.പി.എമ്മിന്റെ അവസാനവാക്കായിരുന്നു രാഘവന്‍. ആ വടവൃക്ഷച്ചുവട്ടില്‍ മറ്റു മരങ്ങള്‍ക്കൊന്നും കാര്യമായി വളരാന്‍ സാധിച്ചില്ല. കേരള രാഷ്ട്രീയത്തിലെ മറ്റൊരു അതികായനായിരുന്ന ബേബിജോണിനുണ്ടായ ദുര്‍ഗതി തന്നെ ജീവിതസായാഹ്നത്തില്‍ എം.വി.ആറിനും നേരിടേണ്ടിവന്നു.

ശാരീരികമായി എം.വി.ആര്‍. ക്ഷീണിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നേതൃവടംവലി തുടങ്ങി. രണ്ടാം നിരക്കാരായ സി.പി.ജോണും കെ.ആര്‍.അരവിന്ദാക്ഷനും രണ്ടുപക്ഷത്തായി. അരവിന്ദാക്ഷനും പാട്യം രാജനും മറ്റും സി.പി.എമ്മിന്റെ അടുത്ത തോഴരായി. കുടുംബാംഗങ്ങള്‍പോലും രണ്ടുപക്ഷത്തായി.