കണ്ണൂര്‍: കേരളരാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന എം.വി.രാഘവന്‍ (81) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏഴുതവണ നിയമസഭാംഗവും രണ്ടുതവണ സഹകരണവകുപ്പുമന്ത്രിയുമായിരുന്നു. സി.എം.പി. ജനറല്‍ സെക്രട്ടറിയാണ്.

സി.പി.എമ്മിന്റെ യുവനേതാവായി തുടങ്ങി, ബദല്‍രേഖയുണ്ടാക്കാന്‍മാത്രം ശക്തനായി വളരുകയും അതിന്റെപേരില്‍ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അടങ്ങിയിരിക്കാതെ സി.എം.പി. എന്ന പാര്‍ട്ടി രൂപവത്കരിച്ച് പാര്‍ട്ടിക്കെതിരെ ശക്തമായി തിരിച്ചടിക്കുകയും ചെയ്ത പോരാളിയുടെ അന്ത്യം പോരാട്ടവീഥിയില്‍ പടുത്തുയര്‍ത്തിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലായിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് ഔദ്യോഗികബഹുമതിയോടെ പയ്യാമ്പലത്ത് നടക്കും.

ശനിയാഴ്ച രാവിലെ രോഗം കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി. സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 9.10ന് മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറിലും മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചശേഷമായിരിക്കും സംസ്‌കാരം.പോരാളിയെന്നതിനൊപ്പം കേരളത്തിന്റെ വികസനത്തില്‍ ദീര്‍ഘവീക്ഷണമുള്ള നേതാവുകൂടിയായിരുന്നു എം.വി.ആര്‍. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വികസനരംഗത്ത് കാലൂന്നിയ അദ്ദേഹം, രാജ്യത്ത് സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ് പരിയാരത്ത് പടുത്തുയര്‍ത്തി. രാഷ്ട്രീയഗുരുവായ എ.കെ.ജി.യുടെ പേരില്‍ കണ്ണൂരില്‍ സഹകരണാസ്പത്രിയും തുടങ്ങി.

കേരളത്തിന്റെ സഹകരണമേഖലയെ ശക്തമാക്കിയ ഒട്ടേറെ പദ്ധതികളുടെ നായകനായി. ബേപ്പൂര്‍, അഴീക്കല്‍ തുറമുഖപദ്ധതികള്‍ക്കും തുടക്കമിട്ടു. പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രം, ആയുര്‍വേദ കോളേജ് എന്നിവയുടെ സ്ഥാപകനാണ്.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ നേരിടേണ്ടിവന്ന പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഒടുവിലത് ശാരീരികാസ്വാസ്ഥ്യത്തിലേക്കും വഴിമാറി. താന്‍ വളര്‍ത്തിയ സ്ഥാപനങ്ങളുടെയും പാര്‍ട്ടിയുടെയും പേരില്‍ വേണ്ടപ്പെട്ടവര്‍പോലും വഴക്കിടുന്നതറിയാതെ മറവിരോഗത്തിന്റെ പിടിയിലമര്‍ന്നിരിക്കെയാണ് മരണം.

സി.വി.ജാനകിയാണ് ഭാര്യ. എം.വി.ഗിരീഷ്‌കുമാര്‍ (പി.ടി.ഐ, മംഗലാപുരം), എം.വി.രാജേഷ് (വോഡഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം.വി.നികേഷ്‌കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടര്‍), എം.വി.ഗിരിജ (കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: പ്രൊഫ. ഇ.കുഞ്ഞിരാമന്‍(പാപ്പിനിശ്ശേരി ആയുര്‍വേദ കോളേജ് കറസ്‌പോണ്ടന്റ്), ജ്യോതി(പി.ആര്‍.ഒ., പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ, റാണി നികേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍). ഏകസഹോദരി: ലക്ഷ്മിക്കുട്ടി.